ആദർശാടിത്തറയിൽ ആത്മാഭിമാനമുള്ള സമൂഹത്തെ വളർത്തിയെടുക്കാൻ മഹല്ലുകൾക്ക് സാധിക്കണം: പി മുജീബ് റഹ്‌മാൻ

വടക്കാങ്ങര ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് കുടുംബ സംഗമം ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്യുന്നു

വടക്കാങ്ങര: രാജ്യത്തെ ഭരണാധികാരികൾ വംശീയ ഉന്മൂലനങ്ങൾ ലക്ഷ്യം വെച്ച് നിരന്തരമായി വർഗീയ അജണ്ടകൾ നടപ്പിലാക്കി സമൂഹത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുമ്പോൾ ആദർശാടിത്തറയിൽ ആത്മാഭിമാനമുള്ള ഉത്തമ സമൂഹത്തെ വളർത്തിയെടുക്കാൻ മഹല്ല് സംവിധാനങ്ങൾക്ക് സാധിക്കേണ്ടതുണ്ടെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബുറഹ്മാൻ പറഞ്ഞു. വർഗീയ ഉന്മൂലന പ്രവർത്തനങ്ങൾ ശക്തിപ്പെടുകയും ഇസ്ലാമോഫോബിയ വളർന്നു വരികയും ചെയ്യുന്ന കാലത്ത് മഹല്ലുകളുടെ ഉത്തരവാദിത്വം വലുതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. മാനവ കുലത്തെ വൈജ്ഞാനികവും ധാർമികവും സാമ്പത്തികവും സാംസ്കാരികവുമായി വളത്തിയെടുക്കേണ്ട കേന്ദ്രങ്ങളാണ് പള്ളികളും മഹല്ല് സംവിധാനങ്ങളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടക്കാങ്ങര ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാൻ എ.ടി ഷറഫുദ്ധീൻ അധ്യക്ഷത വഹിച്ചു.

ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല പ്രസിഡന്റ് ഡോ. നഹാസ് മാള മുഖ്യ പ്രഭാഷണം നിർവഹിച്ചു. ടി ശഹീർ ഖുർആനിൽ നിന്ന് അവതരിപ്പിച്ചു. നേഹ ഫിറോസ് ആന്റ് പാർട്ടി ഫലസ്തീൻ ഐക്യദാർഢ്യഗാനം ആലപിച്ചു. പി.കെ സലാഹുദ്ധീൻ സ്വാഗതം പറഞ്ഞു. മേഖല നാസിം വി.പി ബഷീർ സമാപനം നിർവഹിച്ചു.

ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് എൻ.കെ അബ്ദുൽ അസീസ്, ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് പ്രസിഡന്റ് കെ നജ്മുദ്ദീൻ, സി.പി കുഞ്ഞാലൻ കുട്ടി, കെ അബ്ദുസ്സമദ്, അനസ് കരുവാട്ടിൽ, അബ്ദുൽ കരീം മൗലവി എന്നിവർ സംബന്ധിച്ചു.

Print Friendly, PDF & Email

Leave a Comment

More News