യുവതിയെ പീഡിപ്പിച്ച കേസില്‍ മുൻ സീനിയർ ഗവ. പ്ലീഡര്‍ പോലീസില്‍ കീഴടങ്ങി

എറണാകുളം: കേരള ഹൈക്കോടതിയിലെ മുൻ സീനിയർ ഗവൺമെൻ്റ് പ്ലീഡറും തൻ്റെ കക്ഷിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയുമായ പി ജി മനു ജനുവരി 31 (ബുധൻ) രാവിലെ എറണാകുളത്ത് പുത്തൻകുരിശ് ഡിവൈഎസ്പി മുമ്പാകെ കീഴടങ്ങി. തുടർന്ന് ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയും കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.

2023 നവംബർ 29 ന് ചോറ്റാനിക്കര പോലീസ് കേസെടുത്തത് മുതൽ ഇയാൾ ഒളിവിലായിരുന്നു. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച് പത്ത് ദിവസത്തിനുള്ളിൽ കീഴടങ്ങാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ, കീഴടങ്ങാൻ സാവകാശം തേടി ഇയാള്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ആവശ്യം തള്ളി. ഇതേ തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും മനുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി.

ഇരുപത്തിയഞ്ചുകാരിയുടെ പരാതിയിലാണ് മനുവിനെതിരെ പൊലീസ് കേസെടുത്തത്. ഇന്ത്യൻ പീനൽ കോഡ് (ഐപിസി) സെക്ഷൻ 376 (ബലാത്സംഗം), 354 (സ്ത്രീയുടെ മാന്യതയെ അപമാനിക്കൽ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

2018ലെ പീഡനക്കേസിൽ ഇരയായ എറണാകുളം സ്വദേശിയായ യുവതി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പൊലീസിന്‍റെ നിർദേശ പ്രകാരമാണ് മനുവിനെ കാണുന്നത്. മാതാപിതാക്കൾക്ക് ഒപ്പമായിരുന്നു കടവന്ത്രയിലെ ഓഫിസിലെത്തി ആദ്യമായി മനുവിനെ കണ്ടത്.

കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്ന് പറഞ്ഞ് മാതാപിതാക്കളെ പുറത്ത് നിർത്തിയായിരുന്നു ആദ്യ പീഡന ശ്രമം. കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി അടുത്ത ദിവസവും ഇയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. തുടർന്ന് മാതാപിതാക്കളും സഹോദരനും ഇല്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ ഇയാൾ തന്നെ ബലാത്സംഗം ചെയ്‌തുവെന്നുമാണ് യുവതിയുടെ പരാതി.

തുടർന്ന് അശ്ലീല സന്ദേശമയച്ചും ഭീഷണിപ്പെടുത്തിയും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. എറണാകുളം റൂറല്‍ എസ്‌പിക്കാണ് പരാതി നല്‍കിയത്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ചോറ്റാനിക്കര പൊലീസ് മനുവിനെതിരെ കേസെടുത്തത്.

Print Friendly, PDF & Email

Leave a Comment

More News