ലോക്സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർഥി പട്ടികയിൽ പോളിറ്റ് ബ്യൂറോ അംഗവും മന്ത്രിയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചു; ചാലക്കുടിയിൽ മഞ്ജു വാര്യര്‍ പരിഗണനയില്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയം ദ്രുതഗതിയിൽ പൂർത്തിയാക്കി സിപിഎം. നാല് സീറ്റുകൾ ഒഴികെ ബാക്കിയുള്ള എല്ലാ സീറ്റുകളിലും സിപിഎം സ്ഥാനാർത്ഥികളെ തീരുമാനിച്ചതായാണ് റിപ്പോർട്ട്. പൊളിറ്റ് ബ്യൂറോ അംഗവും മന്ത്രിയും അടങ്ങുന്നതാണ് സിപിഎമ്മിൻ്റെ സ്ഥാനാർഥി പട്ടിക.

മന്ത്രി കെ രാധാകൃഷ്ണനെ ആലത്തൂരിൽ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജയെ വടകരയിൽ മത്സരിപ്പിക്കാനാണ് തീരുമാനം. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്കും എളമരം കരീമും പത്തനംതിട്ടയിലും കോഴിക്കോട്ടും മത്സരിച്ചേക്കും. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വർക്കല എംഎൽഎയുമായ വി ജോയ് ആറ്റിങ്ങലിനും സാധ്യതയേറി. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ കാസർകോട് മണ്ഡലത്തിലും, കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ കണ്ണൂരിലും മത്സരിക്കും. കൊല്ലത്ത് സിനിമാ നടനും എം.എൽ.എയുമായ മുകേഷ് മത്സരിക്കും.

ഇടുക്കിയിൽ ജോയ്‌സ് ജോർജിനെ ആണ് പാർട്ടി വീണ്ടും രംഗത്ത് ഇറക്കുന്നത്. ആലപ്പുഴയിൽ ആരിഫ് തന്നെയായിരിക്കും സ്ഥാനാർത്ഥി.

അതേസമയം പൊന്നാനിയിൽ ആരെ നിർത്തുമെന്നകാര്യത്തിൽ ധാരണയായിട്ടില്ലെങ്കിലും ജലീലിന് ആണ് സാദ്ധ്യതയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ചാലക്കുടിയിൽ മുൻമന്ത്രി രവീന്ദ്രനാഥിനെ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. സിനിമാ താരം മജ്ഞുവാര്യരും ഈ മണ്ഡലത്തിൽ പരിഗണനയിൽ ഉണ്ട്. നടൻ ഇന്നസെന്റ് മത്സരിച്ച് വിജയിച്ച മണ്ഡലമാണ് ഇത്. ഇത് കണക്കിലെടുത്താണ് മഞ്ജുവാര്യരെ മത്സരിപ്പിക്കാൻ നീക്കം നടത്തുന്നത്. എന്നാൽ ഇതിനോട് നടി പ്രതികരിച്ചിട്ടില്ല.

എറണാകുളത്ത് മത്സരിക്കുന്നവരിൽ ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പാറപ്പള്ളി, കെ എസ് അരുൺകുമാർ എന്നിവരുടെ പേരുകളും ഉയർന്നുവരുന്നുണ്ട്.

Print Friendly, PDF & Email

Leave a Comment

More News