പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ധാക്കയിലേക്ക് തിരികെ അയക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഇടക്കാല സർക്കാർ ഇന്ത്യയ്ക്ക് കത്തയച്ചു. ജുഡീഷ്യൽ നടപടികൾ നേരിടാൻ ഷെയ്ഖ് ഹസീന മടങ്ങേണ്ടിവരുമെന്ന് ബംഗ്ലാദേശ് പറഞ്ഞു. ഈ നടപടിയോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളികളെ കൈമാറൽ ഉടമ്പടി വീണ്ടും ചർച്ചയായി.
2024 ഡിസംബർ 23 തിങ്കളാഴ്ച, ബംഗ്ലാദേശ് സർക്കാർ ഈ വിഷയത്തിൽ ഇന്ത്യാ ഗവൺമെൻ്റുമായി ഔപചാരിക ചർച്ച നടത്തി. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ 2013ൽ ഒപ്പുവച്ച കുറ്റവാളികളെ കൈമാറൽ ഉടമ്പടി പ്രകാരമാണ് ഈ ആവശ്യം ഉന്നയിക്കുന്നത്.
ഷെയ്ഖ് ഹസീനയെ തിരിച്ചയക്കണമെന്ന് ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചതായി ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് തൗഹീദ് ഹുസൈൻ അറിയിച്ചു. ജുഡീഷ്യൽ നടപടികൾ നേരിടാൻ ഷെയ്ഖ് ഹസീന മടങ്ങിവരണമെന്ന് ബംഗ്ലാദേശ് സർക്കാർ ആഗ്രഹിക്കുന്നുവെന്ന് ഞങ്ങൾ ഇന്ത്യൻ സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ 2013ൽ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാർ ഒപ്പു വെച്ചിട്ടുണ്ട്. ഈ ഉടമ്പടി പ്രകാരം, ഒളിവിൽ കഴിയുന്ന പ്രതികളെയും കുറ്റവാളികളെയും കൈമാറാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയുണ്ടായിരുന്നു. എന്നാൽ, ആരോപണങ്ങൾ രാഷ്ട്രീയ സ്വഭാവമുള്ളതാണെങ്കിൽ, കൈമാറാനുള്ള അപേക്ഷ തള്ളിക്കളയാമെന്ന വ്യവസ്ഥയും ഈ ഉടമ്പടിയിലുണ്ട്.
കൂട്ടക്കൊല, കൊള്ള, വ്യാജരേഖ ചമയ്ക്കൽ, തിരോധാനം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഷെയ്ഖ് ഹസീനയ്‌ക്കെതിരെ ബംഗ്ലാദേശ് സർക്കാർ ഉന്നയിച്ചത്. പല പ്രമുഖരുടെയും തിരോധാനത്തിൽ ഷെയ്ഖ് ഹസീനയ്ക്ക് പങ്കുണ്ടെന്നാണ് ‘സത്യം അനാവരണം ചെയ്യുന്നത്’ എന്ന തലക്കെട്ടിലുള്ള അന്വേഷണ റിപ്പോർട്ട്.