കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം, പ്രവാസി മലയാളികളുടെ സംരംഭമായ എയർ കേരളയുടെ ആദ്യ വിമാനം ജൂണിൽ കൊച്ചിയിൽ നിന്ന് പറന്നുയരും.
സർവീസിനായി അഞ്ച് വിമാനങ്ങൾ പാട്ടത്തിനെടുക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി കൊച്ചിയിലെ കമ്പനി അധികൃതർ അറിയിച്ചു. ആദ്യ സർവീസ് കൊച്ചിയിൽ നിന്നായിരിക്കും ആരംഭിക്കുക.
ആദ്യ ഘട്ടത്തിൽ രാജ്യത്തെ ചെറിയ നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ച് ആഭ്യന്തര സർവീസുകൾ നടത്തും. സാധാരണക്കാർക്ക് പോക്കറ്റ് കാലിയാക്കാതെ വിമാനത്തിൽ യാത്ര ചെയ്യാൻ കഴിയുന്ന തരത്തിലായിരിക്കും ടിക്കറ്റ് നിരക്കുകൾ.
കേരളം ആസ്ഥാനമായുള്ള ആദ്യ വിമാന സര്‍വീസായ എയര്‍ കേരളയുടെ പ്രവര്‍ത്തന കേന്ദ്രം കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ചായിരിക്കുമെന്ന് ചെയര്‍മാന്‍ അഫി അഹമ്മദ് അറിയിച്ചു.
മത്സരാധിഷ്ഠിത വ്യോമയാന മേഖലയിലേക്ക് മലയാളി സംരംഭകർ കടന്നുവരുന്നത് കേരളം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 76 സീറ്റുകളുള്ള വിമാനങ്ങൾ എല്ലാം തന്നെ ഇക്കണോമി ക്ലാസ് ആയിരിക്കുമെന്ന് സിഇഒ ഹരീഷ് കുട്ടി പറഞ്ഞു.
എയർ കേരള കുറഞ്ഞ ടിക്കറ്റ് നിരക്കുകളും സമയബന്ധിതമായ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. സ്വന്തമായി വിമാനങ്ങൾ വാങ്ങാൻ കമ്പനിക്ക് പദ്ധതിയുണ്ട്. എന്നാല്‍, ഇതിന് കുറഞ്ഞത് നാല് വർഷമെടുക്കുമെന്നതിനാലാണ് വിമാനങ്ങൾ പാട്ടത്തിനെടുക്കുന്നത്. പാട്ടത്തിനെടുത്ത വിമാനങ്ങൾ ഏപ്രിലിൽ കൊച്ചിയിൽ എത്തിക്കും. ഇതുസംബന്ധിച്ച് ഐറിഷ് കമ്പനികളുമായി ധാരണയിലെത്തി.