അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ നഗരത്തിലുണ്ടായ ചാവേർ സ്‌ഫോടനത്തിൽ 21 പേർ കൊല്ലപ്പെട്ടു

കാണ്ഡഹാർ: അഫ്ഗാൻ നഗരമായ കാണ്ഡഹാറിൽ വ്യാഴാഴ്ചയുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 21 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രവിശ്യാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉത്തരവാദിത്തം ഉടനടി ആരും ഉന്നയിച്ചിട്ടില്ല. മാർച്ച് 11 ന് വിശുദ്ധ റമസാൻ ആരംഭിച്ചതിന് ശേഷം രാജ്യത്തുടനീളം ഒന്നിലധികം സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, താലിബാൻ ഉദ്യോഗസ്ഥർ കുറച്ച് മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളൂ.

അഫ്ഗാനിസ്ഥാൻ്റെ തലസ്ഥാനം കാബൂൾ ആണെങ്കിലും പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദ താലിബാൻ പ്രസ്ഥാനത്തിൻ്റെ ശക്തികേന്ദ്രമായ കാണ്ഡഹാർ നഗരത്തിലാണ് താമസിക്കുന്നത്.

റീജിയണൽ ഹോസ്പിറ്റലിലെ ഒരു ഡോക്ടറെ ഉദ്ധരിച്ച് ഏകദേശം രണ്ട് ഡസനോളം പേർ കൊല്ലപ്പെട്ടതായി ഒരു ബ്രിട്ടീഷ് മാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാല്‍, മൂന്ന് പേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും സർക്കാർ അറിയിച്ചു.

സെൻട്രൽ കാണ്ഡഹാർ നഗരത്തിലെ ന്യൂ കാബൂൾ ബാങ്ക് ശാഖയ്ക്ക് പുറത്ത് കാത്തുനിന്ന ഒരു കൂട്ടം ആളുകളെ ലക്ഷ്യമിട്ടാണ് രാവിലെ 8:00 മണിയോടെ (0330 GMT) സ്‌ഫോടനം ഉണ്ടായത്. ഇരകൾ സാധാരണക്കാരായിരുന്നു.

താലിബാൻ അധികൃതർ ബാങ്കിന് പുറത്തുള്ള പ്രദേശം വളയുകയും മാധ്യമപ്രവർത്തകരെ സംഭവ സ്ഥലത്തേക്ക് അടുക്കുന്നത് നിരോധിക്കുകയും ചെയ്തു.

യുഎസ് പിന്തുണയുള്ള സർക്കാരിനെ പുറത്താക്കി 2021 ഓഗസ്റ്റിൽ അധികാരം പിടിച്ചെടുത്ത ശേഷം താലിബാൻ തങ്ങളുടെ കലാപം അവസാനിപ്പിക്കുകയും, തന്മൂലം അഫ്ഗാനിസ്ഥാനിലെ ബോംബ് സ്ഫോടനങ്ങളുടെയും ചാവേർ ആക്രമണങ്ങളുടെയും എണ്ണം ഗണ്യമായി കുറയുകയും ചെയ്തു.

എന്നിരുന്നാലും, നിരവധി സായുധ സംഘങ്ങൾ — ദാഇഷിൻ്റെ പ്രാദേശിക ചാപ്റ്റർ ഉൾപ്പെടെ — ഒരു ഭീഷണിയായി തുടരുകയാണ്.

Print Friendly, PDF & Email

Leave a Comment

More News