2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ എംപിമാർ

ന്യൂഡല്‍ഹി: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് യുവ നേതാക്കളുടെ ഒരു പുതിയ തരംഗത്തിന് തുടക്കമിട്ടിരിക്കുകയാണ്. ഇവര്‍ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപ്രകൃതിയെ പുനർനിർമ്മിക്കുമെന്ന് പ്രതീക്ഷിക്കാം. പാർലമെൻ്റിൻ്റെ അധോസഭയിൽ സീറ്റ് ഉറപ്പിച്ച് വിജയിച്ച നാല് 25 വയസുകാരും അവരിൽ ഉൾപ്പെടുന്നു. ശ്രദ്ധേയമായി, ഈ യുവരക്തത്തില്‍ മൂന്ന് പേർ സ്ത്രീകളാണ്: പ്രിയ സരോജ്, ശാംഭവി ചൗധരി, സഞ്ജന ജാതവ്.

ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ അംഗമായ പുഷ്പേന്ദ്ര സരോജ്, ലണ്ടനിലെ ക്യൂൻ മേരി യൂണിവേഴ്സിറ്റിയിൽ നിന്ന് അക്കൗണ്ടിംഗിലും മാനേജ്മെൻ്റിലും ബിരുദം നേടിയിട്ടുണ്ട് . സമാജ്‌വാദി പാർട്ടിയെ പ്രതിനിധീകരിച്ച് അദ്ദേഹം കൗശാംഭി മണ്ഡലത്തിൽ നിന്ന് രണ്ട് തവണ ബിജെപി എംപിയായ വിനോദ് സോങ്കറിനെ 1.03 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. പിതാവ് ഇന്ദർജിത് സരോജ് യുപി നിയമസഭാംഗമാണ്.

“എൻ്റെ മണ്ഡലത്തിൻ്റെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, പ്രാദേശിക രാഷ്ട്രീയത്തിൽ കുടുങ്ങിപ്പോകാതിരിക്കാൻ ബോധപൂർവമായ ശ്രമം നടത്തും,” പുഷ്പേന്ദ്ര വിജയത്തിന് ശേഷം പറഞ്ഞു.

പ്രിയ സരോജ്: 25-കാരിയായ സുപ്രീം കോടതി അഭിഭാഷകയാണ് പ്രിയ സരോജ്. സമാജ്‌വാദി പാർട്ടി ടിക്കറ്റിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിജയകരമായ അരങ്ങേറ്റം നടത്തി. മച്ച്‌ലിഷഹർ സീറ്റിൽ നിന്ന് 35,850 വോട്ടുകൾക്ക് തൻ്റെ അടുത്ത എതിരാളിയെ പരാജയപ്പെടുത്തി അവർ വിജയിച്ചു. മുൻ എംപി തുഫാനി സരോജിൻ്റെ മകളാണ് പ്രിയ.

ശാംഭവി ചൗധരി: ബീഹാറിലെ നിതീഷ് കുമാർ മന്ത്രിസഭയിലെ മന്ത്രി അശോക് ചൗധരിയുടെ മകൾ ശാംഭവി ചൗധരി സമസ്തിപൂർ മണ്ഡലത്തിൽ നിന്നാണ് വിജയിച്ചത്. തൊട്ടടുത്ത എതിരാളിയായ കോൺഗ്രസിലെ സണ്ണി ഹസാരിയെ അവർ മികച്ച ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. ജെഡിയു മന്ത്രി മഹേശ്വര്‍ ഹസാരിയുടെ മകനാണ് സണ്ണി ഹസാരി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ഒരു പ്രചാരണ റാലിയെ അഭിസംബോധന ചെയ്യവെ ശാംഭവിയെ ഏറ്റവും പ്രായം കുറഞ്ഞ എൻഡിഎ സ്ഥാനാർത്ഥിയായി അഭിനന്ദിച്ചിരുന്നു.

സഞ്ജന ജാതവ്: രാജസ്ഥാനിലെ ഭരത്പൂർ മണ്ഡലത്തിൽ നിന്നാണ് സഞ്ജന ജാതവ് വിജയിച്ചത്. ബിജെപിയുടെ രാംസ്വരൂപ് കോലിയെ 51,983 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ഈ 25കാരി പരാജയപ്പെടുത്തിയത്. 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ രമേഷ് ഖേദിയോട് വെറും 409 വോട്ടുകൾക്ക് പരാജയപ്പെട്ടെങ്കിലും, അവര്‍ വീണ്ടും അങ്കത്തിനിറങ്ങി വിജയക്കൊടി പാറിച്ചു. രാജസ്ഥാൻ പോലീസ് കോൺസ്റ്റബിളായ കപ്തൻ സിംഗിനെയാണ് സഞ്ജന വിവാഹം കഴിച്ചിരിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News