ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവ നടി അരുന്ധതി നായരുടെ ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ കുടുംബവും സുഹൃത്തുക്കളും പാടുപെടുന്നു

തിരുവനന്തപുരം: മാർച്ച് 15ന് കോവളത്ത് ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നടി അരുന്ധതി നായരുടെ നില അതീവഗുരുതരമായി തുടരുന്നു. ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിലെ ചികിൽസാച്ചെലവുകൾക്കായി കുടുംബവും സുഹൃത്തുക്കളും ബുദ്ധിമുട്ടുകയാണ്.

അരുന്ധതിയുടെ ചികിത്സാച്ചെലവുകൾക്കായി ഇതിനകം 10 ലക്ഷം രൂപ ചിലവഴിച്ച കുടുംബം അടിയന്തര ധനസഹായം തേടുകയാണ്. നടിയുടെ ചികിൽസയ്ക്കായി എവിടെ നിന്ന് പണം കണ്ടെത്തുമെന്ന് ഒരു പിടിയുമില്ലാതെ കഴിയുകയാണ് കുടുംബം.

സെക്യൂരിറ്റി ജീവനക്കാരനായ മുരളീധരൻ നായരുടെയും അനിതയുടെയും മൂത്ത മകളാണ് അരുന്ധതി നായർ. തിരുവനന്തപുരം പാപ്പനംകോട് വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്.

നടി മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ (അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്‌സ്) അംഗമല്ലാത്തതിനാൽ സംഘടനയിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കില്ല.

മാർച്ച് 15 ന് രാത്രി തിരുവനന്തപുരം കോവളത്ത് ബന്ധു ഓടിച്ച ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഓട്ടോറിക്ഷയിൽ ഇടിച്ച ബൈക്ക് മറിഞ്ഞ് റോഡില്‍ വീണ അരുന്ധതിയുടെ തലയ്ക്കും തോളിനും കൈകൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടമുണ്ടാക്കിയ ഓട്ടോറിക്ഷ നിർത്താതെ പാഞ്ഞു പോയി.

ചില തമിഴ്, മലയാളം സിനിമകളിൽ അഭിനയിച്ച അരുന്ധതി നായർ ജനപ്രീതി നേടിവരികയായിരുന്നു. വിജയ് ആൻ്റണിയ്‌ക്കൊപ്പം തമിഴ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഏതാനും തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള അവർ ‘ഒറ്റക്കൊരു കാമുകൻ’, ‘വിരുന്ന്’ തുടങ്ങിയ സിനിമകളിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം മലയാളത്തിലും ചുവടുവെക്കുകയായിരുന്നു. ‘പ്രീമിയർ പത്മിനി’ എന്ന യൂട്യൂബ് സീരീസിലും അവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അരുന്ധതിയുടെ തുടർ ചികിത്സയ്ക്കായി അഭ്യുദയകാംക്ഷികളിൽ നിന്ന് അടിയന്തര ധനസഹായം തേടുകയാണ് അരുന്ധതിയുടെ കുടുംബം, പണം അയയ്‌ക്കേണ്ട ബാങ്ക് വിശദാംശങ്ങൾ നൽകിയിട്ടുണ്ട്.

പേര് – ആരതി എ.എം
അക്കൗണ്ട് നമ്പർ – 21610200003623
IFSC – FDRL0002161
ബാങ്ക് – ഫെഡറൽ ബാങ്ക്
ശാഖ – പാറ്റൂർ

 

Print Friendly, PDF & Email

Leave a Comment

More News