മഴത്തുള്ളിക്കിലുക്കം (ചെറുകഥ): മൊയ്തീന്‍ പുത്തന്‍‌ചിറ

രാവിലെ പെയ്തു തുടങ്ങിയ മഴ ഇതുവരെ അവസാനിച്ചിട്ടില്ല. രാത്രിയായപ്പോഴേക്കും മഴയ്ക്ക് കോപിച്ച മുഖം ആണെന്നു തോന്നി. ആരോടോ പക തീര്‍ക്കുന്നതുപോലെ തിമര്‍ത്തു പെയ്യുകയാണ്. പതിവുപോലെ ഈ സമയത്ത് കറണ്ടും ഇല്ല. മേശപ്പുറത്തിരുന്ന് കത്തിത്തീരുന്ന പഴയ റാന്തല്‍ വിളക്കിന്റെ തിരി ഒന്നുകൂടി നീട്ടി. പുക പിടിച്ച ചില്ലിലൂടെ നേരിയ വെളിച്ചം അരിച്ചിറങ്ങുന്നുണ്ട്. എന്റെ ജീവിതം പോലെ തന്നെയാണെന്നു തോന്നി ആ ചില്ലും. ജനലില്‍ കൂടി അടിച്ചു കയറിയ കാറ്റിന് അസാധാരണമായ തണുപ്പനുഭവപ്പെട്ടു. ഒരുപക്ഷേ മഴയായതുകൊണ്ടായിരിക്കണം ഇത്രയും തണുപ്പ്.

ഈ രാത്രിയില്‍ ഇനി വിശേഷിച്ച് ഒന്നും ചെയ്തു തീര്‍ക്കാനില്ല. ജനാലയില്‍ കൂടി വെറുതെ വെളിയിലേക്കു നോക്കി. ഒന്നുംതന്നെ കാണാന്‍ കഴിയുന്നില്ല. ഇരുട്ട് ഇരുട്ടിനെ മൂടിവെച്ചിരിക്കുകയാണ്. റാന്തലിന്റെ തിരി താഴ്ത്തി കട്ടിലില്‍ വന്നുകിടന്നു. മുറി മുഴുവന്‍ ഇപ്പോള്‍ ഇരുട്ടായി. പുറത്തെ ഇരുട്ട് മുറിക്കുള്ളിലേക്ക് കടന്ന് ആനന്ദനൃത്തം വെയ്ക്കുന്നുണ്ടാകുമോ? ഇരുട്ടല്ലേ….കാണാന്‍ കഴിയുന്നില്ല. കണ്ണടച്ചു കിടന്നാലും കണ്ണുതുറന്നു കിടന്നാലും ഇരുട്ടു തന്നെ.

ചിന്തകള്‍ മനസ്സിലേക്ക് അനുവാദം ചോദിക്കാതെ കടന്നു വരുന്നു. ഇനിയൊരിക്കലും മനസ്സിലേക്ക് കടന്നു വരരുത് എന്നാഗ്രഹിച്ച ചിന്തകള്‍ തന്നെയാണ് ആദ്യമേ എത്തുന്നത്. വിളിക്കാതെ കടന്നുവരുന്ന ഒരു അതിഥിയെപ്പോലെ. രൂപങ്ങളെല്ലാം നിഴലുകള്‍ പോലെയാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നെയെപ്പോഴോ നിഴലുകള്‍ക്കിടയില്‍ പല മുഖങ്ങളും കണ്ടുതുടങ്ങി. കഴിവുള്ള ഒരു ഛായാഗ്രഹകന്റെ ഫ്രെയിമില്‍ തെളിയുന്നതുപോലെ ഒരു തിരിവിളക്കിന്റെ വെട്ടത്തില്‍ ആ മുഖവും മനസ്സില്‍ തെളീഞ്ഞു. മായ്ക്കാന്‍ ശ്രമിച്ചിട്ടും മായാത്ത ഒരു നനുത്ത പുഞ്ചിരിയുമായി……ഒരു മഴക്കാലത്ത് മനസ്സിലേക്കു കടന്നു വന്ന അവള്‍ …..അതെ, കൃത്യമായി പറയുകയാണെങ്കില്‍ ഏഴു വര്‍ഷം. അന്നത്തെ മഴയ്ക്ക് ഏഴഴകായിരുന്നു. ആ നനവ് മനസ്സില്‍ സന്തോഷം തരുമായിരുന്നു. അന്നൊക്കെ മഴയുടെ ഫ്രെയിമുകളില്‍ അവളുടെ ആ മുഖവും കാണാമായിരുന്നു. പ്രണയം ഇല്ലായിരുന്നു ആദ്യമൊക്കെ.

പക്ഷെ, കണ്ണടയ്ക്കുമ്പോള്‍ അവളുടെ മുഖം മനസ്സിലേക്കു വരുമ്പോഴും, ഫോണ്‍ ബെല്ലടി കേള്‍ക്കുമ്പോള്‍ അത് അവള്‍ ആയിരിക്കണേ എന്നു മനസ്സു പറഞ്ഞു തുടങ്ങിയപ്പോഴും ഒരു കാര്യം മനസ്സിലായി……എനിക്കവളോട്  പ്രണയം ആയിരുന്നെന്ന്.

ഒരു മഴ ദിവസം അവളോടു കാര്യം പറഞ്ഞപ്പോള്‍ ഇതുവരെ കാണാത്ത ഒരു മുഖഭാവവുമായി എന്റെ കണ്ണുകളിലേക്കു നോക്കി നിന്നു. ആരാലും അറിയപ്പെടാതെ കിടന്ന ഉള്ളിന്റെയുള്ളിലെ പ്രണയത്തെ നനയിച്ചുകൊണ്ടായിരുന്നു ആ മഴ അന്നേരം പെയ്തതെന്നു തോന്നി. ജനലഴികളില്‍ പിടിച്ചു പുറത്തേക്കു നോക്കി നിന്ന അവളുടെ പുറകില്‍ ഞാനുണ്ടായിരുന്നു. ഇടിമിന്നലിന്റെ വെളിച്ചത്തില്‍ അവളുടെ മുഖം ……..കാറ്റില്‍ പറക്കുന്ന അവളുടെ മുടിയിഴകള്‍ മാടിയൊതുക്കി അവളുടെ പിന്‍‌കഴുത്തില്‍ എന്റെ ചുടുചുംബനമേറ്റ് തിരിഞ്ഞുനോക്കിയ അവളൂടെ മിഴികള്‍ നനവാര്‍ന്നിരുന്നുവോ…?

ഒരിക്കല്‍ അവളുടെ ഇ-മെയിലില്‍ ആ സന്ദേശം വന്നു. “……നീ ഓര്‍ക്കുന്നുവോ അന്ന് നമ്മള്‍ ആദ്യമായി കണ്ട ആ ദിനം….നേര്‍ത്ത ചാറ്റല്‍ മഴയില്‍ പാടവരമ്പത്തുകൂടി നാം നടന്നത്…..നീ എനിക്ക് ആമ്പല്‍‌ പൂക്കള്‍ പറിച്ചു തന്നത്…..ഒരു കുടക്കീഴില്‍ മഴ നനയാതെ നിന്നോട് ചേര്‍ന്ന് നടന്നത്…..പിന്നീട് നമ്മുടെ സമാഗമങ്ങളില്‍ എല്ലാം മഴയല്ലായിരുന്നുവോ? എന്നും നമുക്കു സന്തോഷം തന്നിരുന്ന മഴ……നാം പോലും അറിയാതെ നമുക്കിടയില്‍ മഴയും വളര്‍ന്നു. ആ മഴയ്ക്ക് നിന്റെ ഗന്ധമായിരുന്നു. മഴയില്‍ മുങ്ങിയ നമ്മുടെ പ്രണയദിനങ്ങള്‍ …..ഒരിക്കലും നമ്മുടെ പ്രണയം പെയ്തൊഴിഞ്ഞിരുന്നില്ല. പിന്നെന്താണ് നീ എന്നെ ഉപേക്ഷിച്ചു പോയത്…? എന്റെ ലോകത്ത് ഞാന്‍ ഇപ്പോള്‍ തനിച്ചാണ്. നീ പോയതില്‍‌പിന്നെ ഞാന്‍ മഴ കണ്ടിരുന്നില്ല. പക്ഷേ നിനക്കറിയാമോ ഞാനെന്റെ മണിവീണയില്‍ മുഖം അമര്‍ത്തി ശ്രുതികള്‍ ഉണര്‍ത്താതെ കാത്തിരിക്കുന്നത് ആ മഴയ്ക്കുവേണ്ടി മാത്രമാണ്. എന്റെ കനവുകളുടെ കനത്ത ഇരുളില്‍ വെള്ളിനൂലുകളായി അവ പെയ്യുന്നത് ഓര്‍ത്തുകൊണ്ട് അടുത്ത മഴ എത്തുന്നതിനു മുന്‍പെങ്കിലും നീ എന്റെ അരികില്‍ എത്തുമോ…? എനിക്ക് നിന്നെ ഇഷ്ടമാണ്….”

മറുപടി ഒരിക്കലും കൊടുക്കാന്‍ സാധിച്ചില്ല…..ഇന്നീ നിമിഷം വരെ !! പണ്ടൊക്കെ അര്‍ത്ഥമില്ലാത്ത ശല്യം എന്നു പറഞ്ഞിരുന്ന ഫോണ്‍ കോളുകളും ഇന്‍സ്റ്റന്റ് മെസ്സേജുകളും പിന്നീട് അവളുടെ ആ മുഖത്തെ ഓര്‍മ്മിപ്പിക്കുന്നതായി. അവയ്ക്കും അവയുടേതായ ആത്മാവും ജീവനും ഉണ്ടെന്നു തോന്നിപ്പോയി. പിന്നെ പല പാതകള്‍ തിരഞ്ഞിട്ടും, ദൂരസ്ഥലങ്ങളില്‍ ജീവിതം തേടി പോയപ്പോഴും ഒന്നുമാത്രം കൂട്ടിനുണ്ടായിരുന്നു…..ആ മിസ്ഡ് കോളുകള്‍ . ജീവിതം അവള്‍ക്കുവേണ്ടിയായിരിക്കണം എന്ന കണക്കുകൂട്ടലായിരുന്നു എല്ലാത്തിനും.

പണ്ടെപ്പോഴോ കൂട്ടുകാര്‍ക്കിടയില്‍ പ്രണയത്തെക്കുറിച്ച് ഒരു ചര്‍ച്ച വന്നപ്പോള്‍ മദ്യലഹരിയില്‍ ഒരു കൂട്ടുകാരന്‍ മദ്യക്കുപ്പി പൊതിഞ്ഞുകൊണ്ടുവന്ന കടലാസ്സിലെ ഒരു വാചകം വായിച്ചത് ഓര്‍മ്മ വരുന്നു. “ആരും ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കാത്ത, കാതോര്‍ക്കാത്ത ഇന്നത്തെ ലോകത്ത് എനിക്കുവേണ്ടി മാത്രം കരം നീട്ടുന്ന, കരുതുന്ന, കരളുരുകുന്ന ഒരാള്‍, കെട്ടുകാഴ്ചകളും കൊട്ടും കുരവകളുമില്ലാതെ സ്വന്തം മനസ്സിലേക്ക് എന്നെ ആരതിയുഴിഞ്ഞു കയറ്റുന്ന ഒരാള്‍, തികച്ചും വിശേഷമായ ഒരാള്‍ ….. ഈ മനോഹര സങ്കല്പമാണ് പ്രണയം….” സത്യമാണെന്നു തോന്നി. ആ ആളെയാണ് ജീവിതത്തിലേക്ക് സ്വീകരിക്കാന്‍ കഴിയാതെ യാത്രയാക്കിയിട്ട് ഞാന്‍ നടന്നകന്നത്.

മഴ വീണ്ടും കനക്കുന്നു. ഈ മഴയെ നേരിടാനുള്ള കരുത്ത് എനിക്കില്ല. എന്തെന്നില്ലാത്ത ഒരു പരവേശം. ഇനി ഏതാനും മിനിറ്റുകള്‍‌കൂടി മാത്രമേ കാണൂ. ഓര്‍മ്മകളും ചിന്തകളും തലച്ചോറില്‍ കിടന്നു മറിയുന്നു. കല്ലും മുള്ളും നിറഞ്ഞൊരു പാത പോലെ, പിടിച്ചാല്‍ കിട്ടാത്ത ഒരു പരല്‍ മീനിനെപ്പോലെ …. കയറാന്‍ വയ്യാത്ത ഒരു വഴുവഴുക്കന്‍ പാറ പോലെ ജീവിതം കൈയ്യില്‍ നിന്നു വഴുതിത്തുടങ്ങി. ഇനി തിരിച്ചു പോക്കില്ല.

കണ്ണില്‍ ഇപ്പോള്‍ ഇരുട്ടു കയറിത്തുടങ്ങി. മിസ്ഡ് കോളുകളെ സ്നേഹിച്ച ഞാന്‍ ഇനി ഇപ്പോള്‍ മുതല്‍ നിലവിലില്ലാത്തവനോ അല്ലെങ്കില്‍ ഔട്ട് ഓഫ് റേഞ്ച് ആയവനോ ആയിക്കൊണ്ടിരിക്കുന്നു. “പ്രണയം തിരുത്താനാവാത്ത തെറ്റും മറയ്ക്കാനാവാത്ത മുറിവും ആണ്” എന്ന വാചകം ആവട്ടെ എന്റെ അവസാനത്തെ ചിന്ത.

വിട……ആ മഴത്തുള്ളികള്‍ക്കിടയിലൂടെ അയാള്‍ നടന്ന് അപ്രത്യക്ഷനായി.

Print Friendly, PDF & Email

Leave a Comment

More News