മലയാളി പെന്തക്കോസ്ത് കോൺഫറന്‍സ്: ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

ഹൂസ്റ്റൺ: 2024 ജൂലൈ നാലു മുതൽ ഏഴ് വരെ ഹൂസ്റ്റൺ ജോർജ് ബ്രൗൺ കൺവെൻഷൻ സെൻട്രലിൽ വച്ച് നടത്തപ്പെടുന്ന വടക്കേ അമേരിക്കൻ മലയാളി പെന്തക്കോസ്ത് വിശ്വാസ സമൂഹത്തിന്റെ (പി.സി.എൻ.എ.കെ) ദേശീയ കോൺഫറൻസിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നു.

സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ സംസ്ഥാനങ്ങളിൽ പ്രമോഷണൽ മീറ്റിങ്ങുകളും പ്രാർത്ഥനാ സമ്മേളനങ്ങളും നടന്നു കൊണ്ടിരിക്കുന്നു. 18ന് ശനിയാഴ്ച വൈകിട്ട് 4. 30ന് ചിക്കാഗോ പ്രമോഷണൽ യോഗം ഗിൽഗാൽ പെന്തക്കോസ്തൽ അസംബ്ലി സഭാ ഹാളിൽ വച്ച് (123 Busse Rd, Mt. Prospect, IL, 60056) നടത്തപ്പെടും. വിവിധ നഗരങ്ങളിലെ പ്രധാന സഭകളിൽ വച്ച് ഓൺ സൈറ്റ് രജിസ്ട്രേഷനുകളും നടന്നുവരുന്നു. മെയ് 19ന് കാൽവറി പെന്തക്കോസ്ത് ചർച്ചിലും, മെയ് 26 ന് മെട്രോ ചർച്ച് ഓഫ് ഗോഡിലും ഡാളസ്സിലെ രജിസ്ട്രേഷൻ ക്യാമ്പ് ഉണ്ടായിരിക്കും.

കോൺഫ്രൻസിന്റെ ഓൺലൈൻ രജിസ്ട്രേഷൻ മെയ് 31ന് അവസാനിക്കും. കോൺഫറൻസിനോട് അനുബന്ധിച്ച് പുറത്തിറക്കുന്ന സോങ് ബുക്കിലേക്ക് പരസ്യങ്ങൾ നൽകേണ്ടവർ എത്രയും വേഗം ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് നാഷണൽ സെക്രട്ടറി രാജു പൊന്നോലിൽ അറിയിച്ചു. സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകൾ ആയ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും, ട്വിറ്ററിലും കോൺഫറൻസിനെ സംബന്ധിച്ചുള്ള വിശദവിവരങ്ങൾ ലഭ്യമാണ്.

എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിശ്വാസികളെ ഹൂസ്റ്റൺ പട്ടണത്തിൽ എത്തിക്കുവാനുള്ള ക്രമീകരണങ്ങൾ ദേശീയ പ്രതിനിധികളുടെ നേതൃത്വത്തിൽ ചെയ്തു വരുന്നു. മിക്ക സിറ്റികളിൽ നിന്നുമുള്ള ബസ് – ട്രെയിൻ ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് സമ്മേളന നഗറിലേക്ക് ആയിരങ്ങൾ എത്തിച്ചേരുമെന്ന് സംഘാടകർ വിശ്വസിക്കുന്നു.

ഹൂസ്റ്റൺ IAH, ഹൂസ്റ്റൺ ഹോബി എയർപോർട്ടിൽ വന്നിറങ്ങുന്നവർക്ക് സുരക്ഷിതമായി കോൺഫ്രൻസ് സെന്ററിൽ എത്തിച്ചേരുവാൻ സൗജന്യ വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കാർ മാർഗ്ഗമായി എത്തിച്ചേരുന്നവർക്കും കൺവെൻഷൻ സെന്ററിൽ സൗജന്യ പാർക്കിംഗ് ഭാരവാഹികൾ ക്രമീകരിച്ചിട്ടുണ്ട്. വ്യത്യസ്തമായ പ്രോഗ്രാമുകൾ, മികച്ച നിലയിലുള്ള താമസ സൗകര്യങ്ങൾ തുടങ്ങിയവ കുറ്റമറ്റ രീതിയിൽ ക്രമീകരിക്കുന്നതിനായി നാഷണൽ – ലോക്കൽ കമ്മിറ്റികൾ അഹോരാത്രം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

ദൈവജനത്തിന്റെ കൂട്ടായ്മയായ പി.സി.എൻ.എ.കെ കേരളത്തിന് പുറത്ത് വിദേശ രാജ്യങ്ങളിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സംഗമമാണ്. ലോക പ്രശസ്ത ആത്മീയ സുവിശേഷ പ്രഭാഷകരും സംഗീതജ്ഞന്മാരും വിവിധ ദിവസങ്ങളിലായി നടത്തപ്പെടുന്ന കോൺഫറൻസിൽ മുഖ്യ പ്രഭാഷകരായി എത്തിച്ചേരും. സമ്മേളനം അനുഗ്രഹമായി തീരുവാനും വിശ്വാസികൾ പ്രാർത്ഥനയോടെ കോൺഫറൻസിൽ പങ്കെടുക്കുവാനും നാഷണൽ ഭാരവാഹികളായ പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ, രാജു പൊന്നോലിൽ, ബിജു തോമസ്, റോബിൻ രാജു, ആൻസി സന്തോഷ് എന്നിവർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: www.pcnakhouston.org

വാർത്ത: നിബു വെള്ളവന്താനം
(നാഷണൽ പബ്ലിസിറ്റി കോർഡിനേറ്റർ)

Print Friendly, PDF & Email

Leave a Comment

More News