ഡോ. എം. കുഞ്ഞാമൻ അനുസ്മരണ ഡോക്യുമെന്ററിയുമായി വിദ്യാർത്ഥികൾ

ചിറ്റൂർ ഗവ. കോളേജ് എക്കണോമിക്സ് അസോസിയേഷൻ സംഘടിപ്പിച്ച ഡോ. എം. കുഞ്ഞാമൻ അനുസ്മരണ സംഗമം പ്രിൻസിപ്പൽ ഡോ. റെജി ഉദ്ഘാടനം ചെയ്യുന്നു

ചിറ്റൂർ: ലോകമറിയുന്ന ആക്കാദമീഷ്യനും സാമ്പത്തിക ശാസ്ത്രജ്ഞനും ദലിത് ചിന്തകനും അധ്യാപകനുമായിരുന്ന ഡോ. എം. കുഞ്ഞാമന്റെ ‘എതിര്’ എന്ന കൃതി ആസ്പദമാക്കി ചിറ്റൂർ ഗവ. കോളേജിലെ എക്കോണോമിക്സ് അസോസിയേഷൻ ഡോക്യുമെന്ററി പുറത്തിറക്കി. കോളേജിൽ നടന്ന കുഞ്ഞാമൻ അനുസ്മരണ സംഗമത്തിൽ ഡോക്യുമെന്ററി പ്രകാശിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. റെജി അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു. എം.ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് സോഷ്യൽ സയൻസ് വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. രാജേഷ് കോമത്ത് ഡോക്യുമെന്ററി പ്രകാശനം നിർവഹിച്ചു. എക്കണോമിക്സ് ഡിപ്പാർട്ട്മെന്റ് എച്ച്.ഒ.ഡി ഡോ. കവിത അധ്യക്ഷത വഹിച്ചു.

ഡോ. കുഞ്ഞാമന്റെ ജീവിതത്തെ ആസ്‌പദമാക്കി ‘എതിരായ ജീവിതം’ എന്ന പേരിൽ പുറത്തിറക്കിയ ഡോക്യുമെന്ററി അദ്ദേഹത്തിന്റെ അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചാണ് നിർമിച്ചിരിക്കുന്നത്. ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിനിധിയായ മുർഷിദ ബിൻത് സുബൈർ ആണ് അസോസിയേഷൻ സെക്രട്ടറി. ജീവിച്ചിരിക്കുന്ന കാലത്ത് ഡോ. കുഞ്ഞാമന് അർഹിച്ച അംഗീകാരങ്ങൾ ആസൂത്രിതമായി തടയപ്പെട്ടു. ലക്ചർ തസ്തികയിൽ ഒന്നാം റാങ്കുകാരനായിട്ടും നിയമനം തടഞ്ഞു. മാഞ്ഞു പോകാത്ത ജാതിബോധങ്ങൾ സമർപ്പിച്ച പുരസ്കാരങ്ങൾ അദ്ദേഹം തിരസ്ക്കരിച്ചു. കേരളത്തിലെ സവർണ്ണ വംശീയ ബോധം വെച്ചുപുലർത്തുന്ന ഭരണകൂടങ്ങൾ വിസ്മരിച്ച, ഡോ. എം. കുഞ്ഞാമൻ എന്ന അതുല്യ പ്രതിഭയെക്കുറിച്ച് സംസാരിക്കൽ സമകാലീന സാഹചര്യത്തിൽ അനിവാര്യമാണെന്നതിനാലാണ് ഡോക്യുമെന്ററി പുറത്തിറക്കിയതെന്ന് മുർഷിദ പറഞ്ഞു. കൂടുതൽ കോളേജുകളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്നും മുർഷിദ അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News