“എൻ്റെ കൈകൾ ശുദ്ധമാണ്…”: മകളുടെ ഐടി സ്ഥാപനത്തിനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മകൾ വീണയുടെ ഇപ്പോൾ പ്രവർത്തനരഹിതമായ ഐടി കമ്പനിക്കെതിരെയുള്ള ആരോപണങ്ങളിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. തൻ്റെ കൈകൾ ശുദ്ധമാണെന്നും അതിനാൽ ആരോപണങ്ങൾ തന്നെ ബാധിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

മുമ്പ് തൻ്റെ ഭാര്യയെയാണ് ടാർഗെറ്റു ചെയ്‌തിരുന്നുതെന്നും ഇപ്പോൾ മകൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വീണയുടെ കമ്പനിക്കെതിരായ ആരോപണങ്ങൾ അടുത്തിടെ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി. ഒരു സ്വകാര്യ മിനറൽ കമ്പനിയുമായുള്ള അനധികൃത ഇടപാടുകളെക്കുറിച്ചുള്ള ആരോപണങ്ങളിൽ കേന്ദ്ര ഏജൻസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ്. രംഗത്തെത്തിയതാണ് കാരണം.

നിയമസഭയിൽ ഗവർണറുടെ നയപ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച അവസാനിപ്പിച്ച് സംസാരിക്കവെയാണ് മുഖ്യമന്ത്രി വിവാദങ്ങൾ തുറന്ന് പറഞ്ഞത്.

മുൻപും ഇത്തരം നിരവധി കഥകൾ തനിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും ആരോപണങ്ങൾ തന്നെ ബാധിക്കില്ലെന്നും “കാരണം ഈ കൈകൾ ശുദ്ധമാണ്” എന്നും മുഖ്യമന്ത്രി പുഞ്ചിരിയോടെ പറഞ്ഞു.

മുമ്പ് എൻ്റെ ഭാര്യയ്‌ക്കെതിരെയായിരുന്നു ആരോപണങ്ങൾ. ഇപ്പോഴത് പതുക്കെ മകളിലേക്ക് മാറിയെന്നും അദ്ദേഹം പറഞ്ഞു.

ഭാര്യക്ക് ലഭിച്ച പെന്‍ഷന്‍ ആനുകൂല്യം കൊണ്ടാണ് മകൾ ബംഗളൂരുവില്‍ ബിസിനസ് തുടങ്ങിയത്. പണം ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയായിരുന്നു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ നന്ദി പ്രസംഗം നടത്തുന്നതിനിടെ സഭയിൽ ഇന്ന് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് കൂടി മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

തനിക്കെതിരെ പല കാലങ്ങളിൽ പല കഥകളും കേൾക്കേണ്ടി വന്നിട്ടുണ്ട്. കമല ഇന്‍റർനാഷണൽ, സിംഗപ്പൂർ യാത്ര എന്നിങ്ങനെ പല കഥകളുമുണ്ടായിട്ടുണ്ട്. എന്നാൽ, അതൊന്നും തങ്ങള്‍ക്ക് ഏൽക്കില്ല. നേരത്തെ ഭാര്യയെ കുറിച്ചായിരുന്നു ഇപ്പോൾ മകളെ കുറിച്ചാണ് കഥകൾ. തന്‍റെ ഭാര്യ വിരമിച്ചപ്പോൾ ലഭിച്ച പണം മകളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നു, ആ തുക കൊണ്ടാണ് മകള്‍ ബംഗളൂരുവില്‍ ബിസിനസ് സംരംഭം തുടങ്ങിയത്. സത്യത്തിന് വിരുദ്ധമായ കാര്യങ്ങൾ കേൾക്കുമ്പോൾ തനിക്കൊരു മാനസിക കുലുക്കവുമുണ്ടാകാറില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

പരസ്യമായി അത് പറഞ്ഞിട്ടുമുണ്ട്. തെറ്റ് ചെയ്തെങ്കിൽ മനസമാധാനമുണ്ടാകില്ല. തെറ്റ് ചെയ്‌തിട്ടില്ലെങ്കിൽ ഉള്ളാലെ ചിരിച്ച് കൊണ്ട് കേൾക്കാൻ പറ്റും. ഇതൊന്നും എന്നെ ഏശില്ല. കൈകൾ ശുദ്ധമായത് കൊണ്ടാണ് അത് ഏശാത്തത്. അത് ആരുടെ മുന്നിലും തല ഉയർത്തി നിന്ന് തന്നെ പറയാനും കഴിയും. നിങ്ങൾക്ക് രാഷ്ട്രീയമായി താത്പര്യമുണ്ടാകുന്നത് കൊണ്ടാകാം ഇത്തരം കഥകൾ മെനയുന്നത്. ജനം ഇതു സ്വീകരിക്കുമോ ഇല്ലയോ എന്ന് കാലം തീരുമാനിക്കട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

ഈ മാസം ആദ്യം, സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഇപ്പോൾ പ്രവർത്തനരഹിതമായ ഐടി സ്ഥാപനത്തെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങളിൽ സിബിഐ അല്ലെങ്കിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

Print Friendly, PDF & Email

Leave a Comment

More News