നിരവധി തവണ ചലാൻ ലഭിച്ചിട്ടും ഗതാഗത നിയമലംഘനം തുടരുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും റദ്ദാക്കാനും നടപടി. ആദ്യഘട്ടത്തിൽ നാല് പേരുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തു.
ന്യൂഡൽഹി: ആവർത്തിച്ച് ചലാൻ ലഭിച്ചിട്ടും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നത് തുടരുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടിയുമായി ഡൽഹി ട്രാഫിക് പോലീസ്. നൂറുകണക്കിന് ചലാനുകൾ രജിസ്റ്റർ ചെയ്തിട്ടും നിയമലംഘനം തുടരുന്ന വാഹനങ്ങളും ഡ്രൈവർമാരും ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുന്ന നടപടികളിലേക്ക് പോലീസ് കടന്നത്.
വെസ്റ്റേൺ ഡിസ്ട്രിക്റ്റ് ട്രാഫിക് പോലീസിന്റെ നടപടിയുടെ ഭാഗമായി പതിവായി നിയമലംഘനം നടത്തിയ നാല് ഡ്രൈവർമാരുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. ഇതിൽ രണ്ട് പേരുടെ ലൈസൻസുകൾ തിങ്കളാഴ്ചയാണ് സസ്‌പെൻഡ് ചെയ്തത്.
റോഡ് സുരക്ഷ ശക്തിപ്പെടുത്തുകയും അപകടകരവും നിരുത്തരവാദപരവുമായ ഡ്രൈവിംഗ് നിയന്ത്രിക്കുകയും ചെയ്യുന്നതിനായി പ്രത്യേക പരിശോധനാ കാമ്പയിൻ ആരംഭിച്ചതായി വെസ്റ്റേൺ റേഞ്ച് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രൺവീർ സിംഗ് അറിയിച്ചു.
തിലക് നഗർ, രജൗരി ഗാർഡൻ, പഞ്ചാബി ബാഗ് ട്രാഫിക് സർക്കിളുകളിലാണ് പരിശോധന പ്രധാനമായും ശക്തമാക്കിയിരിക്കുന്നത്. വെസ്റ്റേൺ ഡിസ്ട്രിക്റ്റ് എസിപി നീരജ് കുമാറിന്റെ മേൽനോട്ടത്തിൽ മദ്യപിച്ച് വാഹനമോടിക്കൽ, അപകടകരമായ ഡ്രൈവിംഗ്, റെഡ് സിഗ്നൽ ലംഘിക്കൽ, ഹെൽമെറ്റ് ധരിക്കാതെയുള്ള യാത്ര, ഇരുചക്ര വാഹനങ്ങളിൽ മൂന്നുപേർ യാത്ര ചെയ്യൽ, തെറ്റായ ദിശയിൽ വാഹനമോടിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ട്.
ആവർത്തിച്ച് നിയമലംഘനം നടത്തുന്നവർക്കെതിരെ രണ്ട് രീതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്. ആദ്യഘട്ടത്തിൽ മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഇത്തരം ഡ്രൈവർമാരുടെ കേസുകൾ കോടതിയുടെ പരിഗണനയ്ക്ക് സമർപ്പിക്കും. വെസ്റ്റേൺ ഡിസ്ട്രിക്റ്റ് പോലീസ് ഇതിനകം 79 ഡ്രൈവർമാരുടെ പട്ടിക തയ്യാറാക്കി രോഹിണി കോടതിയിലേക്ക് അയച്ചിട്ടുണ്ട്.
ഇവരിൽ നാല് പേരുടെ ഡ്രൈവിംഗ് ലൈസൻസുകളാണ് ആദ്യഘട്ടത്തിൽ ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. കോടതി ഉത്തരവിനെ തുടർന്ന് ലൈസൻസുകൾ ബന്ധപ്പെട്ട ട്രാൻസ്പോർട്ട് അതോറിറ്റിയിൽ നിക്ഷേപിക്കേണ്ടിവരും.
രണ്ടാമത്തെ നടപടിക്രമത്തിൽ പതിവായി നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ വിവരങ്ങളും ചലാനുകളും നേരിട്ട് ലൈസൻസിംഗ് അതോറിറ്റിക്ക് കൈമാറും. ഇതുവരെ 19 ഡ്രൈവർമാർക്കെതിരെ ഇത്തരത്തിൽ രേഖാമൂലമുള്ള പരാതികൾ നൽകിയിട്ടുണ്ട്.
ലൈസൻസ് സസ്‌പെൻഷൻ സെൽ കേസുകൾ പരിശോധിച്ചശേഷം ലൈസൻസ് താൽക്കാലികമായി സസ്‌പെൻഡ് ചെയ്യണോ റദ്ദാക്കണോ എന്നതിൽ തീരുമാനമെടുക്കും. നടപടിക്ക് മുമ്പ് ലൈസൻസ് ഉടമയ്ക്ക് ‘ഷോ കോസ് നോട്ടീസ്’ നൽകി വിശദീകരണം നൽകാനുള്ള അവസരവും നൽകും.
മദ്യപിച്ച് വാഹനമോടിക്കുന്നതുപോലുള്ള ഗുരുതര നിയമലംഘനങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെയും ലൈസൻസ് സസ്‌പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ തടയുന്നതിനായി ഡൽഹിയിലെ ബന്ധപ്പെട്ട ട്രാൻസ്പോർട്ട് അധികൃതർക്കൊപ്പം രാജ്യത്തെ മറ്റ് ലൈസൻസിംഗ് അതോറിറ്റികളുമായും പോലീസ് ഏകോപനം ശക്തമാക്കിയിട്ടുണ്ട്.
റോഡ് സുരക്ഷ അപകടത്തിലാക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്നും നിയമലംഘനം പതിവാക്കുന്നവർക്ക് ചലാൻ മാത്രം നൽകി അവസാനിപ്പിക്കാതെ ഡ്രൈവിംഗ് ലൈസൻസിനെതിരെയും നടപടി സ്വീകരിക്കുമെന്നും ഡൽഹി ട്രാഫിക് പോലീസ് വ്യക്തമാക്കി.
