ലോക്സഭാ തിരഞ്ഞെടുപ്പ്: കെ സുധാകരനെ കണ്ണൂര്‍ ഏറ്റെടുത്തു; ഞെട്ടല്‍ മാറാതെ എല്‍ ഡി എഫും ബിജെപിയും

കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ വിജയിച്ചു. 112575 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥി എംവി ജയരാജനെയും എൻഡിഎ സ്ഥാനാർഥി സി രഘുനാഥനെയും പരാജയപ്പെടുത്തിയാണ് അദ്ദേഹം വിജയക്കൊടി പാറിച്ചത്.

നിലവിലെ കണ്ണൂർ എംപിയും കെപിസിസി പ്രസിഡൻ്റുമായ കെ.സുധാകരനും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയും ശക്തനായ നേതാവുമായ എം.വി.ജയരാജനുമാണ് ഏറ്റുമുട്ടിയത്. ഇത്തവണ 66.47 ശതമാനമാണ് കണ്ണൂരിലെ പോളിങ്. കെ സുധാകരന് 517099 വോട്ടുകൾ ലഭിച്ചു. എൽഡിഎഫിലെ എംവി ജയരാജൻ 408834 വോട്ടുകൾ നേടി. എൻഡിഎ സ്ഥാനാർത്ഥി സി രഘുനാഥിന് 119496 വോട്ടുകൾ ലഭിച്ചു.

ജനവിധി എന്തായാലും സംസ്ഥാനത്തെ കോൺഗ്രസിനെയും സിപിഎമ്മിനെയും ബാധിക്കുമെന്നതിനാൽ ഏവരും ഉറ്റുനോക്കിയിരുന്ന മണ്ഡലങ്ങളിലൊന്നാണ് കണ്ണൂർ ലോക്സഭാ മണ്ഡലം. ഇടതു കോട്ടയെന്ന പേരുണ്ടായിട്ടും ലോക്‌സഭയിൽ യു.ഡി.എഫിനെ കൂടുതലും പിന്തുണച്ച ചരിത്രമാണ് കണ്ണൂരിനുള്ളത്. മണ്ഡലത്തിൽ ആകെ 13,58,368 വോട്ടർമാരാണുള്ളത്. 2019 നെ അപേക്ഷിച്ച് ഈ വർഷം 91,809 വോട്ടർമാരുടെ വർധനവുണ്ടായി. 64,6181 പുരുഷ വോട്ടർമാരും 71,2181 സ്ത്രീ വോട്ടർമാരും 6 ട്രാൻസ്‌ജെൻഡർമാരും മണ്ഡലത്തിലുണ്ട്.

സംസ്ഥാന സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു യുഡിഎഫിന്‍റെ മണ്ഡലത്തിലെ പ്രചാരണം. പാനൂരിലുണ്ടായ ബോംബ് നിർമ്മാണവും തുടര്‍ന്നുണ്ടായ സ്ഫോടനവും, തെരഞ്ഞെടുപ്പിന്‍റെ അവസാന ലാപ്പില്‍ എല്‍ഡിഎഫിനെതിരെ യുഡിഎഫിന് കിട്ടിയ മികച്ച രാഷ്‌ട്രീയ ആയുധമായിരുന്നു.

ജില്ലയിലെ അക്രമ രാഷ്‌ട്രീയവും രക്തസാക്ഷി പട്ടികയും യുഡിഎഫ് പ്രചാരണത്തിലുടനീളം എടുത്ത് കാട്ടിയിരുന്നു. ദേശീയ തലത്തിലുള്ള കോണ്‍ഗ്രസിന്‍റെ ക്ഷീണവും കൂറുമാറ്റവും എടുത്ത് കാട്ടിയായിരുന്നു സിപിഎമ്മിന്‍റെ പ്രചാരണം. ധർമ്മടം നിയോജക മണ്ഡലത്തിലെ മുൻ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന സി രഘുനാഥ് ആണ് ലോക്‌സഭ തെരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർഥി.

2004ന് ശേഷം എൽഡിഎഫും യുഡിഎഫും മാറിമാറി ജയിച്ച ചരിത്രമാണ് കണ്ണൂരിനുള്ളത്. സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന എം.വി.ജയരാജനെയാണ് ഇത്തവണ മണ്ഡലം പിടിച്ചെടുക്കാൻ എൽ.ഡി.എഫ് രംഗത്തിറക്കിയത്.

Print Friendly, PDF & Email

Leave a Comment

More News