മഞ്ചേരിയിൽ മിനി ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് അഞ്ച് പേർ മരിച്ചു

മലപ്പുറം: ഇന്ന് (ഡിസംബർ 15ന്) വൈകീട്ട് മഞ്ചേരിയിൽ മിനി ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് രണ്ട് കുട്ടികളും രണ്ട് സ്ത്രീകളും ഉൾപ്പെടെ അഞ്ച് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ നാല് കുട്ടികളാണ്. അപകടത്തിൽ നാല് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

മഞ്ചേരി-അരീക്കോട് റോഡിൽ ചെട്ടിയങ്ങാടിയിൽ വെച്ച് പള്ളന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുമായി കർണാടകയിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച ബസാണ് കൂട്ടിയിടിച്ചത്. അരീക്കോട് ഭാഗത്തുനിന്ന് വരികയായിരുന്നു ബസ്.

ഓട്ടോയിലുണ്ടായിരുന്ന നാലുപേരും ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ പുത്തുപ്പറമ്പില്‍ അബ്ദുല്‍മജീദ് (55), യാത്രക്കാരായ മുഹ്‌സിന (35), തസ്‌നീമ (28), മകള്‍ മോളി (ഏഴ്), റെയ്‌സ (മൂന്ന്) എന്നിവരാണ് മരിച്ചത്. സാബിറ (58), മരിച്ച മുഹ്‌സിനയുടെ മക്കളായ മുഹമ്മദ് നിഷാദ് (11), അസ്ഹാ ഫാത്തിമ (നാല്), മുഹമ്മദ് അസാന്‍, റൈഹാന്‍ (ഒന്ന്) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

മരിച്ചവരുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. അപകടത്തിൽ പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

കെഎ 34-9028 രജിസ്‌ട്രേഷൻ നമ്പറിലുള്ള ബസും അപകടത്തിൽ തകർന്നു. അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. എങ്ങനെയാണ് അപകടമുണ്ടായതെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News