ഇടുക്കി ഡീന്‍ കുര്യാക്കോസിനോടൊപ്പം; 1,33,727 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ മിന്നും വിജയം

ഇടുക്കി: ഹൈറേഞ്ചിൽ ഡീൻ കുര്യാക്കോസ് വീണ്ടും വിജയിച്ചു. 1,33,727 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥി ജോയ്സ് ജോർജിനെയാണ് ഡീൻ പരാജയപ്പെടുത്തിയത്. പോസ്റ്റല്‍ വോട്ടെണ്ണലിൻ്റെ ഓരോ ഘട്ടത്തിലും തുടര്‍ച്ചയായ ലീഡ് നിലനിര്‍ത്തിയാണ് വിജയം ആവര്‍ത്തിച്ചത് . കേരളത്തിലെ യുഡിഎഫ് അനുകൂല തരംഗം ആദ്യഘട്ട ഫലങ്ങളിൽ പ്രതിഫലിച്ച മണ്ഡലം കൂടിയായിരുന്നു ഇടുക്കി.

കേരളത്തിലെ ഏറ്റവും വലിയ ലോക്‌സഭാ മണ്ഡലമായ ഇടുക്കിയിൽ വന്യജീവി ആക്രമണം ഉൾപ്പെടെയുള്ള നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള വികാര പ്രകടനമായി ഇടുക്കിയിലെ വോട്ടെടുപ്പ് മാറി. സി.പി.എം കോട്ടകളിലും മന്ത്രി റോഷി അഗസ്റ്റിൻ്റെ മണ്ഡലമായ ഇടുക്കിയിലും ഇടതുപക്ഷത്തിന് കാര്യമായ ചലനമുണ്ടാക്കാനായില്ല. ഭരണവിരുദ്ധതക്കെതിരെയുള്ള ജനവിധിയെന്നായിരുന്നു ഡീൻ കുര്യാക്കോസിൻ്റെ പ്രതികരണം.

നിയമസഭാ തിരഞ്ഞെടുപ്പിൽ അനുകൂലമായ ഇടുക്കിയിൽ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ മാറ്റമുണ്ടായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൈവിട്ടുപോയ മണ്ഡലം ജോയ്സ് ജോർജിലൂടെ തിരിച്ചുപിടിക്കാമെന്ന ഇടതുപക്ഷത്തിൻ്റെ പ്രതീക്ഷ ഇതോടെ അസ്ഥാനത്തായി.

ഇടുക്കിയിലെ ജനങ്ങൾക്കിടയിൽ എംപിയെന്ന നിലയിൽ ഡീൻ കുര്യാക്കോസ് നടത്തിയ പ്രവർത്തനങ്ങളുടെ സ്വീകാര്യത കൂടിയാണ് മണ്ഡലത്തിലെ ജനവിധിയിൽ തെളിയുന്നത്. 2019 ലെ തെരഞ്ഞെടുപ്പിൽ 171053 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ഡീൻ കുര്യാക്കോസ് നേടിയത്. പോളിങ് ശതമാനം 76.26 ആയിരുന്നു.

എന്നാൽ, ഇത്തവണ 66.55 ശതമാനത്തിലേക്ക് പോളിങ്‌ താഴ്ന്നതോടെ 133727 വോട്ടിൻ്റെ ഭൂരിപക്ഷമാണ് നേടാനായത്. 1977 ൽ ഇടുക്കി പാർലിമെൻ്റ് മണ്ഡലം രൂപീകരിച്ച ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകൾ ഉൾപ്പെടെയുള്ള 12 തെരഞ്ഞെടുപ്പുകളിൽ 2 തവണ മാത്രമാണ് ഇടത് പ്രതിനിധികൾ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ളത്.

1980 ൽ എംഎം ലോറൻസും 2014 ൽ ജോയ്‌സ് ജോർജുമാണ് ഇടതു പക്ഷത്തുനിന്നും വിജയം നേടിയത്. ചരിത്രം ആവർത്തിക്കപ്പെടുമ്പോൾ ഇടുക്കിയെ രണ്ടാമതും പാർലമെൻ്റിൽ പ്രതിനിധീകരിക്കാനുള്ള നിയോഗമാണ് ഡീനിന് കൈവന്നിരിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News