സുപ്രീം കോടതി വിധി മാറ്റിവെച്ചതിനു ശേഷം മോദി സർക്കാർ 8,350 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകൾ അച്ചടിച്ചു

ന്യൂഡൽഹി: സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ പങ്കുവെച്ചതിന് പിന്നാലെ ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവരുന്നു.

2023 നവംബറിൽ പദ്ധതിയുടെ ഭരണഘടനാ സാധുത സംബന്ധിച്ച വിധി സുപ്രീം കോടതി മാറ്റിവെച്ചതിന് ശേഷം നരേന്ദ്ര മോദി സർക്കാർ 2024ൽ ഒരു കോടി രൂപ വിലമതിക്കുന്ന 8,350 ഇലക്ടറൽ ബോണ്ടുകൾ അച്ചടിച്ചതായി വിവരാവകാശം വഴി വിവരം ലഭിച്ചു.

സാമൂഹ്യപ്രവര്‍ത്തകന്‍ കമ്മഡോർ ലോകേഷ് ബത്ര സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഈ വിവരം നൽകിയതെന്ന് റിപ്പോർട്ട് പറയുന്നു.

ഈ വർഷം അച്ചടിച്ച 8,350 കോടി രൂപയുടെ ബോണ്ടുകൾ പദ്ധതിയുടെ തുടക്കം മുതൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) സമാഹരിച്ച തുകയേക്കാൾ കൂടുതലാണ്.

തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2018 മുതൽ 8,251.8 കോടി രൂപയാണ് ഇലക്ടറൽ ബോണ്ടുകൾ വഴി ബിജെപിക്ക് ലഭിച്ചത്. ഈ കാലയളവിൽ വിറ്റ ബോണ്ടുകളുടെ ആകെ മൂല്യം 16,518 കോടി രൂപയാണ്. ഇതിനർത്ഥം വിറ്റ ബോണ്ടുകളുടെ 50 ശതമാനവും ബിജെപി എൻക്യാഷ് ചെയ്തു എന്നാണ്.

ഈ ഇലക്ടറൽ ബോണ്ടുകൾ അച്ചടിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ചെലവ് നികുതിദായകരാണ് വഹിച്ചത്. അതായത്, സാധാരണക്കാരാണ് വഹിച്ചതെന്ന് ആക്ടിവിസ്റ്റ് ബത്ര സമർപ്പിച്ച മുൻ വിവരാവകാശ രേഖയിൽ നിന്ന് വ്യക്തമാണ്. ദാതാക്കൾക്കോ ​​കമ്പനികൾക്കോ ​​രാഷ്ട്രീയ പാർട്ടികൾക്കോ ​​ഇതിൽ പങ്കില്ല.

ഇലക്ടറൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യാൻ അധികാരമുള്ള ബാങ്കായ എസ്ബിഐ, 2018-നും 2023-നും ഇടയിൽ ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ നടത്തിപ്പിനും പ്രവർത്തനത്തിനുമുള്ള കമ്മീഷനും പ്രിൻ്റിംഗും മറ്റ് ചെലവുകൾക്കും സർക്കാരിൽ നിന്ന് 13.50 കോടി രൂപ ഈടാക്കിയതായി വിവരാവകാശ മറുപടികൾ വെളിപ്പെടുത്തി.

അതേസമയം, 2024-ൽ അധികമായി 8,350 ബോണ്ടുകളുടെ അച്ചടിച്ചെലവും നടത്തിപ്പും സംബന്ധിച്ച് നിലവിൽ ഒരു വിവരവുമില്ല.

സുപ്രീം കോടതി തൽസ്ഥിതി നിലനിർത്തുമെന്ന് സർക്കാരിന് വിശ്വാസമുണ്ടായിരുന്നുവെന്നും അതിനാലാണ് സർക്കാർ ഒരു കോടി രൂപയുടെ കൂടുതൽ ബോണ്ടുകൾ അച്ചടിച്ചതെന്നും സാമൂഹ്യ പ്രവര്‍ത്തകന്‍ ബത്ര മാധ്യമങ്ങളോടു പറഞ്ഞു.

ഈ വർഷം ഫെബ്രുവരി 15ന് സുപ്രീം കോടതി ഇലക്ടറൽ ബോണ്ട് സ്കീം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കുകയും ഉടൻ പ്രാബല്യത്തിൽ വരുന്ന രീതിയിൽ റദ്ദാക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇത് വോട്ടർമാരുടെ വിവരാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി, ബോണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷനെ ഏൽപ്പിക്കാനും തുടർന്ന് അത് വെബ്‌സൈറ്റിൽ പങ്കിടാനും കോടതി എസ്ബിഐയോട് നിർദ്ദേശിച്ചിരുന്നു.

 

Print Friendly, PDF & Email

Leave a Comment

More News