കെ.റെയില്‍: പ്രധാനമന്ത്രിയുടെ സമീപനം അനുഭാവപൂര്‍ണം, കേന്ദ്രാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പിണറായി

ന്യൂഡല്‍ഹി: സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ച ആരോഗ്യകരമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ ലൈന് കേന്ദ്രാനുമതി വേഗത്തില്‍ ലഭ്യമാക്കുന്നതിന് കൂടിക്കാഴ്ച സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം കേരള ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് ഇന്ന് ചീഫ് സെക്രട്ടറിക്കൊപ്പം പ്രധാനമന്ത്രിയെ കണ്ടിരുന്നു. പറഞ്ഞ കാര്യങ്ങള്‍ അതീവ താല്‍പര്യത്തോടെ അദ്ദേഹം കേട്ടു. അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ ആരോഗ്യകരമായിരുന്നു. നല്ല ചര്‍ച്ചയാണ് നടന്നത്. റെയില്‍വേ മന്ത്രിയുമായി കാര്യങ്ങള്‍ വിശദമായി സംസാരിക്കാമെന്നും എന്താണ് ചെയ്യാനാവുക എന്ന് പരിശോധിക്കാമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച കേന്ദ്ര അനുമതി വേഗത്തില്‍ ലഭ്യമാകുന്നതിന് ഇടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയോട് അനുഭാവപൂര്‍ണമായ നിലപാട് തന്നെയാണ് പ്രധാനമന്ത്രി പ്രകടിപ്പിച്ചത്.
അക്കാര്യത്തിലുള്ള നന്ദി അദ്ദേഹത്തെ അറിയിക്കുകയാണ്. അനൗദ്യോഗികമായി റെയില്‍വേ മന്ത്രിയേയും കണ്ടിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ധരിപ്പിച്ചെന്നും പിണറായി വ്യക്തമാക്കി.

കെ റെയിലിനെ എതിര്‍ക്കുന്നവര്‍ക്കും വേഗതയുള്ള ഗതാഗത സംവിധാനം വേണമെന്നാണ് അഭിപ്രായം. യാത്രാസമയം നാല് മണിക്കൂര്‍ മാത്രമാക്കി കുറയ്ക്കാന്‍ പദ്ധതിക്ക് കഴിയും. ഏറ്റവും സുരക്ഷിതവും പരിസ്ഥിതി സൗഹാര്‍ദ്ദവുമായ പദ്ധതിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓഹരിയായി റെയില്‍വേയില്‍നിന്ന് 3125 കോടി രൂപയും സംസ്ഥാന സര്‍ക്കാ
രില്‍നിന്ന് 3251 കോടി രൂപയും പൊതുജനങ്ങളില്‍നിന്ന് 4252 കോടി രൂപയുമാണ് പ്രതീക്ഷിക്കുന്നത്. ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 13362 കോടി രൂപ ഹഡ്കോ, കിഫ്ബി, സംസ്ഥാന സര്‍ക്കാര്‍ എന്നിവയാണ് വഹിക്കുക. വിദേശത്തുനിന്ന് കടമായി ലഭിക്കേണ്ട 33700 കോടി രൂപയുമായി ബന്ധപ്പെട്ട അപേക്ഷ സാമ്പത്തിക കാര്യ വകുപ്പില്‍ സമര്‍പ്പിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Print Friendly, PDF & Email

Leave a Comment

More News