പാർലമെന്റ് മന്ദിരത്തിലെ സുരക്ഷാ വീഴ്ച: ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സന്ദർശകര്‍ക്ക് പ്രവേശനമില്ല

ന്യൂഡൽഹി: ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ പാര്‍ലമെന്റ് മന്ദിരത്തിലെ സന്ദര്‍ശക ഗ്യാലറിയിലേക്ക് ആര്‍ക്കും പാസ് നല്‍കുകയില്ല. എംപിമാരുടെ പേഴ്‌സണൽ അസിസ്റ്റന്റുമാർക്ക് പാസ് നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്പീക്കർ ഓം ബിർള ഏറ്റെടുത്തതായി വൃത്തങ്ങൾ പറഞ്ഞു. പാര്‍ലമെന്റിന്റെ സുരക്ഷാ ലംഘനത്തെ തുടർന്ന് ലോക്‌സഭാ സെക്രട്ടറി ജനറൽ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതി.

നേരത്തെ, ലോക്‌സഭാ സ്പീക്കർ ഓം ബിർള സുരക്ഷാ ലംഘന സംഭവത്തെക്കുറിച്ച് രാഷ്ട്രീയ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ ഉന്നയിച്ച പ്രതിപക്ഷ നേതാക്കളോട് അദ്ദേഹം യോജിച്ചു, സുരക്ഷ അവലോകനം ചെയ്യുമെന്ന് ഉറപ്പുനൽകി.

പാർലമെന്റ് ഭീകരാക്രമണത്തിന്റെ 22-ാം വാർഷിക വേളയിൽ ലോക്‌സഭാ ചേംബറിൽ സന്ദർശക ഗാലറിയിൽ നിന്ന് രണ്ട് നുഴഞ്ഞു കയറ്റക്കാർ സീറോ അവറിൽ പ്രവേശിച്ചത് വൻ സുരക്ഷാവീഴ്ചയാണെന്ന് എല്ലാ കക്ഷികളും ഐക്യകണ്ട്ഠേന പ്രസ്താവിച്ചു.

ലോക്‌സഭയിലെ സന്ദർശക ഗാലറിയിൽ നിന്ന് അജ്ഞാതൻ ചാടുന്നത് ദൃശ്യങ്ങളിൽ കാണാം, തുടർന്ന് ചെറിയ ബഹളമുണ്ടായി. സഭ 2 മണി വരെ നിർത്തിവച്ചു.

അംഗങ്ങൾ അടിയന്തര പൊതു പ്രാധാന്യമുള്ള കാര്യങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് സംഭവം. ബിജെപി എംപി ഖഗൻ മുർമു തന്റെ വിഷയം ഉന്നയിക്കുന്നതിനിടെയാണ് സംഭവം.

അതേസമയം, പാർലമെന്റ് വളപ്പിന് പുറത്ത് ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേര്‍ ക്യാനിസ്റ്ററില്‍ നിന്ന് വാതകം പുറത്തുവിടുകയും സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News