കാരന്തൂർ: കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഉറുദു മത്സര ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി മർകസ് കശ്മീരി വിദ്യാർഥികൾ. ജമ്മു കശ്മീരിലെ പൂഞ്ച്, ലോറൻ സ്വദേശികളായ മുഹമ്മദ് ജുനൈദ്, ഷർഫറാസ് അഹ്മദ്, മുഹമ്മദ് ഇഷ്ഫാഖ്, ഉമർ ഷുഹൈബ്, ബിലാൽ അഹ്മദ്, മുഹമ്മദ് റെഹാൻ, ഫൈസാൻ റെസ എന്നിവരാണ് കവിത രചന, പ്രഭാഷണം, കഥാ രചന, ഉപന്യാസ രചന എന്നീ ഉറുദു ഇനങ്ങളിൽ മികച്ച വിജയം നേടിയത്. കാരന്തൂർ മർകസ് ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിൽ പ്ലസ്ടു, എസ്.എസ്.എൽ.സി വിദ്യാർഥികളാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ കശ്മീരി വിദ്യാർഥികൾ സ്ഥിര സാന്നിധ്യമാണ്. വിജയികളെ സ്കൂൾ മാനേജ്മെന്റ്, പി.ടി.എ, അധ്യാപകർ അഭിനന്ദിച്ചു.