ഡാളസിലെ ഇർവിംഗ് സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിലെ കൂറ്റൻ നക്ഷത്രം ശ്രദ്ധേയമായി

ഡാളസ്: ഏകദേശം പതിനാറ് അടിയിലേറെ ഉയരമുള്ള നക്ഷത്രം നിർമ്മിച്ച് ഡാളസിലെ ഇർവിംഗ് സെന്റ്. ജോർജ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിലെ യുവജന പ്രസ്ഥാനം ശ്രദ്ധേയമായി. ഈ വർഷത്തെ ക്രിസ്തുമസ്സിനോടനുബന്ധിച്ചു അസാധാരണമായി എന്തെങ്കിലും ചെയ്യണമെന്ന യുവജനപ്രസ്ഥാനത്തിന്റെ ആഗ്രഹ പൂർത്തീകരണമാണ് ഈ നക്ഷത്ര നിർമ്മാണം .

മരതടിയും, തുണിയും ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ഈ നക്ഷത്രം, വർണ്ണാഭവും, എൽഇഡി ലൈറ്റുകളുടെ അലങ്കാരത്താൽ  ശോഭകരവും ആണ്. സീസൺ കഴിഞ്ഞാൽ പല ഭാഗങ്ങളായി  അഴിച്ചെടുത്തു വയ്ക്കാവുന്ന രീതിയിൽ ആണ് ഈ നക്ഷത്രത്തിന്റെ നിർമ്മാണം. ഡിസംബർ ഒന്നിന് ഇടവക വികാരി റവ. ഫാ. ജോഷ്വാ ബിനോയ് ജോർജ് ലൈറ്റ് ഓൺ ചെയ്ത് ഒരു  മാസം നീളുന്ന ക്രിസ്തുമസ്സ് നോമ്പിനും, ആഘോഷങ്ങൾക്കും തുടക്കം കുറിച്ചു.

ഇടവകയുടെ പാരിഷ്ഹാളിനു  മുന്നിലായിട്ടാണ് ഈ നക്ഷത്രം പ്രദർശിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ കണ്ടിട്ടുണ്ടെയെങ്കിലും അമേരിക്കയിൽ ഇത്ര വലിയ ഒരു നക്ഷത്രം കാണുന്നത് ഒരു പുതിയ അനുഭവമാണെന്ന് ദേവാലയത്തിലെ  മുതിർന്ന അംഗങ്ങൾ  അഭിപ്രായപ്പെട്ടു.

ക്രിസ്തുദേവന്റെ സ്നേഹത്തണലിൽ ഒരു മന:സ്സോടെ കൈകളും ഹൃദയങ്ങളും ഒരുമിക്കുമ്പോൾ വിസ്മയകരമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്നും ഒപ്പം ലോകസമാധാനത്തിന്റെയും, പുതു വർഷത്തിന്റെ പ്രതീക്ഷയുടെ പ്രതീകവുമായിട്ടാണ്  ഈ നക്ഷത്ര നിർമ്മാണത്തിലൂടെ ഉദ്ദേശിച്ചതെന്നും ഇടവക യുവജനപ്രസ്ഥാനത്തിലെ അംഗങ്ങൾ അഭിപ്രായപ്പെട്ടു.

Print Friendly, PDF & Email

Leave a Comment