ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മരണശേഷം അന്ത്യകർമങ്ങൾ മുതൽ സ്മാരകം വരെ തർക്കം നിലനിന്നിരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ കേന്ദ്ര സർക്കാരിനെ കോണ്‍ഗ്രസ് വെട്ടിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സ്മാരകം നിർമിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. മൻമോഹൻ സിംഗിൻ്റെ സ്മാരകത്തിനായി ഒന്നര ഏക്കർ സ്ഥലം കേന്ദ്ര സർക്കാർ കണ്ടെത്തിയിട്ടുണ്ട്. ഡൽഹിയിലെ നാഷണൽ മെമ്മോറിയൽ കോംപ്ലക്സിലാണ് ഡോ. സിംഗിൻ്റെ സ്മാരകം നിർമിക്കുക. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് വേണ്ടിയും സ്മാരകം ഇവിടെ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രം.
മന്‍മോഹന്‍ സിംഗിന്റെ കുടുംബത്തെ മന്ത്രാലയം തീരുമാനം ഔദ്യോഗികമായി അറിയിച്ചു. ട്രസ്റ്റ് രജിസ്റ്റർ ചെയ്യാൻ അവരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ സ്മാരകം ഈ മാസം ആദ്യം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെ സർക്കാർ ഉദ്യോഗസ്ഥർ ദേശീയ സ്മാരകം സന്ദർശിച്ചിരുന്നു.
സിംഗിന്റെ കുടുംബത്തോട് സ്ഥലം പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ ഇതുവരെ അങ്ങനെ ചെയ്തിട്ടില്ലെന്ന് വൃത്തങ്ങൾ വെളിപ്പെടുത്തി. സിംഗിൻ്റെ കുടുംബം ദുഃഖത്തിലാണെന്നും അതിനാൽ സർക്കാർ വാഗ്ദാനത്തിൽ അംഗങ്ങൾ തീരുമാനമെടുത്തിട്ടില്ലെന്നും കുടുംബ വക്താവ് പറഞ്ഞു.
മൻമോഹൻ സിംഗിൻ്റെ സമാധി സ്ഥലത്തെച്ചൊല്ലി തർക്കമുണ്ടായിരുന്നു. മുതിർന്ന നേതാവിൻ്റെ മരണശേഷം കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് മോദി സർക്കാർ ആരോപിച്ചിരുന്നു. അതിനാൽ കോൺഗ്രസും സർക്കാരിനെ ആക്രമിക്കുകയും അത് അപമാനകരമാണെന്ന് ആരോപിക്കുകയും ചെയ്തു. സ്മാരകത്തിൻ്റെ നിർമ്മാണത്തിന് സമയമെടുത്തേക്കുമെന്നാണ് സൂചന. ഏത് തരത്തിലുള്ള സ്മാരകമാണ് നിർമ്മിക്കാൻ ആഗ്രഹിക്കുന്നതെന്ന് കുടുംബവുമായി ചർച്ച നടത്തുമെന്ന് കേന്ദ്രം അറിയിച്ചു. ഇതിന് ശേഷം കുടുംബം സർക്കാരിനെ അറിയിക്കും.
യമുനാതീരത്ത് രാഷ്ട്രപതിമാർ, ഉപരാഷ്ട്രപതിമാർ, പ്രധാനമന്ത്രിമാർ, മുൻ രാഷ്ട്രപതിമാർ, മുൻ ഉപരാഷ്ട്രപതിമാർ, മുൻ പ്രധാനമന്ത്രിമാർ എന്നിവരുടെ ശവസംസ്‌കാരങ്ങൾക്കും സ്‌മാരകങ്ങൾക്കുമുള്ള പൊതുസ്ഥലമായാണ് ദേശീയ സ്മാരകം വികസിപ്പിച്ചത്. നിലവിൽ, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി, പി വി നരസിംഹ റാവു, ചന്ദ്രശേഖർ, ഐ കെ ഗുജ്‌റാൾ എന്നിവരുൾപ്പെടെ ഏഴ് നേതാക്കളുടെ സ്മാരകങ്ങൾ സമുച്ചയത്തിലുണ്ട്. ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾ മൻമോഹൻ സിംഗിനും പ്രണബ് മുഖർജിക്കും വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്.