ഒഐസിസി ഗ്ലോബല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെയിംസ് കൂടലിന് ജന്മനാടിന്റെ ആദരവ്

കോന്നി : ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെയിംസ് കൂടലിന് ജന്മനാടിന്റെ ആദരവ്. കോണ്‍ഗ്രസ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് അദ്ദേഹം നാട്ടിലെത്തിയത്.

പ്രവാസിവോട്ടുകള്‍ തിരഞ്ഞെടുപ്പിലെ നിര്‍ണായകഘടകമാണെന്നും പ്രവാസികളെ മറന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായി ജനം തിരഞ്ഞെടുപ്പില്‍ വിധി എഴുതുമെന്നും ജെയിംസ് കൂടല്‍ പറഞ്ഞു. ഒഐസിസി പ്രവര്‍ത്തകര്‍ പ്രാദേശികതലത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സജീവ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. വീട്ടുമുറ്റങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രചരണ പരിപാടികള്‍ക്ക് പ്രാധാന്യം നല്‍കണം. കേരളത്തിലെ എല്ലാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചും ഒഐസിസിയുടെ സജീവ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. ജന്മനാടിന്റെ ആദരവ് വലിയ പ്രച്ഛോദനമാണെന്നും ജെയിംസ് കൂടല്‍ പറഞ്ഞു.

പത്തനംതിട്ട ജില്ലയിലെ കോണ്‍ഗ്രസിന് കിട്ടിയ അംഗീകാരമാണ് ജെയിംസ് കൂടലിന്റെ സ്ഥാനമെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കലഞ്ഞൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ ജെയിംസ് കൂടലുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നുവെന്നും ഒഐസിസി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.

പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ വിജയത്തിനായി ജെയിംസ് കൂടലിന്റെ ഭവനത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. ജെയിംസ് കൂടലിന്റെ നേതൃത്വത്തില്‍ 20 മണ്ഡലങ്ങളിലും വരും ദിവസങ്ങളില്‍ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും.

കെപിസിസി വക്താവ് അനില്‍ ബോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് ആനി സാബു അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന്‍, ഡിസിസി വൈസ് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് എസ്. സന്തോഷ് കുമാര്‍, തണ്ണിത്തോട് ബ്ലോക്ക് പ്രസിഡന്റ് ദേവകുമാര്‍ കോന്നി, കോന്നി ബ്ലോക്ക് പ്രസിഡന്റ് ദീനാമ്മ റോയി, ഡിസിസി സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, എലിസബത്ത് അബു, മണ്ഡലം പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയില്‍, കോന്നി തിരഞ്ഞടുപ്പ് കോ ഓഡിനേറ്റര്‍ റോജി ഏബ്രഹാം, സെക്രട്ടറി ഐവാന്‍, വിവിധ ഘടകകക്ഷി നേതാക്കളായ രവിപിള്ള, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മണ്ഡലം പ്രസിന്റ് രാജന്‍ പി ഡാനിയേല്‍, ജില്ലാ പഞ്ചായത്ത് അംഗം അജോമോന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് റല്ലു പി. രാജു, കോന്നി മണ്ഡലം മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് പ്രിയ എസ്. തമ്പി, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സൗദ റഹി, വാര്‍ഡ് പ്രസിഡന്റ് കെ. വി. രാജു, വിവിധ ജനപ്രതിനിധികള്‍, ഘടകക്ഷി നേതാക്കള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News