അമേരിക്ക ഭരിക്കാന്‍ വൃദ്ധന്മാരോ? (ലേഖനം): ബ്ലസ്സന്‍ ഹ്യൂസ്റ്റണ്‍

2024-ല്‍ അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പ് നടക്കുകയാണ്. ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന തിരഞ്ഞെടുപ്പ് എന്നുതന്നെ അതിനെ വിശേഷിപ്പിക്കാം. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക സാങ്കേതിക ശാസ്ത്ര ആണവ ശക്തിയായ അമേരിക്കയുടെ ഭരണാധികാരിയാണ് അമേരിക്കൻ പ്രസിഡൻറ് എന്നതുതന്നെ. ലോകം ഏറ്റവും അധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന രണ്ട്‌ തിരഞ്ഞെടുപ്പാണ് അമേരിക്കൻ പ്രസിഡന്റെയും കത്തോലിക്ക സഭയുടെ തലവനായ മാർപ്പാപ്പയുടെയും. ലോകം നിയന്ത്രിക്കുന്ന ഭരണാധികാരിയുടെ തിരഞ്ഞെടുപ്പാണ് അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പെങ്കിൽ ലോകത്തേറ്റവും കൂടുതൽ അനുയായികൾ ഉള്ള മത നേതാവിന്റെ തിരഞ്ഞെടുപ്പാണ് മാർപ്പാപ്പയുടെ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത.

ഇക്കുറി അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ആരൊക്കെ മത്സരിക്കുന്നു എന്നത് ഏകദേശ ധാരണയായി എന്നുവേണം പറയാൻ. 2020 ലെ സ്ഥാനാർത്ഥികൾ തന്നെ വീണ്ടും വരാനുള്ള സാധ്യതാണ് ഈ പ്രാവശ്യവും എന്നുതന്നെ പറയാം. നിലവിലെ പ്രസിഡൻറ് ജോ ബൈഡനും മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രമ്പും തമ്മിലായിരുന്നു അന്ന് മത്സരിച്ചിരുന്നതെങ്കിൽ അവർ തന്നെ ഇപ്പോഴും വരാനുള്ള സാധ്യത ഏറെയാണ്. അമേരിക്കൻ പ്രസിഡന്റായി ഒരാൾക്ക് രണ്ടുപ്രാവശ്യം ഇരിക്കാമെന്നതുകൊണ്ടും നിലവിലെ പ്രസിഡന്റ് രണ്ടാമതും മത്സരിക്കുകയാണെങ്കിൽ അദ്ദേഹത്തിന് വീണ്ടും അവസരം കൊടുക്കുന്ന കീഴ്‌വഴക്കം ഉള്ളതുകൊണ്ടും ഈ തിരഞ്ഞെടുപ്പിൽ ജോ ബൈഡന് അദ്ദേഹം ഉൾപ്പെടുന്ന ഡെമോക്രാറ്റിക്‌ പാർട്ടിയിൽ നിന്ന് സ്ഥാനാർത്ഥിയാകാൻ കഴിയും. ശക്തരായ എതിരാളികൾ ഇല്ലാത്തതും നടന്ന പ്രൈമറികളിൽ ട്രമ്പിന് വൻ വിജയം കൈവരിക്കാൻ കഴിഞ്ഞതും സർവേകളിൽ അദ്ദേഹം എതിരാളികളെ പിന്തള്ളി വളരെയധികം മുൻപന്തിയിൽ പോയതും റിപ്പബ്ലിക്കൻ പാർട്ടി ട്രമ്പിനെ തന്നെ സ്ഥാനാർഥിയാക്കും എന്നുതന്നെ കരുതാം.

അങ്ങനെ വന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ തന്നെ ഈക്കുറിയും വരാനാണ് സാധ്യത. ഇരുവരും എൺപതിനടുത്തവരാണ് എന്നതാണ് ഒരു പ്രത്യേകത. ചുരുക്കത്തിൽ അമേരിക്കയിൽ ഒരിക്കൽ കൂടി വൃദ്ധ നേതൃത്വം ഭരണം നടത്താൻ പോകുന്നു എന്ന് വേണം പറയാൻ. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുവ നേതൃത്വം എന്തുകൊണ്ട് മുൻനിരയിലേക്ക് വരുന്നില്ല. റിപ്പബ്ലിക്കൻ പ്രൈമറിയുടെ തുടക്കത്തിൽ ഫ്ലോറിഡ ഗവർണ്ണർ ഡിസാന്റിസ് ഉൾപ്പെടെ ചെറുപ്പക്കാർ രംഗത്ത് വന്നെങ്കിലും പിന്നീട് അവരൊക്ക പിൻവാങ്ങുകയാണുണ്ടായത്. പാർട്ടി അംഗങ്ങളുടെ പിന്തുണ ലഭിക്കാതെയും സർവേയിൽകൂടി പൊതുപിന്തുണ കിട്ടാതെ പോകുന്നതുകൊണ്ടാണ് അവർക്ക് പ്രൈമറിയിൽ കടന്നുകൂടാൻ പറ്റാതെ പോകുന്നത്. പല ലോബികളുടെയും പിന്തുണയും സ്ഥാനാർത്ഥിയാകാൻ ഘടകമായി വരാറുണ്ട്.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് ഏറെ പണം ചിലവഴിക്കേണ്ടതായി വരും. മില്യണുകളാണ് അതിനായി സമാഹരിക്കേണ്ടത്. വ്യക്തിപരമായും അല്ലാതെയുമുള്ളവരിൽ നിന്ന് സംഭാവനയായി സ്ഥാനാർത്ഥികൾ സ്വീകരിക്കാറുണ്ട്. എന്നാൽ പ്രൈമറിക്ക് മുൻപ് അനേകം പേര് സ്ഥാനാർഥികളായി രംഗത്ത് വരാറുണ്ടെങ്കിലും പ്രൈമറിയിൽ അവരിൽ മിക്കവരും പിന്തള്ളപ്പെടുകയാണ് പതിവ്. അതിനായി എല്ലാ സംഥാനത്തും പ്രൈമറി തിരഞ്ഞെടുപ്പ് നടക്കാറുണ്ട്. പ്രൈമറിയിൽ മികവു തെളിയിക്കുന്നവരിൽ മുൻപിൽ നിൽക്കുന്നവർക്കാണ് ലോബികളുടെ പിന്തുണയും സഹായവും ഏറെയും ലഭിക്കുക. സ്ഥാനാർത്ഥികളുടെ കഴിവും യോഗ്യതയും മുഖ്യ ഘടകം തന്നെയാണ് പ്രൈമറിയിലുമെങ്കിലും പൊതു തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വിജയസാധ്യത ഉള്ളവർക്കാണ് പാർട്ടി പച്ചക്കൊടി കാണിക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ യുവാക്കൾ പ്രൈമറി പോലും കടന്നില്ല എന്നതാണ് ഏറെ രസകരം. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുൻപ്പ് പലരും പ്രൈമറിയിൽ എത്തിയപ്പോൾ ഇക്കുറി അവിടംവരെപോലും യുവാക്കൾ എത്തിയില്ല എന്ന് പറയാം.

ക്ലിന്റണും ഒബാമയും വന്നപ്പോൾ അവരെ ജനം സ്വീകരിച്ചു. എന്നാൽ അതുപോലെ ഒരു യുവ നേതൃത്വം ഇപ്പോൾ രംഗത്ത് വരാതെ പോകുന്നത് എന്തുകൊണ്ടാണ്. കഴിവും പ്രാപതിയുമുള്ള യുവാക്കൾ ഈ രംഗത്ത് വരാതെ പോകുന്നത് അമേരിക്കയുടെ ശക്തിക്ക് കോട്ടം തട്ടാൻ കാരണമാകുമോ. പ്രായാധിക്യം ബൈഡനെ ഒരു പരിധിവരെ പിടികൂടിഎന്ന് തന്നെ പറയാം. അത് ചിലപ്പോഴൊക്കെ പ്രതിഫലിച്ചിട്ടുമുണ്ട്. ഊർജസ്വലമായ കാര്യങ്ങൾ ചെയ്യാൻ ഉചിതമായ സമയത്ത് തീരുമാനങ്ങളെടുക്കാൻ ശക്തമായ നിർദേശങ്ങൾ നല്കാൻ പ്രായം ഘടകം തന്നെയാണ്. അതുകൊണ്ടാണ് വിരമിക്കലിനെ പ്രായപരിധി നിചയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രായപരിധി എന്നെകിലും അമേരിക്കയിൽ ഉണ്ടാകുമോ?

Print Friendly, PDF & Email

Leave a Comment

More News