അമേരിക്കയിലെ നാല് സമയമേഖലകളിലായി ചിതറിക്കിടക്കുന്ന പ്രവാസി മലയാളികൾക്ക് ടെക്സസിലെ ഡാളസ് എന്ന് കേൾക്കുമ്പോൾ എന്നും പ്രത്യേകമൊരു വികാരമാണ്. കാരണം മറ്റൊന്നുമല്ല; നമ്മുടെ സ്വന്തം ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസ് — പ്രിയപ്പെട്ട ദാസേട്ടൻ — വർഷങ്ങളായി താമസിക്കുന്നത് ഈ നഗരത്തിലാണ് എന്നത് ഏതൊരു മലയാളിയിലും വലിയ അഭിമാനമുണർത്തുന്നു. എന്നാൽ, ആ അഭിമാനത്തോടൊപ്പം തന്നെ വളരെ സങ്കടകരമായ വേറൊരു ചോദ്യവും ഇന്ന് ഡാളസിലെ മലയാളികൾക്കിടയിൽ ഉയരുന്നുണ്ട്: “ദാസേട്ടൻ തൊട്ടടുത്ത് ഡാളസിലുണ്ടായിട്ടും, അദ്ദേഹത്തെ നെഞ്ചിലേറ്റുന്ന സാധാരണക്കാർക്ക് എന്തുകൊണ്ടാണ് അദ്ദേഹത്തെ ഒന്നു കാണാൻ പോലും കഴിയാത്തത്?”
പ്രഭാതത്തിലെ ഭക്തിഗാനങ്ങൾ മുതൽ രാത്രിയിലെ താരാട്ടുപാട്ടുകൾ വരെ, മലയാളി ജീവിതത്തിന്റെ എല്ലാ വൈകാരിക മുഹൂർത്തങ്ങളിലും കൂടെയുള്ള ശബ്ദമാണ് ദാസേട്ടന്റേത്. ആയിരക്കണക്കിന് മൈലുകൾ അകലെ കഴിയുന്ന പ്രവാസികൾക്ക് ആ ശബ്ദം വെറുമൊരു പാട്ടല്ല, സ്വന്തം നാടിന്റെ ഗന്ധവും മനോഹരമായ ഓർമ്മകളുമാണ്. അങ്ങനെയൊരു മഹാഗായകൻ തങ്ങൾ ജീവിക്കുന്ന നഗരത്തിലുണ്ടെന്നത് വലിയ ഭാഗ്യമാണെങ്കിലും, സാധാരണക്കാരായ പ്രവാസികൾക്ക് ആ ഭാഗ്യം ഇന്നും അകലെനിന്നുള്ള ഒരഭിമാനം മാത്രമായി ഒതുങ്ങിനിൽക്കുകയാണ്.
സോഷ്യൽ മീഡിയ തുറക്കുമ്പോഴൊക്കെ പ്രമുഖരായ സിനിമാ താരങ്ങളും രാഷ്ട്രീയ-സാമൂഹിക നേതാക്കളും ദാസേട്ടന്റെ വീട സന്ദർശിക്കുന്ന ചിത്രങ്ങൾ നിരന്തരം കാണാറുണ്ട്. പ്രശസ്തരും വിശിഷ്ട വ്യക്തികളും അദ്ദേഹത്തോടൊപ്പം ഓർമ്മകൾ പങ്കുവെക്കുന്നതിൽ പ്രവാസികൾക്ക് ഏറെ സന്തോഷമുണ്ട്. എന്നാൽ, ദാസേട്ടന്റെ പാട്ടുകൾ കേട്ടു വളർന്ന സാധാരണക്കാരായ മലയാളികളുടെ മനസ്സിൽ ചെറിയൊരു നിരാശയും നിസ്സഹായതയും ബാക്കിയാവുന്നു.
“ഞങ്ങളുടെ അളവറ്റ സ്നേഹം എന്തുകൊണ്ട് അദ്ദേഹത്തിലേക്ക് എത്തുന്നില്ല?” എന്ന ചോദ്യമാണ് അവിടെയൊക്കെ ഉയരുന്നത്.
ദാസേട്ടന്റെ ഒരു പാട്ടെങ്കിലും കേൾക്കാതെ ഒരു ദിവസം പോലും കടന്നുപോകാത്ത ആയിരക്കണക്കിന് സാധാരണക്കാരുണ്ട് ഡാളസിൽ. അദ്ദേഹത്തെ അടുത്തുനിന്ന് കാണാനും, രണ്ടു വാക്ക് സംസാരിക്കാനും, ഒരു ഫോട്ടോ എടുക്കാനും ആഗ്രഹിക്കുന്നത് പണത്താലോ പദവികളാലോ അളക്കേണ്ട ഒന്നല്ല; ഒരു സാധാരണ ആരാധകന്റെ ഹൃദയം നിറഞ്ഞ സ്വാഭാവികമായ ആഗ്രഹം മാത്രമാണ്. പ്രമുഖർക്ക് സൗകര്യപൂർവ്വം വീട്ടിലെത്തി കാണാൻ അവസരം ലഭിക്കുമ്പോൾ, സാധാരണക്കാരന് ഒരു പൊതുവേദിയിൽ പോലും അദ്ദേഹത്തെ കാണാൻ കഴിയാതെ പോകുന്നത് സ്വാഭാവികമായും ഇത്തരം കുഞ്ഞു പരിഭവങ്ങൾക്ക് കാരണമാകുന്നു.
ഇത് ദാസേട്ടനെ കുറ്റപ്പെടുത്താനോ അദ്ദേഹത്തിന്റെ സ്വകാര്യതയേയും ആരോഗ്യത്തെയും ചോദ്യം ചെയ്യാനോ ഉള്ള ശ്രമമല്ല. അദ്ദേഹത്തിന്റെ പ്രായവും വിശ്രമവും പൂർണ്ണമായും ബഹുമാനിക്കപ്പെടേണ്ടതാണ് എന്നതിൽ ആർക്കും തർക്കമില്ല. എങ്കിലും, പതിറ്റാണ്ടുകളായി ആ ശബ്ദത്തെ ജീവനുതുല്യം സ്നേഹിക്കുന്ന സാധാരണക്കാരുടെ വികാരങ്ങളും കാണാതെ പോകരുത്.
വലിയ വേദിയോ ആയിരക്കണക്കിന് ആളുകളോ ഇല്ലാതെ, ഡാളസിൽ വളരെ ചെറിയൊരു ആരാധകസംഗമം സംഘടിപ്പിക്കാൻ സാധിച്ചാൽ അത് പ്രവാസികൾക്ക് വലിയൊരു ആശ്വാസമാകും. അദ്ദേഹത്തെ ജീവനുതുല്യം സ്നേഹിക്കുന്ന കുറച്ച് സാധാരണ മലയാളികൾക്ക് മുന്നിൽ ദാസേട്ടൻ കുറച്ചു നിമിഷങ്ങൾ ഇരുന്നാൽ, ആ ഒരു വാക്ക് കേൾക്കാൻ, ആ പുഞ്ചിരി നേരിട്ടു കാണാൻ കഴിയുമെങ്കിൽ, അത് അവർക്ക് ജീവിതകാലം മുഴുവൻ സൂക്ഷിക്കാവുന്ന അമൂല്യമായ ഓർമ്മയായിരിക്കും.
നിങ്ങള് ഞങ്ങളിൽനിന്ന് അകലെയല്ല, ഞങ്ങളുടെ സ്വന്തം ഡാളസിലുണ്ട്. പക്ഷേ, നിങ്ങളെ നെഞ്ചിലേറ്റുന്ന ആയിരക്കണക്കിന് സാധാരണക്കാർക്ക് നിങ്ങള് ഇന്നും ഒരുപാട് അകലെയാണ്. നിങ്ങളോടുള്ള അതിരറ്റ സ്നേഹം കൊണ്ടുമാത്രമാണ് ഈ ചെറിയ പരിഭവം. നിങ്ങളുടെ പാട്ടുകൾ ഞങ്ങളുടെ വീടുകളിലും ബാല്യത്തിലും പ്രണയത്തിലും പ്രാർത്ഥനകളിലും എപ്പോഴും നിറഞ്ഞുനിൽക്കുന്നു. ഇനി ഒരിക്കലെങ്കിലും ഞങ്ങൾക്ക് നിങ്ങളുടെ അരികിലെത്താൻ കഴിയട്ടെ…
ഈ ഓണക്കാലത്ത് ഡാളസിലെയും ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെയും പേരിൽ ഹൃദയം നിറഞ്ഞ ഓണാശംസകൾ! സർവ്വേശ്വരൻ നിങ്ങൾക്ക് ആയുരാരോഗ്യവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ.
അകലെനിന്ന് പ്രണാമം അർപ്പിച്ചുകൊണ്ട് — ഒരിക്കലെങ്കിലും അടുത്തുനിന്ന് കാണാൻ കഴിയുമെന്ന പ്രതീക്ഷയോടെ…
