വാഷിംഗ്ടണ്‍: ഇന്ത്യൻ-അമേരിക്കൻ നേതാവ് വിവേക് രാമസ്വാമി ഒഹായോ ഗവർണർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആലോചിക്കുന്നതായി വൃത്തങ്ങളെ ഉദ്ധരിച്ച് വെള്ളിയാഴ്ച വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രഖ്യാപനം ഉടനെ ഉണ്ടായേക്കും. 2026 നവംബറിലാണ് ഒഹായോയിലെ തിരഞ്ഞെടുപ്പ്.
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വേണ്ടി രാമസ്വാമി നേരത്തെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നെങ്കിലും, ട്രംപിനു വേണ്ടി പിന്നീട് മത്സരത്തിൽ നിന്ന് പിന്മാറി.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, വൈസ് പ്രസിഡൻ്റ് ജെ.ഡി.വാൻസ് എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് രാമസ്വാമി. ടെസ്‌ല ഉടമ എലോൺ മസ്‌കിനൊപ്പം ഭരണം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കാനുള്ള ഉത്തരവാദിത്തം ട്രംപ് അദ്ദേഹത്തിന് നൽകിയിരിക്കുകയാണ്.