പാരേത്തോട് ആലംതുരുത്തി വഴിയുള്ള കെഎസ്ആർടിസി സർവീസ് മുടങ്ങുന്നതായി പരാതി

എടത്വ: നിരവധി പ്രതിഷേധ പരിപാടികൾക്ക് ശേഷം എടത്വായിൽ നിന്നും പുനരാരംഭിച്ച പാരേത്തോട്, ആലംതുരുത്തി വഴിയുള്ള കെഎസ്ആർടിസി സർവീസ് മുടങ്ങുന്നതായി പ്രദേശവാസികളുടെ പരാതി.

പല കാരണങ്ങളാല്‍ കെ.എസ്.ആർ.ടി.സി സർവ്വീസുകൾ ഈ റൂട്ടിൽ ദീർഘനാളായി നിർത്തി വച്ചിരുന്നതാണ്.എടത്വാ വികസന സമിതിയുടെ നിവേദനത്തെ തുടർന്ന് അന്നത്തെ സ്റ്റേഷൻ ഇൻ ചാർജ് ബി.രമേശ്കുമാർ വീണ്ടും ഷെഡ്യൂളുകൾ തുടങ്ങുകയും വിവിധ കേന്ദ്രങ്ങളില്‍ ബസിന് സ്വീകരണവും പ്രദേശവാസികൾ നല്കിയിരുന്നു.കഴിഞ്ഞ മാർച്ച് 15ന് ആണ് സർവീസ് പുനരാരംഭിച്ചത്.

രാവിലെ എട്ട് മണിക്ക് എടത്വാ ഡിപ്പോയിൽ നിന്നും പാരേത്തോട് വഴി തിരുവല്ലയ്ക്കും 09:05ന് തിരുവല്ലയിൽ നിന്നും പാരേത്തോട് വഴി ആലപ്പുഴയ്ക്കും വൈകുന്നേരം 04:00ന് ആലപ്പുഴ നിന്നും പാരേത്തോട് വഴി തിരുവല്ലയ്ക്കും വൈകുന്നേരം
5:00ന് തിരുവല്ലയിൽ നിന്നും പാരേത്തോട് വഴി എടത്വായ്ക്കും ആയിരുന്നു ഷെഡ്യൂളുകൾ. ഇപ്പോൾ ആലപ്പുഴയിൽ നിന്നുള്ള വൈകിട്ട് 4ന് പാരേത്തോട് വഴി തിരുവല്ലയ്ക്കുള്ള സർവീസാണ് വഴി തിരിച്ചുവിടുന്നത് മൂലം മുടങ്ങുന്നത്. ഈ സമയത്ത് സംസ്ഥാന പാതയിൽ പല ബസ്സുകളും സർവ്വീസ് നടത്തുന്നുണ്ടെന്നും വൈകിട്ട് 4ന് പാരേത്തോട് വഴി ഉള്ള സർവ്വീസ് നിർത്തലാക്കരുതെന്നും എടത്വ വികസന സമിതി പ്രസിഡന്റ് ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി.ഇടിക്കുള എന്നിവർ ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment

More News