വടകരയെ ചൊല്ലി കേരളത്തെ നശിപ്പിക്കുന്നത് നിര്‍ത്തണം: എഫ്.ഡി.സി.എ

കോഴിക്കോട്: വടകരയിലെ ലോക്സഭാ ഇലക്ഷനെ മുന്‍നിര്‍ത്തി കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അരിച്ചിറങ്ങുന്നത് സംസ്ഥാനത്തെ വര്‍ഗിയ ചേരിതിരിവിന്റെ മുറിവിലേക്കാണ്. സ്ഥാനാര്‍ഥികള്‍ക്കെതിരെയും മുന്നണികള്‍ക്കെതിരെയും സാമുദായിക ആരോപണങ്ങള്‍ വിവിധ തിരഞ്ഞെടുപ്പു കാലങ്ങളില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഉണ്ടായിട്ടുണ്ട്. സാമുദായിക സമവാക്യങ്ങള്‍ കൂട്ടിയും കിഴിച്ചും തന്നെയാണ് സംസ്ഥാനത്തെ മുന്നണികളെല്ലാം സ്ഥാനാര്‍ഥി നിര്‍ണയം എല്ലാ കാലത്തും നടത്തിയിട്ടുള്ളതും. സമുദായ സ്ഥാനാര്‍ഥികള്‍ എന്ന നിലക്ക് തന്നെ പലരെയും ഏറ്റെടുക്കുകയും തള്ളിപ്പറയുകയുമൊക്കെ സംഭവിച്ചിട്ടുമുണ്ട്. പക്ഷേ വര്‍ഗീയ ചേരിതിരിവിലേക്ക് നാടിനെയൊന്നാകെ നയിക്കുന്ന മുമ്പെങ്ങുമില്ലാത്ത ആരോപണ പ്രത്യാരോപണങ്ങളാണ് വോട്ടെടുപ്പിന് ശേഷവും വടകരയുടെ പേരില്‍ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നതെന്ന് എഫ്.ഡി.സി.എ സംസ്ഥാന അദ്ധ്യക്ഷന്‍ പ്രൊഫസര്‍ കെ അരവിന്ദാക്ഷന്‍.

സമൂഹത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന ഇത്തരം വര്‍ഗീയ പ്രചരണങ്ങളെ നിലക്കുനിര്‍ത്താന്‍ തുടക്കത്തില്‍ തന്നെ സംസ്ഥാന പോലീസുള്‍പ്പെടെയുള്ള നിയമസംവിധാനങ്ങളുടെ ഭാഗത്തുനിന്നും ഇടപെടല്‍ ഉണ്ടാവേണ്ടതായിരുന്നു. ഉത്തരാവാദപ്പെട്ട നേതാക്കള്‍ക്കും ഈ ചര്‍ച്ചകള്‍ തുടക്കത്തിലേ അവസാനിപ്പിക്കാന്‍ മുന്‍കൈ എടുക്കാമായിരുന്നു. അതുണ്ടായില്ല എന്ന് മാത്രമല്ല രാഷ്ട്രീയ ഭേദമന്യേ നാടിന്റെ താഴേത്തട്ടില്‍ ഉണ്ടായിരുന്ന സൗഹൃദങ്ങളെപ്പോലും ഇല്ലാതാക്കുന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്. പൗരത്വ പ്രക്ഷോഭത്തിന് സമാനമായി രാഷ്ട്രീയാതീതമായി ഒരുമിച്ചു നില്‍ക്കേണ്ടിടങ്ങളില്‍ പോലും ഒന്നിക്കാന്‍ കഴിയാത്ത കടുത്ത സാമുദായികതയിലേക്കാണ് നാടിനെ ഇപ്പോള്‍ വലിച്ചിഴക്കുന്നത്. ഈ ചര്‍ച്ചകള്‍ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയുമിത് മുന്നോട്ട് കൊണ്ടുപോകുന്നവരുടെ രാഷ്ട്രീയം എന്തുതന്നെയായാലും അവരുടെ സാമൂഹിക പ്രതിബദ്ധത ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണെന്നും അദ്ദേഹം പ്രസ്ഥാവനയില്‍ അറിയിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News