നാല് പതിറ്റാണ്ടുകൾക്ക് ശേഷം ഗുരുവിനെ തേടി നാലംഗ സംഘമെത്തി

കോടുകുളഞ്ഞി(ചെങ്ങന്നൂര്‍): പുതുതലമുറയ്ക്ക്  ഗുരു – ശിഷ്യ ബന്ധത്തിന്റെ മഹത്വമറിയിച്ച് നാല് പതിറ്റാണ്ടുകൾക്ക്  ശേഷം ഗുരുവിനെ തേടി ശിഷ്യഗണങ്ങളെത്തി.

തലവടി കുന്തിരിക്കൽ സിഎംഎസ്  ഹൈസ്കൂളിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥികളാണ് തങ്ങളുടെ  അദ്ധ്യാപകനെ തേടിയെത്തിയത്. ഹൈസ്ക്കൂളിന്റെ പൂർവ്വ വിദ്യാർത്ഥി മെഗാ സംഗമം മെയ് 19ന്  നടക്കുകയാണ്. ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഗുരു വന്ദനം ചടങ്ങിലേക്ക് ക്ഷണിക്കുവാനാണ് പൂർവ്വ വിദ്യാർത്ഥി സംഘടന ഭാരവാഹികളായ ബെറ്റി ജോസഫ്, സജി ഏബ്രഹാം, ഡോ. ജോൺസൺ വി.ഇടിക്കുള, ജിബി ഈപ്പൻ എന്നിവർ കോടുകുളഞ്ഞി കുറ്റിയ്ക്കൽ റെജി കുരുവിളയുടെ ഭവനത്തിലെത്തിയത്.1986- ൽ  ഇവർ സ്കൂൾ പഠനം പൂർത്തിയാക്കി വിവിധ മേഖലകളിലേക്ക് പോയതു മൂലം നാല്പത് വർഷങ്ങൾക്ക്  ശേഷം ആദ്യമായിട്ടാണ്  വീണ്ടും  ഗുരുവിനെ കാണുന്നത്.

30 മിനിറ്റോളം പഴയകാല ഓർമ്മകൾ പങ്കുവെച്ച് ജീവിതത്തിൽ ഒരിക്കലും പ്രതിക്ഷിക്കാത്ത  അനുഭവം സമ്മാനിച്ച ശിഷ്യഗണങ്ങളെ പ്രാർത്ഥിച്ച് അനുഗ്രഹിച്ചാണ്  ഗുരു ശ്രേഷ്ഠനായ  കോടുകുളഞ്ഞി കുറ്റിയ്ക്കൽ റെജി  കുരുവിള യാത്രയാക്കിയത്. എടത്വ ഗ്രാമ പഞ്ചായത്ത്  അംഗം കൂടിയായ ബെറ്റി ജോസഫ് ഗുരുവിനെ ഷാൾ അണിയിച്ചു ആദരിച്ചു.

തലവടി സെന്റ് തോമസ് സി.എസ്ഐ പള്ളിക്ക് സമീപം മിഷണറിമാരാൽ 1841ൽ സ്ഥാപിതമായ പള്ളിക്കൂടം ഹൈസ്ക്കൂൾ  ആയി ഉയർത്തപെട്ടത് 1984ൽ ആണ്. ആത്മീയ-സാമൂഹിക-സാംസ് ക്കാരിക-വ്യവസായ- പൊതു പ്രവർത്തക രംഗത്ത് നിലകൊള്ളുന്ന നിരവധി വ്യക്തികളെ  ഈ അക്ഷര മുത്തശ്ശിയിലൂടെ വാർത്തെടുത്തിട്ടുണ്ട്.

സ്റ്റുഡന്റ്സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന  യോഗത്തിലാണ് പൂർവ്വ അദ്ധ്യാപകരെ ക്ഷണിച്ച് ഗുരു വന്ദനം നടത്തുവാൻ തീരുമാനിച്ചത്.

Print Friendly, PDF & Email

Leave a Comment

More News