മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ കാലതാമസം: ചീഫ് സെക്രട്ടറി സെക്രട്ടേറിയറ്റില്‍ നിർണായക യോഗം വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ഭരണ, അടിസ്ഥാന സൗകര്യ, ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഉണ്ടായ കാലതാമസത്തെ തുടർന്നാണ് സെക്രട്ടേറിയറ്റിൽ യോഗം ചേർന്നത്.

ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ, ജില്ലാ കളക്ടർമാർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. എൽപിജിയിൽ നിന്ന് പിഎൻജിയിലേക്കുള്ള മാറ്റം, സ്കൂൾ തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ, സെൻസസ് പ്രവർത്തനങ്ങൾ, പാമ്പുകടി പ്രതിരോധം, മഴക്കാല തയ്യാറെടുപ്പുകൾ, ദേശീയപാത വികസന പ്രവർത്തനങ്ങൾ എന്നിവ യോഗം അവലോകനം ചെയ്തു.

ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറിമാർ ഈ വിഷയങ്ങളിൽ വിശദീകരണങ്ങൾ നൽകി. മെയ് 31 നകം പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയാകുമെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു. കുടുംബശ്രീ യൂണിറ്റുകൾ വഴി ഇതിനകം 65 ശതമാനം പുസ്തകങ്ങളും വിതരണം ചെയ്തു കഴിഞ്ഞു. ബാക്കി പുസ്തകങ്ങൾ ഉടൻ വിതരണം ചെയ്യുമെന്നും അറിയിച്ചു.

കൈത്തറി വകുപ്പ് വഴി സ്കൂൾ യൂണിഫോം വിതരണം പുരോഗമിക്കുകയാണെന്നും എയ്ഡഡ് സ്കൂളുകൾക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായും യോഗത്തിൽ അറിയിച്ചു. ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിനോടനുബന്ധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടിക്രമങ്ങളും യോഗം ചർച്ച ചെയ്തു. നിലവിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫയർ ആൻഡ് റെസ്ക്യൂ, ആരോഗ്യ വകുപ്പ്, വനം-വന്യജീവി വകുപ്പ്, മോട്ടോർ വാഹന വകുപ്പ് എന്നിവയിൽ നിന്ന് അനുമതി നേടിയ ശേഷമാണ് സർട്ടിഫിക്കറ്റ് നൽകുന്നത്.

സമയപരിധി പരിഗണിച്ച്, നിർബന്ധിത സുരക്ഷാ മാനദണ്ഡങ്ങൾക്ക് മുൻഗണന നൽകി പുതിയ സർക്കുലർ പുറപ്പെടുവിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു. സുരക്ഷാ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അടുത്ത രണ്ടാഴ്ചത്തേക്ക് സ്കൂളുകളുടെ ഒരുക്കങ്ങൾ ജില്ലാ കളക്ടർമാർ നിരീക്ഷിക്കണമെന്നും ആവശ്യമുള്ളിടത്ത് മിന്നൽ പരിശോധനകൾ നടത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. പാഠ പുസ്തകങ്ങളും യൂണിഫോമുകളും ഉടൻ ലഭ്യമാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിനും അദ്ദേഹം നിർദ്ദേശം നൽകി.

Leave a Comment

More News