റാന്നി: തലമുറകളായി ക്രിസ്തീയ കുടുംബങ്ങളിൽ അനുഷ്ഠിച്ചുവന്നിരുന്ന പതിവുകളുടെ തെറ്റുകൾ വർദ്ധിച്ചുവരുന്ന കാലഘട്ടമാണെന്നും ഇളം തലമുറയെ ആത്മീയയിലേക്കും സാമൂഹിക പ്രതിബദ്ധതയുള്ളവരായും നയിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണെന്ന് മാർത്തോമാ റാന്നി – നിലയ്ക്കൽ ഭദ്രാസനാധിപൻ ജോസഫ് മാർ ബർണബാസ് സ്ഫ്റഗൻ മെത്രാപ്പോലീത്ത പ്രസ്താവിച്ചു. തലവടി കാഞ്ഞിരപള്ളിൽ കുടുംബയോഗം 51-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത.
സന്ധ്യാ – പ്രഭാത പ്രാർത്ഥനകൾക്ക് പ്രാധാന്യം നൽകണമെന്നും ദൈവവചന ധ്യാനം ശീലമാക്കണമെന്നും മെത്രാപ്പോലീത്ത പ്രസ്താവിച്ചു.
കുടുംബയോഗം പ്രസിഡന്റ് റവ. പ്രെയ്സ് തൈപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി റൈറ്റ് റവ. ബിഷപ്പ് തോമസ് സാമുവേൽ വാലയിൽ ആമുഖ പ്രസംഗം നടത്തി. കുടുംബബന്ധങ്ങൾ ശിഥിലമാകുന്ന വർധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും നന്മയുള്ള സമൂഹം സൃഷ്ടിക്കുവാൻ കുടുംബാംഗങ്ങൾ പങ്കാളികളാകണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു.
അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, സാഹിത്യകാരൻ എം ടി വാസുദേവൻ നായര്‍ എന്നിവർക്ക് അനുശോചനം അറിയിച്ചു. പ്രമോദ് നാരായണൻ എംഎൽഎ, റവ. ജോൺസൺ അലക്സാണ്ടർ മാടവന, റവ. തോമസ് മാത്യു കാഞ്ഞിരപ്പള്ളിൽ, വർക്കിംഗ് പ്രസിഡൻ്റ് റ്റി.ഇ. ചെറിയാൻ തോട്ടുകടവിൽ എന്നിവർ പ്രസംഗിച്ചു.
51 തവണയും മുടങ്ങാതെ കുടുംബ യോഗത്തിൽ പങ്കെടുത്ത കൊച്ചി തേവര തൈപറമ്പിൽ ടി.സി. കോരുതിനെയും 80 വയസ്സ് പൂർത്തിയാക്കിയ കുടുംബാംഗങ്ങളെയും അനുമോദിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ചങ്ങനാശ്ശേരി എസ്. ബി. കോളജിൽ നിന്നും ബിഎ മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ റാന്നി തോട്ടുകടവിൽ മറിയം സൂസൻ ചെറിയാൻ, പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു. നവ ദമ്പതികളായ ഡോ. നേഹ ആൻ ഈപ്പൻ, ഡോ. കാർത്തിക് വർഗ്ഗീസ് തോമസ് എന്നിവർക്ക് കുടുംബ യോഗത്തിന്റെ വകയായി വിശുദ്ധ ബൈബിൾ സമ്മാനിച്ചു. തോട്ടുകടവിൽ റോയി ജോർജിന്റെ നേതൃത്വത്തിൽ ഉള്ള ക്വയർ ഗാനങ്ങൾ ആലപിച്ചു.
സയന്റിസ്റ്റ് ഡോ. തോമസ് ജോൺ കോളകോട്ട് (അമേരിക്ക), ചെറിയാൻ ടി. മാത്യൂ തൊട്ടുകടവിൽ (ഗൾഫ്) അശോക് സാമുവൽ തോമസ് വാലയിൽ (ബാംഗ്ലൂര്‍) എന്നിവരടങ്ങിയ 31 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
സെക്രട്ടറി എബ്രഹാം വർഗ്ഗീസ് കോളാക്കോട്ട്, ട്രഷറർ അരുൺ ഈപ്പൻ, ജോ. സെക്രട്ടറിമാരായ സുരേഷ് തോമസ് മാടവന, അലക്സ് പി. തോമസ് വാഴയിൽ പുത്തൻപറമ്പിൽ, റോഷി ജോർജ്ജ് പ്ളഡോണ, കമ്മിറ്റി അംഗങ്ങളായ മാത്യു സൈമൺ കോളാക്കോട്ട് ,സുജി ചെറിയാൻ വർഗ്ഗീസ് തൊട്ടുകടവിൽ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്‍കി.
✒️ഡോ. ജോൺസൺ വി ഇടിക്കുള
കാഞ്ഞിരപള്ളിൽ വാലയിൽ ഭവൻ