ആദ്യരാത്രിയിലെ കുമ്പസാരം (ചെറുകഥ): മൊയ്തീന്‍ പുത്തന്‍‌ചിറ

അവള്‍ പാലുമായി വരുമ്പോള്‍ അയാള്‍ ചിന്താമഗ്നനായി ജനാലക്കരികില്‍ ഇരുട്ടിന്റെ പാളികളില്‍ മുഖമമര്‍ത്തി നില്‍ക്കുകയായിരുന്നു. ഒരു നവവധുവിന്റെ എല്ലാ ഭാവഹാദികളോടുംകൂടി മന്ദംമന്ദം നടന്നുവന്ന്‌ അവള്‍ അയാളുടെ പിറകില്‍ വന്നു നിന്നു. വാതില്‍ തുറന്നടഞ്ഞതും, അവളുടെ പാദചലനങ്ങള്‍ തനിക്കു പിന്നില്‍ വന്നവസാനിച്ചതും അയാളറിഞ്ഞിരുന്നു.

വടക്കുനോക്കിയന്ത്രം എന്ന സിനിമയിലെ ശ്രീനിവാസനെപ്പോലെ നാടകീയമായി മുഖമുയര്‍ത്തി, ശബ്ദം കരുതലോടെ നിയന്ത്രിച്ച്‌ അവളെ നോക്കി അയാള്‍ തനിക്കാവുന്നത്ര ദൃഢതയോടെ പറഞ്ഞു…

“നമ്മുടെ രാത്രി തുടങ്ങും മുമ്പേ എനിക്കു ചിലതു പറയാനുണ്ട്‌. നിനക്കത്‌ കേള്‍ക്കാനുള്ള ധൈര്യം കാണുമെന്ന്‌ ഞാന്‍ ഊഹിക്കുന്നു. നമ്മളിനിയും ജീവിതം തുടങ്ങിയിട്ടില്ലാത്ത സ്ഥിതിക്ക്‌ എല്ലാം കേട്ടതിനുശേഷം നിനക്കൊരു തീരുമാനമെടുക്കാം ….”

“എനിക്കു സമ്മതം. വിരോധമില്ലെങ്കില്‍ നമുക്കിരുവര്‍ക്കും പറയാനുള്ളതെല്ലാം ഈ രാത്രി തന്നെ പറഞ്ഞു തീര്‍ക്കാം.”

അവള്‍ പറഞ്ഞു.

അയാള്‍ തൂടങ്ങി…

“എനിക്കൊരു പ്രേമബന്ധമുണ്ട്‌”

“ഞാനൂഹിച്ചു.”

അയാള്‍ പറഞ്ഞു നിര്‍ത്തും മുമ്പേ അവളങ്ങനെ പറഞ്ഞപ്പോള്‍ അയാള്‍ പതുക്കെയൊന്നു പതറാതിരുന്നില്ല.

“ഞങ്ങള്‍ തമ്മിലിപ്പോഴും നല്ല അടുപ്പത്തില്‍ തന്നെയാണ്‌. ഒരുപക്ഷെ നമ്മുടെ ഈ ബന്ധം അവസാനിച്ചാല്‍ ഞങ്ങള്‍ തമ്മില്‍ വിവാഹിതരായെന്നു വരാം.”

പ്രതീക്ഷിച്ച പ്രശ്നങ്ങളൊന്നുമില്ല. അവള്‍ കൗതുകത്തോടെ കേട്ടിരിക്കുന്നുണ്ട്‌.

“നിന്റെ അഛന്‍ വെച്ചു നീട്ടിയ സ്ത്രീധനത്തിന്റെ ആകര്‍ഷണ വലയത്തില്‍ കുടുങ്ങിയാണ്‌ ഞാനീ കല്ല്യാണത്തിനു സമ്മതിച്ചത്‌”

“ഞാനതും ഈഹിച്ചതു തന്നെ” – അവള്‍ ഭാവഭേദമന്യേ പറഞ്ഞു.

“വിവാഹത്തിനുശേഷവും ഞാനവളുമായുള്ള ബന്ധം തൂടര്‍ന്നെന്നിരിക്കും. നിനക്കതില്‍ എതിര്‍പ്പുണ്ടെങ്കില്‍ ഇപ്പോള്‍ പറയണം.”

പറഞ്ഞു തീര്‍ത്തപ്പോഴേക്കും അയാള്‍ വിയര്‍ത്തിരുന്നു. നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പു തുള്ളികള്‍ തുടയ്ക്കാന്‍ അയാള്‍ മുതിരാതിരുന്നത്‌ മനഃപ്പൂര്‍വ്വമായിരുന്നു.

“എനിക്കെതിര്‍പ്പൊന്നുമില്ല”

അവള്‍ക്ക്‌ യാതൊരു ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല. അയാളുടെ പ്രതീക്ഷകള്‍ക്കു വിപരീതമായിരുന്നു അത്‌. പൂര്‍ണ്ണമായി വിശ്വസിക്കാന്‍ കഴിഞ്ഞില്ലെങ്കിലും എല്ലാം ശുഭമായി പര്യവസാനിച്ചതില്‍ അയാള്‍ക്കു സന്തോഷം തോന്നി. അയാള്‍ ദീര്‍ഘമായൊന്നു നെടുവീര്‍പ്പിട്ടു.

“നിനക്കെന്തെങ്കിലും പറയണമെന്നുണ്ടോ?” അയാള്‍ അവളോടു ചോദിച്ചു.

“എനിക്കു പറയാനുണ്ടായിരുന്നതെല്ലാം തന്നെയാണ്‌ നിങ്ങളിപ്പോള്‍ പറഞ്ഞത്‌. എങ്ങിനെയാണ് അത് അവതരിപ്പിക്കുക എന്നോര്‍ത്ത്‌ വിഷമിച്ചിരിക്കുകയായിരുന്നു ഞാന്‍. ഇനി എന്റെ കാര്യത്തില്‍ നിങ്ങള്‍ക്കെതിര്‍പ്പുണ്ടോ എന്നു മാത്രം അറിഞ്ഞാല്‍ മതി.”

അവളയാളെ സാകൂതം നോക്കി.

സംഗതികളുടെ പൂര്‍ണ്ണ രൂപം ഇപ്പോഴാണയാള്‍ക്കു പിടികിട്ടിയത്‌. കുറച്ചു നേരത്തെ ചിന്തയ്ക്കുശേഷം അയാള്‍ ദൃഢമായി പറഞ്ഞു..

“എനിക്കു വിരോധമില്ല”

അവള്‍ ചിരിച്ചു. ഒപ്പം അയാളും. പിന്നെ അവര്‍ രണ്ടുപേരും ഒരുമിച്ച്‌ ആദ്യരാത്രിയിലേക്കു കടന്നപ്പോള്‍ ഒരു കൊതുക്‌ മൂളിപ്പാട്ടു പാടി അവരെ വട്ടമിട്ട്‌ പറന്നത്‌ അസൂയ കൊണ്ടാകാം.

Print Friendly, PDF & Email

Leave a Comment

More News