പ്രൊഫസർ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസ്: 13 വർഷങ്ങള്‍ക്കു ശേഷം ശേഷം ഒന്നാം പ്രതിയെ എൻഐഎ പിടികൂടി

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയായ സവാദിനെ 13 വര്‍ഷങ്ങള്‍ക്കു ശേഷം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പിടികൂടി.

ജനുവരി 9 ചൊവ്വാഴ്‌ച കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ ബേരം വാർഡിലെ വാടക വീട്ടിൽ നിന്നാണ് സവാദിനെ അറസ്റ്റ് ചെയ്തത്. അഞ്ചു മാസമായി ഇയാള്‍ പ്രദേശത്ത് താമസിച്ച് മരപ്പണി ചെയ്യുകയായിരുന്നു. ഇന്ന് (ജനുവരി 10 ബുധൻ) ഉച്ചയ്ക്ക് കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കിയ പ്രതിയെ പ്രത്യേക ജഡ്ജി മിനി എസ്. ദാസ് ജനുവരി 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

കഴിഞ്ഞ വർഷം സവാദിനെ കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിനകത്തും പുറത്തും വിശദമായ അന്വേഷണം നടത്തിയിട്ടും സവാദിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 42 പ്രതികളിൽ 19 പേർ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരമുള്ള വിവിധ കുറ്റകൃത്യങ്ങളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തി. സവാദായിരുന്നു അദ്ധ്യാപകന്റെ കൈ വെട്ടിമാറ്റിയ ക്രൂര കൃത്യം നിർവഹിച്ചതെന്നാണ് എൻഐഎ കണ്ടെത്തല്‍.

എറണാകുളം അശമന്നൂർ സ്വദേശിയായ സവാദ് സജീവ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്നു. ചോദ്യ പേപ്പറിൽ ഉൾപ്പെടുത്തിയ ഒരു ചോദ്യത്തിൽ മത നിന്ദ ആരോപിച്ചായിരുന്നു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന ടി.ജെ ജോസഫിന്‍റെ കൈ വെട്ടിമാറ്റിയത്. ഈ കേസിൽ പതിമൂന്ന് വർഷങ്ങൾക്ക് ശേഷമായിരുന്നു 2023 ജൂലൈ 13ന് കോടതി രണ്ടാം ഘട്ട ശിക്ഷാ വിധി പ്രഖ്യാപിച്ചത്. അന്ന് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നാം പ്രതി സവാദ് ഒഴികെയുള്ള പ്രതികൾക്കായിരുന്നു ശിക്ഷ വിധിച്ചത്. സവാദിനായി അന്വേഷണം തുടരുകയാണെന്നും എൻ.ഐ.എ കോടതിയിൽ അറിയിച്ചിരുന്നു.

രണ്ടാം പ്രതി സജിൽ, മൂന്നാം പ്രതി നാസർ, അഞ്ചാം പ്രതി നജീബ്, ഒൻപതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീൻ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയൂബ് എന്നിവരെയായിരുന്നു രണ്ടാം ഘട്ടത്തിൽ കോടതി ശിക്ഷിച്ചത്. ആദ്യ കുറ്റപത്രത്തിൽ ഉൾപ്പെട്ട പതിമൂന്ന് പേരെ നേരത്തെ ശിക്ഷിച്ചിരുന്നു. ഒന്നാം പ്രതി സവാദിന്റെ വിചാരണ നടപടികൾ കൂടി പൂർത്തിയാക്കിയാൽ രാജ്യം മുഴുവൻ ചർച്ചയായ കൈവെട്ട് കേസിന് ശുഭകരമായ പരിസമാപ്തിയാകും. ദേശീയ അന്വേഷണ ഏജൻസിക്കും അഭിമാനിക്കാൻ കഴിയുന്ന കേസായി ഇത് മാറുമെന്നതിൽ സംശയമില്ല.

2010 ജൂലൈ നാലിന് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിലെ പള്ളിയിൽ ഞായറാഴ്ച കുർബാനയിൽ പങ്കെടുത്ത് കുടുംബസമേതം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇപ്പോൾ നിരോധിച്ചിരിക്കുന്ന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) യുടെ ഒരു സംഘം പ്രവർത്തകർ ആക്രമണം നടത്തിയത്.

2015 ല്‍ വിധി വന്നശേഷം പിടിയിലായവരാണ് രണ്ടാംഘട്ടത്തില്‍ വിചാരണ നേരിട്ടത്. ആകെ 11 പ്രതികളാണ് ഉണ്ടായിരുന്നത്. അതില്‍ ആറ് പേരെയാണ് 2023 ജൂലൈ 12ന് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ആദ്യം കേസന്വേഷിച്ച സംസ്ഥാന പൊലീസും പിന്നീട് അന്വേഷണം ഏറ്റെടുത്ത എന്‍.ഐ.എയും കുറ്റകൃത്യത്തിലെ പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ പങ്കാളിത്തം കണ്ടെത്തിയിരുന്നു. ഇത് വിചാരണ കോടതി ശരിവെക്കുകയും ചെയ്തു. പോപ്പുലർ ഫ്രണ്ടിനെ രാജ്യത്ത് നിരോധനം ഏർപ്പെടുത്തുന്നതിലേക്ക് നയിച്ച പ്രധാന സംഭവം കൂടിയാണ് കൈവെട്ട് കേസ്.

 

Print Friendly, PDF & Email

Leave a Comment

More News