കനേഡിയൻ ഓഷ്യൻ പ്ലേഗ്രൗണ്ടിൽ നിന്നും ഒരു ക്രിസ്മസ് ഗാനം

നാലര പതിറ്റാണ്ടോളമായി സമർപ്പിത പൗരോഹിത്യ ജീവിതം നയിച്ചു കൊണ്ടു ഗാനരചനയിലും ആധ്യാത്മിക ദാർശനീക പ്രഭാഷണ രംഗത്തും ഗ്രന്ഥരചനയിലുമായി പ്രചോദിത സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന ഫാ.ജോൺ പിച്ചാപ്പിള്ളിയുടെ ഏറ്റവും പുതിയ സംഗീത ആൽബമാണ് ‘കനേ‍ഡിയൻ ഓഷ്യൻ പ്ളേഗ്രൗണ്ടിൽ നിന്നും ഒരു ക്രിസ്മസ് ഗാനം’.

കാനഡയിലെ ഹാലിഫാക്സിൽ മൂന്നു പതിറ്റാണ്ടുകാലമായി താമസിക്കുന്ന ഫാ.പിച്ചാപ്പിള്ളി, ദൃശ്യഭംഗിയാൽ അനുഗ്രഹീതയായ ഹാലിഫാക്സിനെ വിശേഷിപ്പിക്കുന്ന ‘കനേ‍ഡിയൻ ഓഷ്യൻ പ്ളേഗ്രൗണ്ട്’ എന്ന പേരു തന്നെയാണ് ഇവിടുത്തെ ഗാനനിർമാതാക്കളായ ഹെവൻലി ഹാർപുമായി യോജിച്ചിറക്കുന്ന തന്റെ ആൽബത്തിന്റെ അവതരണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

‘‘കാത്തിരിപ്പിനൊടുവിൽ കാലത്തിന്റെ തികവിൽ’’എന്നാരംഭിക്കുന്ന ഗാനത്തിൽ ക്രിസ്തുവിന്റെ പിറവിയേകുന്ന പ്രത്യാശാഭാവങ്ങളും ഭക്തിയുടെ ദീപ്തിയും നിറ‍ഞ്ഞു നിൽക്കുന്നു. എളിമയോടെയുളള മനുഷ്യ ജീവിതത്തിനു ലഭ്യമാകുന്ന സമാധാനവും തിരുപ്പിറവിയുടെ പ്രസക്തിയുമെല്ലാം ലളിതസുന്ദരമായ ദേവവാക്കുകളുടെ അകമ്പടിയിൽ ഫാ.പിച്ചാപ്പിള്ളി ഇവിടെ കുറിച്ചിരിക്കുന്നു.

പ്രവാസ ലോകത്തും കേരളത്തിലും ക്രിസ്മസിനോടനുബന്ധിച്ചു തിരുപ്പിറവിയെ ഓർമപ്പെടുത്തിക്കൊണ്ട് അനേകം ഗാനാൽബങ്ങൾ പ്രകാശിതമാകാറുണ്ടെങ്കിലും കനേഡിയൻ കടൽ കളിസ്ഥലത്തു നിന്നുള്ള ഈ ആൽബം തികച്ചും വിഭിന്നമായ ആത്മീയാനുഭവമാവുകയാണ്.

സംഗീതസംവിധാന രംഗത്തെ നവാഗതപ്രതിഭയായ ഐവിൻ മാത്യുവിന്റെ ചടുലസുന്ദരമായ ഈണത്തിന് ആലാപന മികവു ചാർത്തിയിരിക്കുന്നത് അദ്ദേഹത്തോടൊപ്പം ഈ ഗാനം ആടിപ്പാടി അവതരിപ്പിച്ച ഹാലിഫാക്സിലെ യുവഗായകരായ അശ്വിനി രാജ്, മീര ജോസഫ്, റോസ സെബാസ്റ്റ്യൻ, ശ്രീലക്ഷ്മി സന്തോഷ്, ശ്രീരാജ് പുന്നോലി, വിവേക് വിശ്വനാഥ് എന്നിവരാണ്. നേഥൻ മയറ്റ് ആണ് ഛായാഗ്രഹണം നിർവഹിച്ചത്. എഡിറ്റിങ്: മാർട്ടിൻ മിസ്റ്റ്. ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത് ജിയോ വി. ജോയി.

Print Friendly, PDF & Email

Leave a Comment