ബുർക്കിനാ ഫാസോയിലെ ആൾക്കൂട്ട കൊലപാതകങ്ങളിൽ അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്ര സഭ

കുട്ടികൾ ഉൾപ്പെടെ ഡസൻ കണക്കിന് ആളുകളുടെ മരണത്തിനിടയാക്കിയ ബുർക്കിനാ ഫാസോയിൽ ഈ മാസം നടന്ന കൂട്ടക്കൊലകളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് ഐക്യരാഷ്ട്രസഭ ബുധനാഴ്ച ആവശ്യപ്പെട്ടു. നവംബർ 5 ന് രാജ്യത്തിന്റെ മധ്യ-വടക്കു ഭാഗത്തുള്ള സോംഗോ പട്ടണത്തിൽ നടന്ന ആക്രമണത്തിൽ 70 ലധികം പേർ കൊല്ലപ്പെട്ടതായും അവരിൽ ഭൂരിഭാഗവും കുട്ടികളും പ്രായമായവരുമായിരുന്നു എന്നും ബുർക്കിന ഫാസോയുടെ സ്റ്റേറ്റ് പ്രോസിക്യൂട്ടർ പറഞ്ഞു.

പശ്ചിമാഫ്രിക്കൻ രാജ്യത്ത് നടക്കുന്ന കൂട്ടക്കൊലകളുടെ ഭയാനകമായ റിപ്പോർട്ടുകൾ പിന്തുടരുകയാണെന്ന് യുഎൻ മനുഷ്യാവകാശ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

“ഈ ഗുരുതരമായ റിപ്പോർട്ടുകളിൽ സമഗ്രവും സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം ഉടനടി നടത്താൻ ഞങ്ങൾ അധികാരികളോട് ആവശ്യപ്പെടുന്നു,” വക്താവ് ലിസ് ത്രോസൽ പ്രസ്താവനയിൽ പറഞ്ഞു.

കുറഞ്ഞത് 70 മരണങ്ങളെങ്കിലും അധികാരികൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് 100-ഓളം പേർ കൊല്ലപ്പെടുകയും വലിയൊരു വിഭാഗം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടാകാം എന്നും അവർ ചൂണ്ടിക്കാട്ടി.
നിരവധി സ്വത്തുവകകള്‍ കത്തിച്ച ഈ സംഭവം ഗ്രാമവാസികളെ പ്രദേശത്തുനിന്ന് പലായനം ചെയ്യാൻ പ്രേരിപ്പിച്ചതായും റിപ്പോർട്ടുണ്ട്, അവർ പറഞ്ഞു.

സേവ് ദി ചിൽഡ്രൻ എയ്ഡ് ഗ്രൂപ്പും കൊലപാതകങ്ങളെക്കുറിച്ച് ഉടൻ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. ബുർക്കിന ഫാസോയിലെ സംഘർഷത്തിന്റെയും അരക്ഷിതാവസ്ഥയുടെയും ആഘാതം കുട്ടികൾ വഹിക്കുന്നുവെന്നതിന്റെ ഗുരുതരമായ ഓർമ്മപ്പെടുത്തലാണ് ഈ സംഭവമെന്ന് ബുർക്കിന ഫാസോയിലെ സേവ് ദി ചിൽഡ്രൻസ് ഡയറക്ടർ ബെനോയിറ്റ് ഡെൽസാർട്ടെ പറഞ്ഞു.

കുട്ടികൾക്കെതിരായ ഈ കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവരെ എത്രയും പെട്ടെന്ന് പിടികൂടുകയും നിയമത്തിന് മുന്നിൽ കൊണ്ടുവരുകയും വേണം. കുട്ടികളുടെ അവകാശ ലംഘനങ്ങൾക്കുള്ള ശിക്ഷാവിധി ഈ കുറ്റകൃത്യങ്ങൾ ചെയ്തവര്‍ക്ക് ഒരു മാതൃകയാകണമെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

2015-ൽ അയൽരാജ്യമായ മാലിയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ജിഹാദി കലാപത്തോട് രാജ്യം പോരാടുകയാണ്. ഈ കലാപം 17,000-ത്തിലധികം സാധാരണക്കാരെയും സൈനികരെയും കൊല്ലുകയും രണ്ട് ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.

2022 സെപ്റ്റംബറിലെ അട്ടിമറിക്ക് ശേഷം നിലവിൽ വന്ന ഒരു പരിവർത്തന ഗവൺമെന്റാണ് ബുർക്കിന ഫാസോ ഭരിക്കുന്നത്.
“ബുർക്കിന ഫാസോയിലെ ഞങ്ങളുടെ ഓഫീസ് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുന്നത് തുടരുകയാണ്. എന്നാൽ, ഈ ഘട്ടത്തിൽ കുറ്റവാളികളെ തിരിച്ചറിയാൻ കഴിയുന്നില്ല,” യുഎൻ വക്താവ് ത്രോസൽ പറഞ്ഞു.

“സുരക്ഷാ കാരണങ്ങളാൽ പ്രദേശത്തേക്ക് പ്രവേശിക്കാനും സാക്ഷികളോടും അതിജീവിച്ചവരോടും സംസാരിക്കാനും ബുദ്ധിമുട്ടാണെന്ന്” അവർ ചൂണ്ടിക്കാട്ടി. കൊലപാതകങ്ങൾക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ ഒരു അന്വേഷണത്തിന്റെ ആവശ്യകതയും അവര്‍ ഊന്നിപ്പറഞ്ഞു.

“ഉത്തരവാദികളായ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം, ന്യായവും സുതാര്യവുമായ വിചാരണയിലൂടെ, ഇരകൾക്ക് നഷ്ടപരിഹാരം നൽകണം,” അവർ കൂട്ടിച്ചേർത്തു.

 

Print Friendly, PDF & Email

Leave a Comment

More News