കേരളത്തില്‍ ഇന്ത്യാ സഖ്യം രൂപീകരണത്തിന് കാരണം രാഹുല്‍ ഗാന്ധിയുടെയും പിണറായി വിജയന്റെയും പ്രസ്താവനകളാണെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: ഇടതുപക്ഷം എൻ്റെ കുടുംബത്തെപ്പോലെയാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയും കേരളത്തിൽ ബി.ജെ.പിയെ വിജയിപ്പിക്കാൻ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളിയുമാണ് കേരളത്തില്‍ ഇന്ത്യാ സഖ്യം രൂപീകരിച്ചതിന്റെ തെളിവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലും വാളയാറിനപ്പുറമുള്ള സഖ്യം വേണമെന്ന് പരസ്യമായി പറഞ്ഞ ഇരുനേതാക്കളും പരസ്പരം സൗഹൃദമത്സരം കളിച്ച് നാട്ടുകാരെ കബളിപ്പിക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ കാരണം വോട്ടർമാരെ സമീപിക്കാൻ പോലും കഴിയാതെ ഇടതു സ്ഥാനാർത്ഥികൾ കുഴങ്ങുകയാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ ഇടതുപക്ഷത്തിന്റെ അടിത്തറ തകർത്തിരിക്കുകയാണ്. കോൺഗ്രസാണെങ്കിൽ 40 സീറ്റ് പോലും കിട്ടാത്ത ദയനീയ അവസ്ഥയിലാണ്. ഇനിയൊരു തിരിച്ചുവരവ് ഇല്ലെന്ന് ഉറപ്പായ കോൺഗ്രസിനും തകരുന്ന സിപിഎമ്മിനും പരസ്പരം കൈകോർക്കുകയല്ലാതെ മറ്റ് മാർഗമില്ല എന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

കാതലായ പ്രശ്‌നങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമായാണ് വടകരയിലെ സൈബർ യുദ്ധം ഇരുപക്ഷവും പ്രചരിപ്പിക്കുന്നത്. കേരളത്തിലെ 20 എംപിമാരും വൻ പരാജയമായിരുന്നു. സംസ്ഥാന സർക്കാരിലെ മന്ത്രിമാരും ജനങ്ങളെ ദ്രോഹിക്കുകയാണ്. എന്നാൽ, ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇരു മുന്നണികളും ആഗ്രഹിക്കുന്നില്ല. കരുവന്നൂരിലെ ഇരകൾക്ക് നീതി ലഭിക്കാതിരിക്കാനാണ് കോൺഗ്രസും സിപിഎമ്മും ശ്രമിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News