അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകൾ സ്വന്തമാക്കാനുള്ള ഇസ്രായേലിന്റെ ആവശ്യം അമേരിക്ക നിരസിച്ചു

വാഷിംഗ്ടണ്‍: പുതിയ അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകൾ സ്വന്തമാക്കാനുള്ള ഇസ്രായേലിന്റെ അഭ്യർത്ഥന അമേരിക്ക നിരസിച്ചതായി ചൊവ്വാഴ്ച ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ടെൽ അവീവിന്റെ ഈ അഭ്യർത്ഥന കഴിഞ്ഞ ആഴ്ച യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇസ്രായേൽ സന്ദർശിച്ചപ്പോൾ അവര്‍ വീണ്ടും ഉന്നയിക്കുകയും ചെയ്തെങ്കിലും അദ്ദേഹം അത് നിരസിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

“ഐഡിഎഫ് (ഇസ്രായേൽ സൈന്യം) യു എസില്‍ നിന്ന് അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകൾ ആവശ്യപ്പെട്ടെങ്കിലും, അത് നിരസിക്കപ്പെട്ടതായി ഇസ്രായേലി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേൽ സൈന്യത്തിന് രണ്ട് ഹെലികോപ്റ്റർ ഫ്ലൈറ്റ് സ്ക്വാഡ്രണുകളാണുള്ളത്. സൈന്യത്തിന്റെ വ്യോമ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഹെലികോപ്റ്ററുകൾ ആവശ്യമാണെന്ന് ഐ ഡി എഫ് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഗാസ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇസ്രായേൽ സൈന്യം അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ പട്ടണങ്ങളിൽ സൈനിക റെയ്ഡുകൾ നടത്തുകയും ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ളയുമായി അതിർത്തി കടന്ന് വെടിവയ്പ്പ് നടത്തുകയും ചെയ്തിട്ടുണ്ട്.

ഗാസ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം വാഷിംഗ്ടൺ 230 ചരക്ക് വിമാനങ്ങളും, മാരകായുധങ്ങളും സൈനിക ഉപകരണങ്ങളും നിറച്ച 20 കപ്പലുകളും ഇസ്രായേലിലേക്ക് അയച്ചിട്ടുണ്ട്. അവയെല്ലാം ഇസ്രായേലി സൈന്യം ഗാസയില്‍ പ്രയോഗിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Print Friendly, PDF & Email

Leave a Comment

More News