ആദ്യത്തെ കണ്മണി (കഥ): മൊയ്തീന്‍ പുത്തന്‍ചിറ

ആശുപത്രിയില്‍ നിന്ന് ഇറങ്ങിയതു മുതല്‍ മനസ്സിനകത്തൊരു വീര്‍പ്പുമുട്ടലായിരുന്നു. ശ്രീയേട്ടനും മറ്റേതോ ലോകത്താണെന്നു തോന്നുന്നു.

യൂസുഫ് സറായിയില്‍ നിന്ന് ഗ്രീന്‍പാര്‍ക്കിലേക്ക് തിരിയുന്ന വളവിലെത്തിയപ്പോള്‍ പെട്ടെന്നാണ് കാര്‍ സഡന്‍ ബ്രേക്കിട്ട് നിര്‍ത്തിയത്. മുമ്പില്‍ നിര്‍ത്തിയിരുന്ന ഒരു ഓട്ടോറിക്ഷയുടെ പുറകില്‍ തൊട്ടുരുമ്മി നിന്നതും ഓട്ടോറിക്ഷാ ഡ്രൈവര്‍ ഇറങ്ങി വന്ന് എന്തൊക്കെയോ വിളിച്ചുപറയുകയും ചെയ്തിട്ടും ശ്രീയേട്ടന്‍ സ്റ്റിയറിംഗ് വീലില്‍ പിടിച്ച് അനങ്ങാതിരിക്കുന്നതുകണ്ട് ഞാന്‍ ചോദിച്ചു…

“എന്താ ശ്രീയേട്ടാ ഇത്. അയാള്‍ വന്ന് പറയുന്നതൊന്നും കേള്‍ക്കുന്നില്ലേ?”

ശ്രീയേട്ടന് അപ്പോഴാണ് പരിസരബോധം വന്നത്. ഉടനെ പുറത്തിറങ്ങി ഓട്ടോയുടെ അടുത്ത് പോയി ഡ്രൈവറുമായി എന്തൊക്കെയോ സംസാരിക്കുന്നതു കണ്ടു.

“ശ്രീയേട്ടാ, ഇങ്ങനെ അശ്രദ്ധയോടെ കാറോടിച്ചാല്‍ അപകടങ്ങള്‍ ഉണ്ടാകുമെന്നറിയില്ലേ? എന്നിട്ടും…”

“ഞാനെന്തൊക്കെയോ ഓര്‍ത്തിരുന്നുപോയി. അതാ…” ശ്രീയേട്ടന്‍റെ എക്സ്ക്യുസ്.

സഫ്ദര്‍ജംഗ് ഹോസ്പിറ്റലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മുതല്‍ ഞാന്‍ ശ്രീയേട്ടനെ ശ്രദ്ധിക്കുകയായിരുന്നു. ആകെ ടെന്‍ഷനടിച്ചിരിക്കുകയാണെന്ന് ആ മുഖഭാവം കണ്ടാലറിയാം. അല്ലെങ്കിലും അങ്ങനെയാണ് ശ്രീയേട്ടന്‍. നിസ്സാര കാരണം മതി പിന്നെ ആ ദിവസം മുഴുവന്‍ അതേക്കുറിച്ച് ആലോചിച്ച് നടക്കും.

ശ്രീയേട്ടനു മാത്രമല്ല എന്‍റെ ഉള്ളവും പിടയ്ക്കുകയായിരുന്നു. പിന്നെ എല്ലാം ദൈവത്തിനു വിട്ടുകൊടുത്ത് ഞാന്‍ സമാധാനിക്കുകയാണ്.

ഇന്നലെ രാവിലെ മുതല്‍ ആകെ ഒരു തളര്‍ച്ച പോലെ തോന്നിയതാണ്. ശ്രീയേട്ടനോട് അക്കാര്യം പറഞ്ഞില്ല. പക്ഷെ, വൈകീട്ട് ഓഫീസില്‍ നിന്നു വന്ന ശ്രീയേട്ടന്‍ എന്‍റെ കിടപ്പുകണ്ട് ആകെ വേവലാതി പൂണ്ടു. എന്തുകൊണ്ട് രാവിലെ പറഞ്ഞില്ലെന്നായി പരിഭവം. ഞാന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ, ശ്രീയേട്ടന്‍ അത് കേട്ടില്ല. രാത്രിയായപ്പോഴേക്കും തീരെ വയ്യെന്നായി. നീതി ബാഗില്‍ താമസിക്കുന്ന ഡോക്ടര്‍ മാലിനിയെ വിളിച്ചു. തല്‍ക്കാലം മരുന്നൊന്നും കൊടുക്കേണ്ടെന്നും എന്തെങ്കിലും കൂടുതല്‍ കോംപ്ലിക്കേഷന്‍സ് ഉണ്ടാകുകയാണെങ്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും നിര്‍ദ്ദേശിച്ചു. എന്തായാലും രാവിലെ ഹോസ്പിറ്റലിലേക്ക് വരൂ. ഒരു ചെക്കപ്പ് നടത്തിയേക്കാമെന്ന് ഡോക്ടര്‍ പറഞ്ഞതനുസരിച്ചാണ് ഇന്ന് പോയത്.

രാവിലെ എട്ടു മണിയായപ്പോഴേക്കും സഫ്ദര്‍ജംഗ് ഹോസ്പിറ്റലിലെത്തി. കൗണ്ടറില്‍ പേര് രജിസ്റ്റര്‍ ചെയ്തു. ഒന്‍പതു മണിക്ക് ഡോക്ടറെ കാണാനുള്ള കാര്‍ഡ് തന്നു. ഡോക്ടറെ പരിചയമുള്ളതുകൊണ്ട് അവര്‍ തന്നെ നേരത്തെ എന്‍റെ പേരും മറ്റു വിവരങ്ങളും കൊടുത്തിരുന്നതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമായി…

ഡോക്ടര്‍ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. എന്നോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ശ്രീയേട്ടന്‍ മറുപടി പറയുന്നതുകേട്ട് ഡോക്ടര്‍ക്ക് ചിരി വന്നു. അതു കണ്ടിട്ടാകാം ശ്രീയേട്ടന്‍ പിന്നീടൊന്നും പറഞ്ഞില്ല. തലേദിവസത്തെ വിവരങ്ങള്‍ വള്ളിപുള്ളി വിടാതെ ശ്രീയേട്ടന്‍ പറഞ്ഞുകൊടുത്തെങ്കിലും എന്നോട് കാര്യങ്ങള്‍ തിരക്കി.

“ഇന്നലെ രാവിലെ കിച്ചനില്‍ നില്‍ക്കുമ്പോള്‍ തലകറങ്ങുന്നതുപോലെ തോന്നി. കൗണ്ടര്‍ ടോപ്പില്‍ പിടിച്ചതുകൊണ്ട് താഴെ വീണില്ല. പക്ഷെ വയറിന്‍റെ ഇടതുവശം സ്ലാബില്‍ ഇടിച്ചോ എന്നൊരു സംശയം.”

“കേട്ടോ ഡോക്ടര്‍ ഇവള്‍ അങ്ങനെയാണ്. ഇന്നലെ ആ സംഭവം നടന്നു കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞതാ ഡോക്ടറെ കാണണമെന്ന്. കൂട്ടാക്കിയില്ല.” ശ്രീയേട്ടന്‍ പരിഭവത്തോടെ പറഞ്ഞു.

ഡോക്ടര്‍ വിശദമായിത്തന്നെ പരിശോധനയും നടത്തി. വിളര്‍ച്ചയും മറ്റും കണ്ടതുകൊണ്ടാകാം ഒരു ടോണിക്കിന് കുറിപ്പു തന്നു. മറ്റൊരു മരുന്നും തല്‍ക്കാലം കഴിക്കേണ്ടെന്നും കുഴപ്പമൊന്നും കാണുന്നില്ലെന്നും പറഞ്ഞു. എങ്കിലും ഒന്ന് സ്കാന്‍ ചെയ്തു കളയാമെന്ന് പറഞ്ഞപ്പോള്‍ സംശയം തോന്നി.

ഡോക്ടര്‍ സ്കാനിംഗിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു.

സ്കാനിംഗിനായി അല്പസമയം കാത്തുനില്‍ക്കേണ്ടി വന്നു. വെയ്റ്റിംഗ് റൂമില്‍ കാത്തിരുന്ന ഞങ്ങളെ ഡോക്ടര്‍ അകത്തേക്ക് വിളിപ്പിച്ചു. ഞങ്ങള്‍ വന്നപ്പോള്‍ കണ്ട ഡോക്ടറുടെ മുഖഭാവമല്ല ഇപ്പോള്‍..! ഡോക്ടര്‍ക്ക് പറയാനുള്ളത് അത്ര സുഖമുള്ള വിവരങ്ങളായിരിക്കില്ല എന്ന് അപ്പോഴേ ഊഹിച്ചു. ഡോക്ടര്‍ ഞങ്ങളെ നോക്കി ചിരിക്കാന്‍ ശ്രമിച്ചെങ്കിലും അതില്‍ ഒരു കൃത്രിമത്വം പതിയിരിക്കുന്നില്ലേ എന്നെനിക്കു തോന്നി. ഒരുതരം നിസ്സംഗതയോ നിസ്സഹായതയോ ആ മുഖത്ത് പ്രതിഫലിക്കുന്നുണ്ടെന്ന് തോന്നി.

“എന്തെങ്കിലും പ്രശ്നമുണ്ടോ ഡോക്ടര്‍?”

ആകാംക്ഷയോടെ ഞങ്ങള്‍ ചോദിച്ചു.

“നിങ്ങള്‍ ഇരിക്കൂ”

ഡോക്ടറുടെ മുഖഭാവം ശ്രദ്ധിച്ചുകൊണ്ടു തന്നെ ഞങ്ങള്‍ ഇരുന്നു. ഈ ഔപചാരികതയൊന്നും പതിവില്ലാത്തതാണല്ലൊ. ഞാന്‍ ശ്രീയേട്ടനെ നോക്കി. ശ്രീയേട്ടനും ഒന്നും മനസ്സിലാവുന്നില്ലെന്ന് എനിക്കും തോന്നി.

“വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ എനിക്ക് നിങ്ങളോട് പറഞ്ഞേ പറ്റൂ. നിങ്ങള്‍ ടെന്‍ഷനടിക്കേണ്ടതില്ല. എല്ലാം ദൈവ നിശ്ചയമെന്ന് മനസ്സിലാക്കിയാല്‍ മതി..”

ഡോക്ടറുടെ മുഖവുരയില്‍ തന്നെ എന്തോ പന്തികേടു തോന്നി.

“എന്താ ഡോക്ടര്‍?”

“കഴിഞ്ഞ പ്രാവശ്യത്തെ സ്കാനിംഗില്‍ കണ്ട പോലെയല്ല ഇപ്പോള്‍ കാണുന്നത്. കുട്ടിയുടെ പൊസിഷന്‍ അല്പം മാറിയിട്ടുണ്ട്..”

“ഡോക്ടര്‍ പറഞ്ഞുവരുന്നത്?”

“ഈ പൊസിഷനിലാണ് കുഞ്ഞ് വളരുന്നതെങ്കില്‍ ഒരുപക്ഷെ അതൊരു റിസ്ക് ആകാന്‍ സാധ്യതയുണ്ട്. അതായത് കുഞ്ഞിനോ അമ്മയ്ക്കോ അത് ദോഷകരമായി ബാധിക്കാം. ഗര്‍ഭ പാത്രത്തിനും ക്ഷതമേല്‍ക്കാന്‍ സാധ്യത കൂടും. കുഞ്ഞ് ജനിക്കുമ്പോള്‍ നോര്‍മലാകാനുള്ള സാധ്യതയും കുറവാണ്..”

പിന്നീട് ഡോക്ടര്‍ പറഞ്ഞതെല്ലാം ഞെട്ടലോടെയാണ് കേട്ടിരുന്നത്. ശ്രീയേട്ടന്‍റെ മുഖം വലിഞ്ഞു മുറുകുന്നത് ഞാന്‍ ശ്രദ്ധിച്ചു. എന്‍റേയും അവസ്ഥ മറിച്ചായിരുന്നില്ല. യാന്ത്രികമായിരുന്നു ഡോക്ടറോട് ഓരോ കാര്യങ്ങള്‍ ചോദിച്ചത്. അപ്പോഴും പ്രതീക്ഷകളായിരുന്നു മനസ്സു നിറയെ.

“നിങ്ങള്‍ ഇപ്പോള്‍ ഇതേക്കുറിച്ച് ആലോചിച്ച് മനസ്സ് വിഷമിപ്പിക്കേണ്ട. എന്‍റെ കണ്ടെത്തലുകള്‍ ശരിയാണോ എന്ന് എന്‍റെ സീനിയര്‍ ഡോക്ടര്‍ മല്‍ഹോത്രയുമായി ഒന്ന് കണ്‍സള്‍ട്ട് ചെയ്യട്ടേ. അദ്ദേഹം ഈ ഹോസ്പിറ്റലിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റാണെന്ന് അറിയാമല്ലോ. ഇവിടെ മാത്രമല്ല, അമേരിക്കയില്‍ പോലും അദ്ദേഹം അറിയപ്പെട്ട ഗൈനക്കോളജിസ്റ്റാണ്. അവിടത്തെ ജോലി ഉപേക്ഷിച്ചാണ് ഈ ഹോസ്പിറ്റലില്‍ അദ്ദേഹം പ്രാക്ടീസ് ചെയ്യുന്നത്. തീര്‍ച്ചയായും ഒരു പോസിറ്റീവ് റിപ്പോര്‍ട്ട് അദ്ദേഹം തരുമെന്ന പ്രതീക്ഷയുണ്ട്. വിവരങ്ങള്‍ ഞാന്‍ ഫോണ്‍ ചെയ്ത് പറയാം. ഇങ്ങോട്ട് വരേണ്ട ആവശ്യമില്ല.”

ഡോക്ടര്‍ പറഞ്ഞു നിര്‍ത്തി.

“ശ്രീയേട്ടാ, ഡോക്ടര്‍ പറഞ്ഞതോര്‍ത്ത് വണ്ടിയോടിച്ചാല്‍ നമ്മള്‍ എവിടെയായിരിക്കും എത്തുക എന്നറിയാമല്ലോ. അതുകൊണ്ട് വീട്ടില്‍ ചെന്നിട്ട് നമുക്ക് ആലോചിക്കാം. ഇപ്പോള്‍ സൂക്ഷിച്ച് ഓടിക്കുക.” ശ്രീയേട്ടന്‍ തന്‍റെ മുഖത്തേക്ക് നോക്കി കാര്‍ സ്റ്റാര്‍ട്ട് ചെയ്തു.

ഹൗസ് ഖാസിലെ വീടെത്തുന്നതുവരെ ശ്രീയേട്ടന്‍ ഒരക്ഷരം ഉരിയാടിയില്ല.

“എനിക്ക് നല്ല ക്ഷീണം. ഞാനൊന്ന് കിടക്കട്ടെ..”

വീട്ടിലെത്തിയ ഉടനെ ശ്രീയേട്ടന്‍ പറഞ്ഞു.

മനസ്സിലൂടെ ഒരായിരം ചിന്തകള്‍ കടന്നുപോയി. ഡ്രസ്സ് മാറി ബാല്‍ക്കണിയില്‍ പോയി നിന്നു. ഡോക്ടര്‍ എന്തായിരിക്കും ഇനി പറയാന്‍ പോകുന്നത്? കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുമോ? ഡോക്ടര്‍ മല്‍ഹോത്ര എന്തെങ്കിലും പോംവഴി പറയുമോ? ആകാംക്ഷ കൊണ്ട് ശരീരത്തിന് വിറയല്‍ വന്നതുപോലെ. വിവാഹം കഴിഞ്ഞ് നീണ്ട നാലു വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞങ്ങളുടെ ആദ്യത്തെ കണ്മണി പിറക്കാന്‍ പോകുന്നത്. അത് ആണായാലും പെണ്ണായാലും ഞങ്ങളുടെ കണ്മണി തന്നെ. നാട്ടില്‍ നിന്ന് അഛനും അമ്മയുമൊക്കെ വിളിക്കുമ്പോള്‍ ഒരേ ഒരു ചോദ്യമാണ്. ഓരോരോ ഒഴികഴിവുകള്‍ പറഞ്ഞ് തോറ്റു. ഇപ്പോള്‍ അവരുടെയും മനസ്സ് തണുത്തിരിക്കുകയാണ്. അതിനിടയില്‍ ഇങ്ങനെയൊരു വാര്‍ത്ത കൂടി കേട്ടാലത്തെ അവസ്ഥ ഓര്‍ക്കാന്‍ കൂടി വയ്യ.

ഊണു കഴിയ്ക്കാന്‍ ശ്രീയേട്ടനെ വിളിച്ചുണര്‍ത്തി. എന്തൊക്കെയോ കഴിച്ചെന്നു വരുത്തി. തീരെ വിശപ്പു തോന്നുന്നില്ല. എങ്കിലും എന്തെങ്കിലും കഴിച്ചല്ലേ പറ്റൂ. ശ്രീയേട്ടന്‍റെ നിര്‍ബ്ബന്ധത്തിന് വഴങ്ങി താനും കഴിച്ചെന്നു വരുത്തി.

രാവിലെ മുതല്‍ ഹോസ്പിറ്റലിലായിരുന്നതുകൊണ്ട് നല്ല ക്ഷീണം തോന്നി. കട്ടിലില്‍ ചെന്നു കിടന്നതേ ഉറക്കം കണ്‍പോളകളെ തഴുകിയുറക്കി. ശ്രീയേട്ടന്‍ വിളിച്ചപ്പോഴാണ് കണ്ണുതുറന്നത്. സമയം അഞ്ചു മണി! ഹോ… ഇത്രനേരവും ഞാന്‍ ഉറങ്ങിയോ? ശ്രീയേട്ടന്‍ ഉണ്ടാക്കിയ ചൂടു ചായ മൊത്തിക്കുടിച്ചപ്പോള്‍ ഒരുേډഷം തോന്നി.

കുട്ടികളുടെ കലപില ശബ്ദം കേട്ട് ബാല്‍ക്കണിയിലേക്ക് ചെന്നു. വീടിനു മുന്‍പിലെ പാര്‍ക്കില്‍ കുട്ടികള്‍ ഓടിക്കളിക്കുകയാണ്. ഹൗസിംഗ് കോളനിയിലെ മിക്ക വീടുകളില്‍ നിന്നും അമ്മമാര്‍ കുട്ടികളേയും കൊണ്ടു ഈ പാര്‍ക്കിലാണ് വരുന്നത്. കുട്ടികള്‍ക്കാണെങ്കില്‍ ഏറെ സന്തോഷം. അവരുടെ നിഷ്ക്കളങ്കമായ ചിരിയും കുസൃതിത്തരങ്ങളും ഏറെ നേരം നോക്കി നിന്നു. പാര്‍ക്കിനു പുറത്ത് ഐസ് ക്രീം വണ്ടിയുടെ മണിയടി കേട്ടപ്പോള്‍ എല്ലാവരുടേയും ശ്രദ്ധ അങ്ങോട്ടായി. മക്കള്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട ഐസ് ക്രീം വാങ്ങിക്കൊടുക്കുന്ന തിരക്കിലായ അമ്മമാരെ നോക്കി നെടുവീര്‍പ്പിട്ടു. തനിക്കും ഇതുപോലെ തന്‍റെ കുഞ്ഞിന് ഐസ് ക്രീം വാങ്ങിക്കൊടുക്കാന്‍ കഴിയുമോ? മനസ്സ് വെമ്പി.

വൈകുന്നേരം പണിക്കരു ചേട്ടനും ശാന്ത ചേച്ചിയും വന്നു. ഞങ്ങള്‍ ഹോസ്പിറ്റലില്‍ പോകുന്ന കാര്യം അവരോടു പറഞ്ഞിരുന്നു. മാളവ്യ നഗറിലാണവര്‍ താമസിക്കുന്നത്. ഞങ്ങളുടെ കുടുംബ സുഹൃത്തുക്കളില്‍ ഏറ്റവും അടുപ്പമുള്ളവരും അവര്‍ തന്നെ. ഡല്‍ഹി ഡവലപ്മെന്‍റ് അഥോറിറ്റിയില്‍ നിന്ന് ചീഫ് എഞ്ചിനീയറായി വിരമിച്ച പണിക്കരു ചേട്ടനും എയിംസിലെ സ്റ്റാഫ് നഴ്സ് ശാന്ത ചേച്ചിയും മാളവ്യ നഗര്‍ ഡിഡിഎ ഫ്ളാറ്റിലാണ് താമസം. ശാന്ത ചേച്ചി എനിക്ക് അമ്മയും ചേച്ചിയുമൊക്കെയാണ്. അത്രയും സ്നേഹമാണ് അവര്‍ക്ക് എന്നോട്. മക്കളില്ലാത്ത അവര്‍ക്ക് ഞങ്ങള്‍ മക്കളെപ്പോലെയാണ്.

“രണ്ടു പേരുമെന്താ ആകെ ടെന്‍ഷനടിച്ചിരിക്കുന്നത്?”

വന്നപാടെ സ്വതസിദ്ധമായ ഫലിതത്തോടെ പണിക്കരു ചേട്ടന്‍ ചോദിച്ചു.

ശാന്ത ചേച്ചി എന്നെയും കൂട്ടി അടുക്കളയിലേക്ക് പോയി. ഉണ്ടായ സംഭവങ്ങളെല്ലാം ചേച്ചിയോടു പറഞ്ഞു. അവസാനം ചേച്ചി പറഞ്ഞു…

“ഡോക്ടര്‍ അങ്ങനെയൊരു സംശയം പറഞ്ഞ സ്ഥിതിക്ക് ഇനി അതേക്കുറിച്ച് ആലോചിക്കണോ?”

“എനിക്കൊന്നും അറിയില്ല ചേച്ചീ. ഞാനാകെ തകര്‍ന്നിരിക്കുകയാണ്.”

“അങ്ങനെ പറഞ്ഞാല്‍ ശരിയാകുമോ മോളെ. തീരുമാനമെടുക്കണമെങ്കില്‍ എത്രയും വേഗം വേണം. വൈകിയാല്‍….”

“ചേച്ചീ, അതിന് ഞാന്‍….”

“മോളുടെ വിഷമം എനിക്ക് മനസ്സിലാകും. ഏതായാലും ഡോക്ടര്‍ മാലിനി നാളെ വിവരം പറയുമല്ലോ. അപ്പോള്‍ എന്താണെന്നു വെച്ചാല്‍ തീരുമാനിക്കാം. അതുവരെ ടെന്‍ഷനൊന്നും പാടില്ല.”

ചേച്ചി ഉപദേശിച്ചു.

ഇതേ അനുഭവം തന്നെയായിരുന്നു ശ്രീയേട്ടന്‍റേയും. പണിക്കരു ചേട്ടന്‍ ഒരു ജ്യേഷ്ഠനെപ്പോലെ ശ്രീയേട്ടനെ ഉപദേശിച്ചു. നാളെ വരാമെന്നു പറഞ്ഞ് രണ്ടു പേരും പോയി.

വളരെ വൈകിയാണ് രാത്രി കിടന്നത്. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും എത്രനേരമാണ് കിടന്നതെന്ന് അറിയില്ല. ശ്രീയേട്ടനും ഉറങ്ങിയിട്ടില്ലെന്നു മനസ്സിലായി.

ചിന്തകള്‍ കാടു കയറുകയാണ്. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതേ ഇല്ല. അന്നത്തെ ആ സംഭവമാണ് എല്ലാത്തിനും തുടക്കമിട്ടത്. ആര്‍.കെ.പുരം സെക്ടര്‍ നാലിലുള്ള ശ്രീയേട്ടന്‍റെ സുഹൃത്ത് രവിയുടെ മകന്‍റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് തിരിച്ചു വരുന്ന വഴിയാണ് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ആ സംഭവം നടന്നത്. പാര്‍ട്ടി കഴിഞ്ഞ് തിരിച്ചു വരുന്ന വഴി സരോജിനി നഗറും രാജ് നഗറും ചേരുന്ന ജംഗ്ഷനില്‍ ഗ്രീന്‍ സിഗ്നല്‍ കാത്തു നില്‍ക്കുകയായിരുന്ന ശ്രീയേട്ടന്‍റെ ബൈക്കിനു പുറകില്‍ പെട്ടെന്നാണ് ആ ബസ് വന്നിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഞങ്ങള്‍ രണ്ടു പേരും തെറിച്ചു വീണു. ഭാഗ്യത്തിന് സൈഡിലേക്ക് വീണതുകൊണ്ട് മറ്റു വാഹനങ്ങളില്‍ നിന്ന് രക്ഷപ്പെട്ടു. അപ്പോഴേക്കും തൊട്ടടുത്തുള്ള ബസ് സ്റ്റോപ്പില്‍ നിന്ന് ആളുകള്‍ ഓടിക്കൂടി ആരൊക്കെയോ ചേര്‍ന്ന് തന്നെ താങ്ങിയെഴുന്നേല്പിച്ചു. തലയ്ക്കകത്ത് ഒരു പെരുപ്പ് പോലെ തോന്നി. ആകെ മൂടിക്കെട്ടിയ പോലെ ഒന്നും വ്യക്തമായി കാണാന്‍ കഴിഞ്ഞില്ല. ശ്രീയേട്ടാ എന്ന എന്‍റെ വിളി കേട്ടിട്ടെന്നോണം ഒരു മലയാളി അടുത്തു വന്നു. പേടിക്കേണ്ടെന്ന് ആശ്വസിപ്പിച്ച് ചുറ്റും നോക്കി. അപ്പോഴേക്കും ശ്രീയേട്ടനെ രണ്ടു പേര്‍ താങ്ങി നടത്തിച്ച് അടുത്തേക്ക് വന്നു. ശ്രീയേട്ടന്‍റെ നെറ്റിയില്‍ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. അത് കണ്ടതോടെ ഞാന്‍ ബോധം കെട്ടു.

ബോധം വീണപ്പോള്‍ ഞങ്ങള്‍ സഫ്ദര്‍ജംഗ് ഹോസ്പിറ്റലിന്‍റെ അത്യാഹിത വിഭാഗത്തിലായിരുന്നു. കണ്ണു തുറന്നപ്പോള്‍ ചുറ്റും നഴ്സുമാരും ഡോക്ടര്‍മാരുമുണ്ട്.

“ശ്രീയേട്ടന്‍…..?” ഞാന്‍ ചുറ്റും നോക്കി.

എന്‍റെ നോട്ടം കണ്ട് നഴ്സുമാരില്‍ ഒരാള്‍ പറഞ്ഞു..

“പേടിക്കേണ്ട. ഹസ്ബന്‍റിന് കുഴപ്പമൊന്നുമില്ല. ഒരു ചെറിയ മുറിവ്. അത് ഡ്രസ് ചെയ്തു. ആള്‍ ഇപ്പോഴിങ്ങെത്തും…”

പറഞ്ഞു തീരും മുന്‍പേ ശ്രീയേട്ടനെത്തി. എന്നെ ആശ്വസിപ്പിച്ചു. അപകട സമയത്ത് ഞങ്ങള്‍ക്കു വേണ്ട എല്ലാ സഹായങ്ങളും ചെയ്ത ആ മലയാളിയും കൂടെയുണ്ടായിരുന്നു. ആരാണെന്നോ എവിടത്തുകാരനെന്നോ ഒന്നും അറിയാത്ത ആ മനുഷ്യന്‍ ഞങ്ങളെ ആശ്വസിപ്പിക്കാനും സഹായിക്കാനും കൂടെയുണ്ടായിരുന്നു. ശ്രീയേട്ടന്‍ അയാള്‍ക്ക് നന്ദി പറഞ്ഞു. പക്ഷെ ആ മനുഷ്യന്‍ പോകാന്‍ കൂട്ടാക്കിയില്ല. ഡോക്ടറെ കാണാനും, വിവരങ്ങളന്വേഷിക്കാനുമൊക്കെ അയാള്‍ ഓടി നടന്നു. കൂട്ടത്തില്‍ ശ്രീയേട്ടന്‍റെ ആര്‍.കെ. പുരത്തുള്ള സുഹൃത്തിനെ വിവരമറിയിക്കാമെന്നും പറഞ്ഞു. ഞങ്ങളെ താങ്ങിയെടുത്ത് കാറില്‍ കയറ്റിയതുകൊണ്ടാകാം അയാളുടെ ഷര്‍ട്ടിലും മറ്റും രക്തം പറ്റിപ്പിടിച്ചിരിക്കുന്നത് ഞാന്‍ കണ്ടു. ശ്രീയേട്ടനും അതു കണ്ടു…

“നിങ്ങളുടെ ഷര്‍ട്ടില്‍ രക്തക്കറയുണ്ട്. വീട്ടിലേക്ക് പോയ്ക്കോ. ഞങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ലല്ലോ…” ശ്രീയേട്ടന്‍ പറഞ്ഞു.

“അതു സാരമില്ല. നിങ്ങളുടെ സുഹൃത്തിന്‍റെ ഫോണ്‍ നമ്പര്‍ തരൂ. ഞാന്‍ അവരെ വിളിച്ച് വിവരങ്ങള്‍ പറയാം. അവര്‍ വന്നിട്ട് ഞാന്‍ പൊയ്ക്കൊള്ളാം…”

അയാള്‍ അതു പറഞ്ഞപ്പോഴാണ് ശ്രീയേട്ടന്‍റെ മൊബൈല്‍ പോക്കറ്റില്‍ ഇല്ല എന്ന് മനസ്സിലായത്. അത് അപകടം നടന്ന സമയത്ത് എവിടെയോ തെറിച്ചു പോയിരുന്നു. ശ്രീയേട്ടന്‍റെ വിഷമം കണ്ട് അയാള്‍ പറഞ്ഞു… അത് സാരമില്ല. സെക്ടര്‍ നാലില്‍ ക്വാര്‍ട്ടേഴ്സ് നമ്പര്‍ പറഞ്ഞാല്‍ മതി. ഞാന്‍ അവിടെ പോയി വിവരം അറിയിക്കാം എന്ന്…

ശ്രീയേട്ടന്‍ അയാള്‍ക്ക് അഡ്രസ് പറഞ്ഞുകൊടുത്തു. അയാള്‍ പോകുന്നതിനു മുന്‍പ് ശ്രീയേട്ടന്‍ കെട്ടുതാലിയടക്കം എന്‍റെ ആഭരണങ്ങള്‍ മുഴുവനും, ശ്രീയേട്ടന്‍റെ കൈയ്യില്‍ കെട്ടിയിരുന്ന ബ്രെയ്സ്ലെറ്റും വാച്ചും എന്തിനു പറയുന്നു മോതിരം വരെ ഊരി കര്‍ച്ചീഫില്‍ പൊതിഞ്ഞ് അയാളെ ഏല്പിച്ചു. ആശുപത്രിയിലെത്തിയപ്പോള്‍ എന്‍റെ ആഭരണങ്ങള്‍ ഊരിയെടുത്തത് ഒരു മലയാളി നഴ്സ് ആയിരുന്നു. അവരത് ശ്രീയേട്ടനെ ഏല്പിച്ചിരുന്നു.

ആഭരണങ്ങള്‍ അയാളെ ഏല്പിച്ചപ്പോള്‍ അയാള്‍ അമ്പരന്നു. അതൊക്കെ ഇവിടെത്തന്നെ സൂക്ഷിച്ചാല്‍ മതിയെന്ന് അയാള്‍ പറഞ്ഞെങ്കിലും ശ്രീയേട്ടന്‍ സമ്മതിച്ചില്ല. ആശുപത്രിയില്‍ എന്തും സംഭവിക്കാം. അതുകൊണ്ട് ഈ ആഭരണങ്ങള്‍ രവിയെ ഏല്പിച്ചാല്‍ മതിയെന്നു പറഞ്ഞാണ് കൊടുത്തുവിട്ടത്. മനസ്സില്ലാമനസ്സോടെ അയാളതു വാങ്ങുകയും ചെയ്തു. ഒരു മണിക്കൂറിനകം ശ്രീയേട്ടന്‍റെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തി. പിന്നീട് കാര്യങ്ങളെല്ലാം ദ്രുതഗതിയിലായി. അതിനിടെ വിവരമറിഞ്ഞ് പണിക്കരു ചേട്ടനും എത്തിയിരുന്നു. എല്ലാ കാര്യങ്ങളും ചെയ്തു തരാന്‍ പണിക്കരു ചേട്ടനും സുഹൃത്തുക്കളുമുണ്ടായിരുന്നു. പക്ഷെ, ഞങ്ങളെ ആശുപത്രിയിലെത്തിച്ച ആ മലയാളിയെ മാത്രം കണ്ടില്ല. അതെനിക്ക് അത്ഭുതമായി തോന്നി. തമ്മില്‍ യാതൊരു പരിചയവുമില്ലാത്ത ഞങ്ങളെ ഇവിടെ എത്തിച്ച് ആ മനുഷ്യന്‍ എവിടെപ്പോയി? ഇക്കാര്യം സുഹൃത്തുക്കളുമായി ശ്രീയേട്ടന്‍ സംസാരിച്ചു. അപ്പോഴാണ് മറ്റൊരു സംഭവം ഞങ്ങള്‍ അറിയുന്നത്.

ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ അയാള്‍ ആര്‍.കെ. പുരം വരെ ഓട്ടോറിക്ഷയില്‍ വന്നു. പക്ഷെ, ശ്രീയേട്ടന്‍ പറഞ്ഞു കൊടുത്ത ക്വാര്‍ട്ടേഴ്സ് നമ്പറില്‍ അന്വേഷിച്ചപ്പോള്‍ അത് തെറ്റായ അഡ്രസ്സാണെന്നു മനസ്സിലായി. അപകടം നടന്ന ആ വെപ്രാളത്തിനിടയില്‍ ശ്രീയേട്ടന്‍ പറഞ്ഞുകൊടുത്ത ക്വാര്‍ട്ടേഴ്സ് നമ്പര്‍ തെറ്റായിരുന്നു. അവിടെ ചെന്നപ്പോഴാണ് അത് ഒരു ഹിന്ദിക്കാരന്‍ താമസിക്കുന്നതാണെന്ന് മനസ്സിലായത്. തൊട്ടടുത്ത ബ്ലോക്കിലും അയാള്‍ അന്വേഷിച്ചു. ഷര്‍ട്ടിലും പാന്‍റിലുമൊക്കെ പറ്റിപ്പിടിച്ചിരിക്കുന്ന ചോരക്കറ കണ്ട് ആളുകള്‍ അയാളെ തടഞ്ഞുവെച്ച് ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. പോലീസിനെ വിളിക്കുന്ന ഘട്ടമെത്തിയപ്പോഴാണ് അതേ ബ്ലോക്കില്‍ തന്നെ താമസിക്കുന്ന ഒരു മലയാളിയുടെ ശ്രദ്ധയില്‍ പെടുന്നത്. അയാള്‍ വന്നു കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് സംഭവത്തിന്‍റെ ഗൗരവം മനസ്സിലായത്. ആ മലയാളിയാണ് ശ്രീയേട്ടന്‍റെ സുഹൃത്തിനെ വിവരമറിയിക്കുന്നത്.

“ശ്രീയേട്ടാ, അപ്പോള്‍ ആ ആഭരണമൊക്കെ…?”

എന്‍റെ വെപ്രാളം കണ്ട് ശ്രീയേട്ടനും ആകെ അസ്വസ്ഥനായി. അയാളാണെങ്കില്‍ ഇവരോടൊപ്പം വന്നിട്ടുമില്ല. ദൈവമേ ഞങ്ങളുടെ ആഭരണവും കൊണ്ട് അയാള്‍ കടന്നു കളഞ്ഞോ? ഈശ്വരാ…..

ഞങ്ങളുടെ മുഖഭാവം കണ്ട് സുഹൃത്തുക്കള്‍ പരസ്പരം നോക്കി. എന്താണ് കാര്യമെന്നും തിരക്കി. അപ്പോഴാണ് ശ്രീയേട്ടന്‍ ആഭരണത്തിന്‍റെ കാര്യം പറഞ്ഞത്. അതു കേട്ടതോടെ അവര്‍ ശ്രീയേട്ടന്‍ കൊടുത്തുവിട്ട കര്‍ച്ചീഫ് പൊതി എടുത്തു നീട്ടി. ഇത് അയാള്‍ ഏല്പിച്ചതാണ്. എല്ലാം ഉണ്ടോ എന്ന് നോക്കാനും ആവശ്യപ്പെട്ടു. ശ്രീയേട്ടന്‍ കൊടുത്തുവിട്ട എല്ലാ ആഭരണങ്ങളും ഭദ്രമായി അയാള്‍ ഏല്പിച്ചിരിക്കുന്നു!! ഒരു നന്ദി വാക്കുപോലും കേള്‍ക്കാന്‍ നില്‍ക്കാതെ അയാള്‍ പോയതെന്തേ?

“അതാണ് ദൈവത്തിന്‍റെ വിളയാട്ടം. നാം നന്മ ചെയ്താല്‍ നമുക്കത് തിരിച്ചുതരാന്‍ ദൈവം ആരെയെങ്കിലും നിയോഗിക്കും. അതില്‍പെട്ട ഒരാളായിരിക്കാം നിങ്ങളെ ഭ്രദ്രമായി ഇവിടെ എത്തിച്ചതും നിങ്ങളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ഭദ്രമായി ദാ ഇവരെ ഏല്പിച്ചതും. നേരെ മറിച്ച് ആ ആഭരണങ്ങളുമായി അയാള്‍ കടന്നു കളഞ്ഞിരുന്നെങ്കിലോ? അയാളുടെ പേരോ നാടോ ജോലി സ്ഥലമോ നിങ്ങള്‍ക്കറിയില്ല. എന്നാല്‍ ആപത്തു വന്നപ്പോള്‍ നിങ്ങള്‍ക്ക് രക്ഷകനായി അജ്ഞാതനായ അയാളെത്തി. ദൈവത്തോട് നന്ദി പറയുക. എന്നെങ്കിലും എവിടെയെങ്കിലും വെച്ച് നിങ്ങള്‍ അയാളെ കാണും..” പണിക്കരു ചേട്ടന്‍ പറഞ്ഞു നിര്‍ത്തി.

അന്നത്തെ ഒരു ദിവസം എനിക്ക് ആശുപത്രിയില്‍ കഴിയേണ്ടി വന്നു. ഗര്‍ഭിണിയായിരുന്നതുകൊണ്ട് വിശദമായ ചെക്കപ്പ് തന്നെ വേണ്ടി വന്നു. ദൈവാനുഗ്രഹം കൊണ്ട് മാരകമായ മുറിവുകളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഞങ്ങള്‍ ആശങ്കയിലായിരുന്നു. ഗൈനക്കോളജിസ്റ്റിന്‍റെ റിപ്പോര്‍ട്ട് പ്രകാരം കുഞ്ഞിന്‍റെ കാര്യത്തില്‍ സംശയമുണ്ടെന്നും ഫാമിലി ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്യാനും നിര്‍ദ്ദേശിച്ചു.

പിറ്റേ ദിവസം ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ആകാംക്ഷാഭരിതമായ ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്. പ്രാര്‍ത്ഥനകളും വഴിപാടുകളുമായി ദിവസങ്ങള്‍ തള്ളിനീക്കുമ്പോള്‍ കുഞ്ഞിന് യാതൊരു ആപത്തും വരരുതേ എന്നായിരുന്നു പ്രാര്‍ത്ഥന. ഡോക്ടര്‍ മാലിനിയുടെ ട്രീറ്റ്മെന്‍റിലായിരുന്നു ഇത്ര നാളും. അവരാണെങ്കില്‍ എന്‍റെ കാര്യത്തില്‍ വളരെ താല്പര്യത്തോടെയാണ് നോക്കുന്നതും.

“ഇതെന്തൊരു ഉറക്കമാ, നേരമെത്രയായീന്നാ വിചാരം?”

ശ്രീയേട്ടന്‍റെ ചോദ്യം കേട്ടാണ് കണ്ണു തുറന്നത്. ദൈവമേ, ഞാന്‍ ഇത്രയും നേരം കിടന്നുറങ്ങിയോ.. രാത്രി എപ്പോഴാണ് ഉറങ്ങിയതെന്നു പോലും ഓര്‍മ്മയില്ല. പെട്ടെന്ന് എഴുന്നേറ്റു.

“സോറി ശ്രീയേട്ടാ, ഞാന്‍ എന്തൊക്കെയോ സ്വപ്നങ്ങള്‍ കണ്ടു. ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല…”

“സാരമില്ല, ക്ഷീണം കൊണ്ട് ഉറങ്ങുമ്പോഴാണ് നമ്മള്‍ കൂടുതല്‍ സ്വപ്നങ്ങള്‍ കാണുന്നത്. ഇന്നലെ രാത്രി ഉറക്കത്തില്‍ നീ എന്തൊക്കെയോ പറയുന്നത് കേട്ടു. മനസ്സിലെ വിഷമങ്ങള്‍ സ്വപ്നത്തിലൂടെ പരിഹരിക്കപ്പെടുമെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. അതൊക്കെ പോട്ടെ, നമ്മുടെ കുഞ്ഞിനെ സ്വപ്നം കണ്ടോ?”

ശ്രീയേട്ടന്‍റെ ചോദ്യത്തിന് മറുപടി കൊടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

രാവിലത്തെ ജോലികളൊക്കെ യാന്ത്രികമായി ചെയ്തു തീര്‍ത്തു. ആകാംക്ഷയേക്കാള്‍ ഉത്ക്കണ്ഠയായിരുന്നു മനസ്സു നിറയെ. ഡോക്ടര്‍ മാലിനി എന്തായിരിക്കും പറയുക. ഡോക്ടര്‍ മല്‍ഹോത്രയുടെ റിപ്പോര്‍ട്ട് എന്തായിരിക്കും? ഒന്നും സംഭവിക്കരുതേ എന്ന് മനസ്സ് മന്ത്രിച്ചു.

“ഈശ്വരാ, കുഞ്ഞിന് ആപത്തൊന്നും വരുത്തരുതേ….” മനമുരുകി പ്രാര്‍ത്ഥിച്ചു.

എന്‍റെ വേവലാതി കണ്ട് ശ്രീയേട്ടന്‍ ആശ്വസിപ്പിച്ചു.

“ഇങ്ങനെ വേവലാതിപ്പെട്ട് മനസ്സ് വിഷമിപ്പിക്കാതെ. ഡോക്ടര്‍മാര്‍ അവരുടെ കഴിവിന്‍റെ പരമാവധി ശ്രമിക്കുന്നില്ലേ. ഇനിയെല്ലാം ദൈവത്തിനു വിട്ടുകൊടുക്കുക. ഗുരുവായൂരപ്പന്‍ നമുക്ക് തുണയാകുമെന്ന് വിശ്വസിക്ക്.”

ശ്രീയേട്ടന്‍റെ സമാധാനപ്പെടുത്തല്‍ തനിക്ക് ധൈര്യം തന്നു.

“മോള്‍ക്കറിയാമോ എന്‍റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചിരുന്ന സമയത്ത് നാമിപ്പോള്‍ നേരിടുന്നതുപോലെയുള്ള വിഷമഘട്ടത്തിലൂടെ കടന്നുപോയിട്ടുള്ളവരാണ്. അവര്‍ അതൊക്കെ സഹിച്ച് സംയമനം പാലിച്ചതുകൊണ്ട് ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു.”

ശരിയാണ് ശ്രീയേട്ടന്‍റെ അമ്മ പറഞ്ഞ് ഈ വിവരം എനിക്കറിയാം. ശ്രീയേട്ടനെ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയത്താണ് അമ്മ മുറ്റത്ത് കാല്‍ വഴുതി വീണത്. അടുക്കളവശത്തുനിന്ന് മുറ്റത്തേക്കിറങ്ങിയതായിരുന്നു അമ്മ. എങ്ങനെയോ കാല്‍ വഴുതി തെന്നി വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ച് സ്കാനിംഗ് അടക്കമുള്ള പരിശോധനകള്‍ നടത്തി. പക്ഷെ റിപ്പോര്‍ട്ട് അനുകൂലമായിരുന്നില്ല.

കുഞ്ഞിനെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അബോര്‍ഷന്‍ നടത്താന്‍ ഡോക്ടര്‍ മാത്രമല്ല ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം നിര്‍ബ്ബന്ധിച്ചു. പക്ഷെ അമ്മ സമ്മതിച്ചില്ല. ഗുരുവായൂരപ്പ ഭക്തയായ അമ്മ എല്ലാം ഭഗവാനിലര്‍പ്പിച്ചു. ആരോഗ്യപരമായ അനവധി പ്രശ്നങ്ങളുണ്ടായിട്ടും അമ്മ ഭഗവാനില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. എല്ലാം ഭഗവാന്‍ നോക്കിക്കൊള്ളുമെന്ന അടിയുറച്ച വിശ്വാസത്തില്‍ അമ്മ ജീവിച്ചു. അവസാനം ഡോക്ടര്‍മാരേയും ബന്ധുക്കളേലും അത്ഭുതപ്പെടുത്തിക്കൊണ്ട് അമ്മ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. അതാണ് ശ്രീയേട്ടന്‍….!

തന്‍റെ മുഖഭാവം ശ്രീയേട്ടന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഏതായാലും ഡോക്ടറുടെ ഫോണ്‍ വരുന്നതുവരെ കാത്തിരിക്കാമെന്ന് രണ്ടുപേരും തീരുമാനിച്ചു.

ഒച്ചിഴയുന്ന പോലെയാണ് സമയം നീങ്ങിക്കൊണ്ടിരിക്കുന്നത്. പത്തു മണിയായിട്ടും ഡോക്ടര്‍ വിളിച്ചില്ലല്ലോ എന്നോര്‍ത്ത് മനസ്സ് വീണ്ടും തുടികൊട്ടാന്‍ തുടങ്ങി. പന്ത്രണ്ടു മണി കഴിഞ്ഞപ്പോഴാണ് ഡോക്ടര്‍ മാലിനിയുടെ ഓഫീസില്‍ നിന്ന് ഫോണ്‍ വന്നത്. ആകാംക്ഷയോടെ ശ്രീയേട്ടന്‍ ഫോണെടുത്തു.

ഡോക്ടര്‍ എന്താണ് പറയുന്നതെന്ന് തനിക്ക് കേള്‍ക്കാന്‍ സാധിച്ചില്ലെങ്കിലും സുഖകരമായ വാര്‍ത്തയല്ലെന്ന് ശ്രീയേട്ടന്‍റെ മുഖത്ത് മിന്നിമറയുന്ന ഭാവവ്യത്യാസങ്ങളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കി. അവസാനം നെടുവീര്‍പ്പോടെ ശ്രീയേട്ടന്‍ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തു.

“എന്താണ് ഡോക്ടര്‍ പറഞ്ഞത് ശ്രീയേട്ടാ” ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു.

ശ്രീയേട്ടന്‍ ദയനീയമായി എന്നെ നോക്കി.

“നമ്മള്‍ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. ഡോക്ടര്‍ മല്‍ഹോത്രയുടെ റിപ്പോര്‍ട്ട് അനുകൂലമല്ലെന്നാണ് ഡോ. മാലിനി പറയുന്നത്. കുഞ്ഞിന്‍റെ കാര്യത്തില്‍ ഗ്യാരന്‍റിയില്ലെന്ന്. തന്നെയുമല്ല, ഈ നിലയില്‍ തുടര്‍ന്നാല്‍ ഒന്നുകില്‍ കുഞ്ഞിന് അംഗവൈകല്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഒരുപക്ഷെ അമ്മയ്ക്കും കുഞ്ഞിനും ആപത്തുവരാനും സാധ്യതയുണ്ടെന്നാണ് ഡോ. മല്‍ഹോത്ര പറയുന്നതത്രേ….” ശ്രീയേട്ടന്‍ പറഞ്ഞു നിര്‍ത്തി.

തലയ്ക്കകത്ത് കടന്നല്‍ കൂട് ഇളകിയ പ്രതീതിയാണ് അപ്പോള്‍ തോന്നിയത്. ശരീരം വിയര്‍ത്തു. തല കറങ്ങുന്നതുപോലെ തോന്നി. ഡൈനിംഗ് ടേബിളില്‍ തല ചായ്ച്ചു കുറെ നേരം കണ്ണടച്ചിരുന്നു. തന്‍റെ വിഷമം മനസ്സിലാക്കിയ ശ്രീയേട്ടന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

“ഒരാഴ്ചക്കുള്ളില്‍ തീരുമാനം അറിയിച്ച് ആശുപത്രിയിലേക്ക് ചെല്ലാനാണ് ഡോക്ടര്‍ പറഞ്ഞത്” ശ്രീയേട്ടന്‍ പറഞ്ഞത് ഒരു അശരീരി പോലെ മുഴങ്ങി.

അന്നും വൈകീട്ട് പണിക്കരു ചേട്ടനും ശാന്ത ചേച്ചിയും വന്നു. നടന്ന സംഭവങ്ങളെല്ലാം അവരുമായി പങ്കു വെച്ചു. ഗര്‍ഭിണികള്‍ ഏറേ ശ്രദ്ധിക്കേണ്ട സമയത്താണ് ആ ആക്സിഡന്‍റ് സംഭവിച്ചത്. ശരീരത്തിന് ആയാസമുണ്ടാക്കുന്ന വിധത്തിലുള്ള ഇരുചക്രവാഹനങ്ങളേയും ഓട്ടോറിക്ഷ മുതലായ വാഹനങ്ങളിലെ യാത്രയൊക്കെ ഒഴിവാക്കണമെന്നും അങ്ങനെ ചെയ്യാതെ വന്നാല്‍ കുഞ്ഞിന് വൈകല്യം വരെ സംഭവിക്കാമെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്ന് ശ്രീയേട്ടന്‍ അവരെ ധരിപ്പിച്ചു. വളരെ നേരത്തെ ആലോചനയ്ക്കു ശേഷം രണ്ടുപേരും ഒരേ അഭിപ്രായത്തില്‍ എത്തി. ഡോക്ടര്‍ മാലിനി പറഞ്ഞതുപോലെ അബോര്‍ട്ട് ചെയ്യുക, വൈകിയാണെങ്കിലും റിസ്ക് ആണെന്ന് അറിഞ്ഞിട്ടും അതു മാത്രമേ പോംവഴിയുള്ളൂ എങ്കില്‍ അത് നടക്കട്ടേ എന്നാണ് രണ്ടു പേരും പറഞ്ഞത്.

അമ്മയാകുക എന്നത് ഏതൊരു സ്ത്രീയുടേയും ആത്മനിര്‍വൃതിയുടെ അപൂര്‍വ്വ നിമിഷങ്ങളാണ്, ഏതൊരു സ്ത്രീയുടേയും അഭിലാഷമാണ്. ആ നിമിഷങ്ങളാണ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എരിഞ്ഞില്ലാതാകാന്‍ പോകുന്നത്. തന്‍റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് പണിക്കരു ചേട്ടനും ശാന്ത ചേച്ചിയും ഒരു മകളോടെന്ന പോലെ, വാത്സല്യത്തോടെ എന്നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.

“ദൈവത്തോട് പ്രാര്‍ത്ഥിക്കൂ മോളേ…” ഇറങ്ങാന്‍ നേരം ശാന്ത ചേച്ചി ഉപദേശിച്ചു.

പിന്നീടുള്ള ദിവസങ്ങള്‍ മെഴുകുതിരി പോലെ ഉരുകിത്തീരുന്ന മനസ്സുമായാണ് ഞാന്‍ തള്ളിനീക്കിയത്. ഗുരുവായൂരപ്പനെ മനസ്സുരുകി പ്രാര്‍ത്ഥിച്ചു. രക്ഷിക്കണമെന്ന് കേണപേക്ഷിച്ചു. ഒടുവില്‍ ഡോക്ടര്‍ പറഞ്ഞ ആ ദിവസവും വന്നെത്തി.

രാവിലെ തന്നെ പണിക്കരു ചേട്ടനും ചേച്ചിയും വന്നു. എന്നെ സമാധാനിപ്പിക്കുകയും ധൈര്യം നല്‍കുകയും ചെയ്തു. ആശുപത്രിയിലേക്ക് ചേച്ചിയും കൂടെ വന്നു. ആശുപത്രിയുടെ ഗേറ്റ് കടക്കുമ്പോള്‍ തന്നെ തന്‍റെ ഹൃദയമിടിപ്പ് കൂടി. ശാന്ത ചേച്ചി സമാധാനിപ്പിച്ചു.

“മോളേ, ഇങ്ങനെ വിഷമിക്കാതെ. ഇതെല്ലാം ദൈവ നിയോഗമാണെന്ന് വിചാരിച്ചാല്‍ മതി. ഈ കുഞ്ഞിനെ ലാളിയ്ക്കാനുള്ള ഭാഗ്യം ദൈവം നിങ്ങള്‍ക്ക് തന്നില്ല. ഈശ്വരേഛ അതാണെങ്കില്‍ അങ്ങനെ നടക്കട്ടേ…” ശാന്ത ചേച്ചി ആശ്വസിപ്പിച്ചു.

ഗുരുവായൂരപ്പനെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ മുന്‍പോട്ടു നടന്നു. ഒരുപക്ഷെ ഈ അവസാന നിമിഷത്തിലെങ്കിലും ഗുരുവായൂരപ്പന്‍ രക്ഷയ്ക്കെത്തിയാലോ ! എന്‍റെ മനസ്സ് മന്ത്രിച്ചു.

കാര്‍ പാര്‍ക്ക് ചെയ്ത് ശ്രീയേട്ടനും അപ്പോഴേക്കും അവിടെയെത്തി. ഞങ്ങള്‍ രണ്ടു പേരും സംസാരിച്ചു നടന്നു നീങ്ങുന്നതിനിടെ ശാന്ത ചേച്ചി ഒരു സ്ത്രീയുമായി സംസാരിച്ചു നില്‍ക്കുന്നതു കണ്ടു. എന്നെ കൈചൂണ്ടി എന്തോ പറയുന്നുണ്ട്. പരിചയമില്ലാത്ത ഒരു സ്ത്രീയാണ്. ഒരുപക്ഷെ ചേച്ചിയുടെ സഹപ്രവര്‍ത്തകയോ പരിചയക്കാരിയോ ആകാം.

ചേച്ചിയും ആ സ്ത്രീയും ഞങ്ങളുടെ അടുത്തേക്ക് വന്നു. ശരിയാണ് മാളവ്യ നഗറിലെ ചേച്ചിയുടെ അയല്‍ക്കാരിയാണ്. അവര്‍ വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞു. ഞങ്ങള്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ മറ്റൊരു സ്ത്രീ ഒരു കുഞ്ഞുമായി അവിടെ വന്നു. സ്ട്രോളറിലിരിക്കുന്ന കുഞ്ഞ് എന്നെ നോക്കി ചിരിച്ചു. നിഷ്ക്കളങ്കമായ ആ ചിരിയില്‍ എന്‍റെ ദുഃഖങ്ങളെല്ലാം അലിഞ്ഞില്ലാതായ പോലെ തോന്നി. ശാന്ത ചേച്ചിയുടെ അയല്‍ക്കാരിയുടെ മകളാണ് കുഞ്ഞിന്‍റെ അമ്മ. കരോള്‍ ബാഗിലാണ് താമസമെന്നു പറഞ്ഞു. ഞങ്ങള്‍ സംസാരിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ തന്നെ ഞാന്‍ കുഞ്ഞിനെ ശ്രദ്ധിക്കുകയായിരുന്നു. ആ കുഞ്ഞിന്‍റെ കാലുകള്‍ രണ്ടും വളഞ്ഞിരിക്കുന്ന പോലെ തോന്നി. അതുപോലെ ശരീരത്തിനനുസരിച്ചുള്ള കൈകളല്ല, നന്നേ ചെറിയ കൈകള്‍ ! ഞാന്‍ അത്ഭുതപ്പെട്ടു. എനിക്ക് തോന്നിയതാണോ !!

എന്‍റെ നോട്ടം കണ്ടിട്ടെന്നോണം ആ സ്ത്രീ പറഞ്ഞു…

“എന്‍റെ പേരക്കുട്ടിയാണ്. അവന്‍ ജനിച്ചത് ചില വൈകല്യങ്ങളോടെയാണ്. ജനിച്ച് രണ്ടു വയസ്സിനോടകം അവന്‍റെ ശരീരത്തില്‍ എത്ര ഓപ്പറേഷന്‍ നടത്തി എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കുകയില്ല. ഇനിയും പല ഓപ്പറേഷനുകളും നടത്താനുണ്ട്. അതിന്‍റെ ഫോളോ അപ്പിനുവേണ്ടി വന്നതാണ്. ഇവള്‍ കരോള്‍ ബാഗിലായതുകൊണ്ട് ദൂരമല്ലേ.. എന്‍റെ കൂടെയാണ് താമസം. ഈ മാസം ഒരു ഓപ്പറേഷന്‍ കൂടിയുണ്ട്. അതുകഴിഞ്ഞിട്ടേ ഇവള്‍ പോകുകയുള്ളൂ….”

അപ്പോഴും ആ കുഞ്ഞ് എന്നെ നോക്കി കൊച്ചരിപ്പല്ലുകള്‍ കാട്ടി ചിരിച്ചുകൊണ്ടിരുന്നു..

(ശുഭം)

Print Friendly, PDF & Email

Leave a Comment