പ്രണയമേ നീ സത്യമാണ് (കവിത): ജയൻ വർഗീസ്

ഞാൻ പ്രണയിക്കുന്നു.
എന്നെ പുണർന്നു നിൽക്കുന്ന എന്റെ പെണ്ണിനെ.
അവളെ അവളാക്കുന്ന അവളുടെ മേനിയെ.
ഞങ്ങൾക്ക് ശ്വസിക്കാനാവുന്ന ഈ വായുവെ.
എനിക്ക് ആകർഷകമായി അനുഭവപ്പെടുന്ന
അവളിലെ ജല സമൃദ്ധിയെ.
അവളിലെ നിറമായ് ഭവിച്ച സസ്യ ലതാദികളെ.
കാറ്റിനെ, കുളിരിനെ, മഴയെ,
പുല്ലിനെ, പൂവിനെ, പുഴയെ, പുഴുവിനെ.
ഇതെല്ലം എനിക്ക് വേണ്ടിയെന്ന് തിരിച്ചറിയുന്ന
എന്റെ മനസ്സിനെ, ആത്മാവിനെ,
ഇതെല്ലാമാകുന്ന വർത്തമാന ബോധാവസ്ഥയെ.
എന്നിൽ ഈ ബോധാവസ്ഥ വന്ന് നിറയുന്നത്
ഞാൻ വന്ന ഇടങ്ങളിൽ നിന്നായതിനാൽ,
സ്വാഭാവികമായും ആ ഇടങ്ങളെ ഞാൻ പ്രണയിക്കുന്നു.
ആത്യന്തിക വിശകലനത്തിൽ
അത് പ്രപഞ്ച മനസ്സാകുന്ന പ്രപഞ്ചാത്മാവാകുന്നു എന്നതിനാൽ
അതിനെ ഞാൻ പ്രണയിക്കുന്നു.
എനിക്ക് മുൻപേ ഇത് തിരിച്ചറിഞ്ഞവർ
അവരുടെ ഭാഷയിലെ
ഏറ്റവും നല്ല പദങ്ങൾ കൊണ്ട് അതിനെ വിശേഷിപ്പിച്ചിരുന്നു.
നമ്മുടെ മലയാളത്തിൽ അത് ‘ദൈവം ‘എന്നാകുന്നു.
എന്നേയുള്ളു.

Print Friendly, PDF & Email

Leave a Comment

More News