കേരളത്തില്‍ മഴ ശക്തി പ്രാപിക്കുന്നു; കോട്ടയത്ത് നിരവധി വീടുകള്‍ വെള്ളത്തിലായി; തിരുവല്ലയില്‍ 138 വര്‍ഷം പഴക്കമുള്ള സി എസ് ഐ പള്ളി തകര്‍ന്നു

കോട്ടയം: കനത്ത മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളപ്പൊക്ക ഭീഷണി സൃഷ്ടിക്കുന്നു. നിരവധി വീടുകള്‍ മഴവെള്ളം കയറി നാശങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. തിരുവാർപ്പ് കാരാപ്പുഴ ഇല്ലിക്കൽ അയ്‌മനം ഭാഗങ്ങളിലുള്ള വീടുകളിലാണ് വെള്ളം കയറിയത്.

കനത്ത മഴയെ തുടർന്ന് ജില്ലയിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 159 പേരാണ് നിലവിൽ ക്യാമ്പുകളിൽ കഴിയുന്നത് .മണിപ്പുഴ ബൈപാസിലും വെള്ളം കയറിയിട്ടുണ്ട്. തുടർച്ചയായി പെയ്യുന്ന മഴയിൽ മരം വീണ് കഴിഞ്ഞ ദിവസം കൊടുങ്ങൂർ സ്വദേശിയുടെ വീട് തകർന്നിരുന്നു. അയ്‌മനം കുഴിത്താർ ഭാഗത്ത് റോഡ് ഉയർത്തിയതിനാൽ വെള്ളക്കെട്ട് രൂക്ഷമാകുകയും ഇല്ലിക്കൽ കവലയിലെ കടകളിൽ വെളളം കയറുകും ചെയ്‌തിട്ടുണ്ട്.

കിഴക്കൻ വെള്ളം കൂടുതലായി എത്തിയാൽ പടിഞ്ഞാറൻ മേഖല പൂർണ്ണമായും വെള്ളത്തിലാകും. കനത്ത മഴയിൽ പള്ളി തകർന്ന് വീണു. തിരുവല്ല നിരണം വടക്കുംഭാഗം എസ് മുക്കിന് സമീപം 138 വർഷം പഴക്കമുള്ള സിഎസ്‌ഐ പള്ളി ഇന്ന് രാവിലെ തകർന്നു വീണു. ആരാധന നടക്കുന്ന പള്ളിയാണ് തകർന്നത്. രാവിലെ പള്ളിയിൽ ആരും ഇല്ലാതിരുന്ന സമയത്താണ് പള്ളി തകർന്നു വീണത്. കഴിഞ്ഞ ഞായറാഴ്‌ചയും ഇവിടെ ആരാധന നടന്നിരുന്നു. അപകടത്തിൽ ആളപായമില്ല.

Print Friendly, PDF & Email

Leave a Comment

More News