സാന്ത്വന പരിചരണ ദിനത്തിൽ ബിഷപ്പിന്റെ ആദരം വേറിട്ട അനുഭവമായി

ബിഷപ്പ് ഡോ.മലയില്‍ സാബു കോശി ചെറിയാൻ ജോർജ്ജ് തോമസിനെ പൊന്നാട അണിയിച്ച് ആദരിക്കുന്നു

എടത്വ: പാലിയേറ്റീവ് ദിനത്തിൽ ബിഷപ്പിന്റെ ആദരം സാന്ത്വനവും സ്നേഹ സ്പർശവും അത്മീയ പാതയിൽ കരുണാ സാഗരവുമായി. തലവടി ചുട്ടുമാലി സെന്റ് തോമസ് സിഎസ്ഐ ദൈവാലയം പ്രതിഷ്ഠ ശുശ്രൂഷക്കിടയിലാണ് സിഎസ്ഐ മധ്യ കേരള മഹായിടവക ബിഷപ്പ് ഡോ മലയിൽ സാബു കോശി ചെറിയാൻ ദൈവാലയം കൈക്കാരൻ ജോർജ്ജ് തോമസിനെ പൊന്നാട അണിയിച്ച് ആദരിച്ചത് വിശ്വാസി സമൂഹത്തിനിടയിൽ വേറിട്ട അനുഭവമായത്. കടന്നാക്രമിക്കുന്ന രോഗത്തിന്റെ കഠിന വേദന അറിയിക്കാതെ, മനമിടറാതെ, നിരാശയുടെ ഇരുൾ പരക്കാതെ വാഹനത്തിന്റെ മുൻ സീറ്റിൽ ഇരുന്ന് തോമസ് ജോർജ്ജ് കുർബാന സ്വീകരിച്ചപ്പോൾ തൊഴുകൈകളോടെയും നിറകണ്ണുകളോടെയും ദൈവത്തിന് നന്ദി അർപ്പി ച്ച് ജോർജ്ജ് തോമസ്സിന്റെ ഭാര്യ വത്സല ജോർജ്ജ് ഒപ്പം അരികിൽ ഉണ്ടായിരുന്നു.

തലവടി കുന്തിരിയ്ക്കൽ സെന്റ് തോമസ് സി.എസ് ഐ ഇടവകയുടെ അഞ്ച് ഉപസഭകളിൽ ഒന്നായ ചൂട്ടുമാലി സെന്റ് തോമസ് സിഎസ്ഐ ദൈവാലയത്തിന്റെ കൈക്കാരനാണ് ജോർജ്ജ് തോമസ്. 1867ൽ സ്ഥാപിതമായ ദൈവാലയത്തിന്റെ മദ്ബഹാ പ്രതിഷ്ഠിച്ചത് 1998 ജനുവരി 22ന് ബിഷപ്പ് ഡോ. സാം മാത്യു ആണ്.

ചില വർഷങ്ങൾക്ക് മുമ്പ് ദൈവാലയം വീണ്ടും പുതുക്കി പണിയുകയും പ്രതിഷ്ഠാ ചടങ്ങ് നടത്തുന്നതിന് വിശ്രമരഹിതമായ പ്രവർത്തനങ്ങൾ കൈക്കാരൻ ജോർജ്ജ് തോമസ്സിന്റെയും വിശ്വാസികളുടെയും നേതൃത്വത്തില്‍ നടത്തിവരുന്നതിനിടയിൽ ജോർജ്ജ് തോമസ്സിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.10 ദിവസത്തോളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജോർജ്ജ് തോമസ് ഡിസ്ചാർജ്ജ് ആയി ദൈവാലയത്തിലേക്ക് വാഹനത്തില്‍ എത്തിയെങ്കിലും കാറിൽ നിന്നും ഇറങ്ങുന്നതിനു ബുദ്ധിമുട്ട് ഉള്ളതിനാൽ കാറിൽ ഇരുന്ന് പ്രതിഷ്ഠാ ശുശ്രൂഷയിൽ മുഴുവൻ സമയവും പങ്കെടെത്തു.

ഇടവക വികാരി റവ. മാത്യൂ ജിലോ നൈനാൻ, സുവി. ഡെന്നി ദാനിയേല്‍ എന്നിവർ ബിഷപ്പിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് വാഹനത്തിന്റെ അരികിലെത്തി കുർബാന നല്‍കിയതിന് ശേഷം പൊന്നാട അണിയിച്ച് ആദരിച്ചത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ദൈവാലയത്തിന്റെ കൈക്കാരനാണ് ജോർജ്ജ് തോമസ്. ജൂബി ജോർജ്ജ്, ജൂലി ജോബ് എന്നിവരാണ് മക്കൾ.

ചൂട്ടുമാലി ബൈബിൾ കൺവൻഷൻ നാളെ സമാപിക്കും. ഇടവക വികാരി റവ.മാത്യൂ ജിലോ നൈനാൻ ഉദ്ഘാടനം ചെയ്തു. റവ. ചാർലി ജോൺസ് പ്രഭാഷണം നടത്തി. ഇന്ന് സുവി. ജയിംസ് പോളും നാളെ റവ. റെജി പി ജോസഫും വചന പ്രഭാഷണം നടത്തും. വൈകിട്ട് 6.30ന് സംഗീത ശുശ്രൂഷയോടെയാണ് ആരംഭിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News