തലവടി: വിദ്യാഭ്യാസ സാമൂഹിക രംഗത്ത് മിഷണറിമാർ നല്‍കിയ സംഭവനകൾ മഹത്തരമെന്ന് റവ.സുമോദ് സി.ചെറിയാൻ പ്രസ്താവിച്ചു.തലവടി സിഎംഎസ് ഹൈസ്ക്കൂൾ സംഘടിപ്പിച്ച 184-ാം വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനത്തിലും മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു സി.എസ്.ഐ സ്കൂൾസ് കോർപറേറ്റ് മാനേജർ റവ. സുമോദ് സി. ചെറിയാൻ.
വഴി സൗകര്യങ്ങൾ പോലും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ മിഷണറിമാര്‍ ലാഭേച്ഛ കൂടാതെ ഗ്രാമങ്ങളില്‍ ആരംഭിച്ച പള്ളികൂടങ്ങൾ നാടിന് പ്രകാശം പരത്തി നിലനില്‍ക്കുന്നതിൽ അഭിമാനം കൊള്ളുന്നുവെന്നും പൂർവ്വ വിദ്യാർത്ഥികൾ മാതൃവിദ്യാലയത്തിന് നല്‍കുന്ന പിന്തുണ മാതൃകപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വളഞ്ഞവട്ടം സിഎസ്ഐ ചർച്ച് വികാരി റവ. പ്രമോദ് ജെ ജോൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സാനി എം.ചാക്കോ വാർഷിക, റിപ്പോർട്ട് അവതരിപ്പിച്ചു. പ്രഥമ അദ്ധ്യാപകൻ റെജിൽ സാം മാത്യൂ, ബ്ളോക്ക് പഞ്ചായത്ത് അംഗം ആനി ഈപ്പന്‍, ഗ്രാമ പഞ്ചായത്ത് അംഗം എൻപി. രാജൻ, പി.ടി.എ പ്രസിഡന്റ് കെ റ്റി തോമസ്, പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള, സ്കൂൾ ഉപദേശക സമിതി അംഗം ജേക്കബ് ചെറിയാൻ, റോബി തോമസ്, സാറാമ്മ ലൂക്കോസ്, ആനി കുര്യൻ, സ്ക്കൂൾ ചെയർപേഴ്സൺ റിയൽ റോബി തോമസ് എന്നിവർ പ്രസംഗിച്ചു.
25 വർഷം അദ്ധ്യാപികയായി സേവനം ചെയ്തതിന് ശേഷം വിരമിക്കുന്ന ആനി കുര്യന് ഉപഹാരം നല്‍കി ആദരിച്ചു. കഴിഞ്ഞ അദ്ധ്യയന വർഷം ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ്, വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള പുരസ്ക്കാരങ്ങളും സർട്ടിഫിക്കറ്റും മുൻ അദ്ധ്യാപികമാരായ ലൈസാമ്മ ജോർജ്ജ്, മറിയാമ്മ മാമ്മൻ, സൂസി ജോർജ്ജ് എന്നിവർ ചേർന്ന് സമ്മാനിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. ആനി കുര്യൻ മറുപടി പ്രസംഗം നടത്തി.