ലോകാരോഗ്യ സംഘടനയിൽ നിന്നും പിന്മാറാനുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പിൻ്റെ തീരുമാനം ആഗോള പൊതുജനാരോഗ്യ രംഗത്ത് വലിയ തിരിച്ചടിയുണ്ടാക്കും. അമേരിക്കയിലും ദൂരവ്യാപകമായ ദോഷഫലങ്ങൾ ഉണ്ടാകാൻ ഈ തീരുമാനം കാരണമാകും. ദുരുപദിഷ്ടവും ചിന്താശൂന്യവുമായ തീരുമാനമാണിത്.
ലോകാരോഗ്യ സംഘടയ്ക്ക് എവിടെ നിന്നാണ് ഫണ്ട് കിട്ടുന്നത്?
ലോകാരോഗ്യ സംഘടനയുടെ ശരാശരി വാർഷിക ബജറ്റ് മൂന്ന് ബില്യൺ ഡോളറാണ്. ഏതാണ്ട് ഇരുപത്താറായിരം കോടി രൂപ. ഇതിൻ്റെ 15 മുതൽ 20 വരെ ശതമാനം അമേരിക്കയിൽ നിന്നാണ് വരുന്നത്.
രാജ്യങ്ങളുടെ ജനസംഖ്യ, സാമ്പത്തികശേഷി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കനുസരിച്ചുള്ള സംഭാവന ലോകാരോഗ്യ സംഘടനയ്ക്ക് കിട്ടുന്നു. ഐക്യരാഷ്ടസഭയയുടെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് ഓരോ രാജ്യത്തിൻ്റെയും ശതമാനം നിശ്ചയിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ ബജറ്റിൻ്റെ 20% ഇങ്ങനെയാണ് ലഭിക്കുന്നത്. ഇതിൽ 22 % അമേരിക്കയിൽ നിന്നാണ് വരുന്നത്.
ലോകാരോഗ്യ സംഘടനയുടെ ബജറ്റിൻ്റെ ബാക്കി 80% വരുന്നത് വിവിധ രാജ്യങ്ങളും സ്വകാര്യ പ്രസ്ഥാനങ്ങളും ഫൗണ്ടേഷനുകളും ചില യു.എൻ ഏജൻസികളും അന്തർദ്ദേശീയ പ്രസ്ഥാനങ്ങളും ഒക്കെ സ്വമേധയാ നൽകുന്ന സംഭാനകൾ വഴിയാണ്. ഇതിൻ്റെ മൂന്നിലൊന്നെങ്കിലും വരുന്നത് അമേരിക്കയിൽ നിന്നാണ്. ലോകാരോഗ്യസംഘടനയിൽ നിന്ന് അമേരിക്ക പിന്മാറുമ്പോഴുണ്ടാകുന്ന ആഘാതത്തെ സൂചിപ്പിക്കുന്നതാണ് മേൽപ്പറഞ്ഞ കണക്കുകൾ.
ലോകാരോഗ്യ സംഘടന മൂലം ലോകം എന്ത് നേടുന്നു?
1945 -ൽ സ്ഥാപിതമായ ഐക്യരാഷ്ട്രസഭയുടെ കീഴിൽ ഒരു പ്രത്യേക ഏജൻസിയായി 1948 ഏപ്രിൽ 7 ന് ആണ് ലോകാരോഗ്യ സംഘടന ഉടലെടുക്കുന്നത്. തുടക്ക വർഷങ്ങളിൽ തന്നെ സാംക്രമിക രോഗങ്ങളുടെ നിയന്ത്രണത്തിലും പ്രതിരോധമരുന്നുകളുടെ വ്യാപനത്തിലും ശുചിത്വമാർഗങ്ങളിലൂടെ രോഗപ്രതിരോധം നടത്തുന്നതിലും വലിയ സംഭാവനകൾ ചെയ്യാൻ ലോകാരോഗ്യ സംഘടനയ്ക്ക് കഴിഞ്ഞു.
പ്രതിരോധ കുത്തിവയ്പിലൂടെ ലോകത്ത് നിന്ന് ആദ്യമായി ഉന്മൂലനം ചെയ്യപ്പെട്ട രോഗമാണ് വസൂരി. ദശലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയിരുന്ന വസൂരി രോഗത്തെ 1980-ൽ ലോകത്ത് നിന്ന് ഉന്മൂലനം ചെയ്യുന്നതിന് ലോകാരോഗ്യ സംഘടന നൽകിയ നേതൃത്വം ചരിത്രത്തിൻ്റെ ഭാഗമാണ്. ഈ നൂറ്റാണ്ടിൽ ലോകം കണ്ട രോഗബാധകളായ സാർസ് (2003), എച്ച്1എൻ1 ഇൻഫ്ലുവൻസ (2009), എബോള ( 2014-16), കൊവിഡ് – 19 ( 2020) എന്നീ രോഗങ്ങളുടെ കാര്യത്തിൽ ലോക രാജ്യങ്ങളെ ഏകോപിപ്പിച്ച് രോഗ നിരീക്ഷണം, ചികിത്സ, ഗവേഷണം, വാക്സിൻ വിതരണം തുടങ്ങിയവ പരമാവധി മെച്ചപ്പെടുത്തുന്നതിൽ ലോകാരോഗ്യ സംഘടനയുടെ സംഭാവനയും വിലമതിക്കാനാകാത്തതാണ്.
ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രമുള്ള മാരകമായ മലമ്പനിയെയും, അപകടകാരിയായ ക്ഷയരോഗത്തെയും, 1980 – കളിൽ ഭീതിതമായരീതിയിൽ മരണം വിതച്ച എച്.ഐ.വി/എയ്ഡ്സ് രോഗത്തെയും ആഗോള തലത്തിൽ ഫലപ്രദമായി നേരിടുന്നതിൻ്റെ പ്രധാന നേതൃത്വവും ലോകാരോഗ്യ സംഘടനയ്ക്ക് അവകാശപ്പെട്ടതാണ്.
ലോകാരോഗ്യ സംഘടന ഏകോപിപ്പിക്കുന്ന സൂക്ഷ്മവും നിശിതവുമായ ഗവേഷണങ്ങളിലൂടെയും വിദഗ്ദ്ധ കൂട്ടായ്മകളുടെ ഉപദേശങ്ങളിലൂടെയുമാണ് ആരോഗ്യരംഗത്തെ വിവിധ മാർഗരേഖകൾ സൃഷ്ടിക്കപ്പെടുന്നത്. ഇവയുടെ സഹായത്തോടയാണ് വ്യത്യസ്ത രാജ്യങ്ങളിലെ ആരോഗ്യ പ്രശ്നങ്ങളെ സമാനവും ശാസ്ത്രീയവുമായ രീതികളിൽ നേരിടുന്നത്.
ആരോഗ്യ രംഗത്തെ സമത്വം, സാർവത്രിക ആരോഗ്യ പരിരക്ഷ തുടങ്ങിയ ആശയങ്ങളുടെ സഫലീകരണം വഴി, സാമ്പത്തിക തകർച്ചയ്ക്ക് വിധേയരാകാതെ, എല്ലാവർക്കും ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിന് രാജ്യങ്ങളെ സജ്ജമാക്കുന്ന വലിയ പരിപാടികൾക്കും ലോകാരോഗ്യസംഘടന നേതൃത്വം നൽകുന്നു. ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമുൾപ്പെടെ എല്ലാവർക്കും അവനവന് താങ്ങാവുന്ന രീതിയിൽ ആരോഗ്യസംരക്ഷണം ലഭിക്കാൻ ഈ ശ്രമങ്ങൾ തുടരേണ്ടത് അനിവാര്യമാണ്.
ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനമായ ജനീവയിലും ആറ് റീജിയണൽ ഓഫീസുകളിലും നൂറ്റമ്പതിലധികം രാജ്യങ്ങളിലെ ഓഫീസുകളിലും (പ്രവർത്തനം 194 രാജ്യങ്ങളിൽ) ജോലി ചെയ്യുന്ന ആരോഗ്യ വിദഗ്ദ്ധരുടെ ഏകോപിതമായ പരിശ്രമമാണ് പഴയതും പുതിയതുമായ രോഗങ്ങളെ അതിവേഗത്തിലും ഫലപ്രദമായും നേരിടാൻ ലോകത്തെയും രാജ്യങ്ങളെയും പ്രാപ്തമാക്കുന്നത്.
അമേരിക്ക പിന്മാറുമ്പോൾ എന്ത് അപകടങ്ങൾ സംഭവിക്കും?
അമേരിക്ക പിന്മാറുമ്പോൾ ലോകാരോഗ്യസംഘടനയ്ക്ക് സാമ്പത്തികമായി ഉണ്ടാകുന്ന വലിയ ആഘാതം ലോകത്തെ പൊതുജനാരോഗ്യ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളെ ഇത് കൂടുതലായി ബാധിക്കും.
അമേരിക്ക നൽകുന്ന ഫണ്ടിൻ്റെ നല്ലൊരു ഭാഗവും പോളിയോ നിർമ്മാർജനത്തിനും മഹാമാരികൾക്കെതിരെയുള്ള തയ്യാറെടുപ്പിനും എച്.ഐ.വി/എയ്ഡ്, ക്ഷയം തുടങ്ങിയ രോഗങ്ങൾക്കെതിരെയുളള പ്രവർത്തനത്തനങ്ങൾക്കുമാണ് ഉപയോഗിക്കുന്നത്. വർഷങ്ങൾ കൊണ്ട് കെട്ടിപ്പടുത്ത ഈ പദ്ധതികൾ മുടങ്ങിയാൽ മാരകരോഗങ്ങൾ പൊട്ടിപ്പുറപ്പെടാനും അവ കൂടുതൽ വേഗത്തിൽ പടരാനും തുടങ്ങും.
ശാസ്ത്രസാങ്കേതിക രംഗത്ത് ഏറ്റവും മുന്നിൽ നിൽക്കുന്ന അമേരിക്ക ആഗോള ആരോഗ്യ രംഗത്ത് നൽകുന്ന നേതൃത്വം വിലപ്പെട്ടതാണ്. പെട്ടെന്ന് അതില്ലാതാകുന്നത് ഒരുപാട് രാജ്യങ്ങളിലെ ആരോഗ്യ പ്രവർത്തനത്തിൻ്റെ വ്യാപ്തിയെയും നിലവാരത്തെയും ബാധിക്കും. പൊതുജനാരോഗ്യരംഗത്ത് രാജ്യങ്ങളെ ഏകോപിപ്പിക്കുന്ന കാര്യത്തിലും വിഘാതങ്ങൾ ഉണ്ടാകും. രാജ്യങ്ങളിലെ രോഗസംബന്ധമായ വിവരശേഖരണത്തെയും വിശകലനത്തെയും തുടർന്നുള്ള കരുതൽ നടപടികളെയും ഇതൊക്കെ ബാധിക്കും. ഇതൊക്കെ കൂടാതെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളിലെ സമവാക്യങ്ങൾ മാറും. ചൈന പോലുള്ള രാജ്യങ്ങൾ ആധിപത്യം ഉണ്ടാക്കാൻ ശ്രമിക്കും. ഇത് ആഗോള ബന്ധങ്ങളിൽ നിലവിലുള്ള സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കും.
ലോകാരോഗ്യസംഘടനയുടെ ബജറ്റിൻ്റെ മൂന്നിലൊന്ന് ഭാഗത്തോളം ജീവനക്കാരുടെ ശമ്പളത്തിനും അലവൻസുകൾക്കുമാണ് ചെലവഴിക്കുന്നത്. അമേരിക്കയുടെ ഫണ്ടിംഗ് മുടങ്ങുമ്പോൾ ജീവനക്കാരുടെ ഇരുപത് ശതമാനമെങ്കിലും കുറയും. ട്രമ്പ് ഭരണത്തിൽ എത്തുമെന്ന സംശയം ഉണ്ടായിരുന്നതിനാൽ പല ഓഫീസുകളിലും പുതിയ നിയമനങ്ങൾ വല്ലാതെ കുറഞ്ഞിരുന്നു. ആയിരക്കണക്കിന് സ്റ്റാഫിന് കോൺട്രാക്ട് നീട്ടിക്കൊടുക്കാത്ത അവസ്ഥയും കുറേ നാളായി ഉണ്ടായിരുന്നു. സ്ഥിരം ജോലിക്കാരും കോൺട്രാക്ട് ജീവനക്കാരുമായി രണ്ടായിരം പേരെങ്കിലും ഇന്ത്യയിൽത്തന്നെ പ്രവർത്തിക്കുന്നത്. ലോകാരോഗ്യ സംഘടനയെ കൂടാത ഗ്ലോബൽ ഫണ്ട് പോലുള്ള ആഗോള പ്രസ്ഥാനങ്ങൾക്ക് അമേരിക്കൻ സർക്കാരും മറ്റ് അമേരിക്കൻ പ്രസ്ഥാനങ്ങളോ വലിയ ധനസഹായം നൽകുന്നുണ്ട്. ലോകാരോഗ്യസംഘടനയിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം മറ്റ് ധനസഹായ പ്രസ്ഥാനങ്ങളിലേയ്ക്ക് കുടി വ്യാപിക്കാൻ ഇടയുണ്ട്. അങ്ങനെ സംഭവിച്ചാൽ ആരോഗ്യരംഗത്ത് വലിയ നാശങ്ങൾക്ക് അത് കാരണമാകും.
പിന്മാറ്റം ഏതൊക്കെ രാജ്യങ്ങളെ ബാധിക്കും?
അമേരിക്കയുടെ പിന്മാറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ആരോഗ്യ പ്രശ്നങ്ങളുടെ ആധിക്യം കാരണം ലോകാരോഗ്യ സംഘടനയുടെ വലിയ പിന്തുണ ലഭിക്കുന്ന രാജ്യങ്ങളെയായിരിക്കും. ജനസംഖ്യയും രോഗങ്ങളും കൂടുതലായതിനാൽ ഏഷ്യൻ രാജ്യങ്ങളെ കാര്യമായി ബാധിക്കും. സാമ്പത്തികമായ പിന്നോക്കാവസ്ഥയും ദാരിദ്ര്യവും ആരോഗ്യ സംവിധാനങ്ങളുടെ പരാധീനതകളും കൂടുതലുള്ള ആഫ്രിക്കൻ രാജ്യങ്ങളിലും വലിയ പ്രശ്നങ്ങളുണ്ടാകും. ലോകാരോഗ്യ സംഘടനയുടെ വലിയ സാന്നിദ്ധ്യമുള്ള ഇന്ത്യയിലും ബുദ്ധിമുട്ടുകൾ ഉണ്ടാകും.
പിന്മാറ്റം അമേരിക്കയെ ബാധിക്കുമോ?
ലോകാരോഗ്യസംഘടനയ്ക്കുള്ള സാമ്പത്തിക സഹായം പിൻവലിക്കുമ്പോൾ അമേരിക്കയ്ക്ക് അതുവഴി സാമ്പത്തിക ലാഭം ഉണ്ടാകുമെന്നായിരിക്കണം പുതിയ അമേരിക്കൻ ഭരണകൂടം വിശ്വസിക്കുന്നത്. ഒറ്റനോട്ടത്തിൽ അത് ശരിയാണെന്ന് ജനങ്ങൾക്കും തോന്നാം. പക്ഷേ, ഈ തീരുമാനം വഴി അമേരിക്കയ്ക്കും വലിയ നഷ്ടങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്.
എല്ലാ രാജ്യങ്ങളിലും പുതിയതും പഴയതുമായ സാംക്രമിക രോഗങ്ങൾ ഉണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിൽ ഇവ കൂടുതലും അമേരിക്കയിൽ ഇവ കുറവുമാണ്. ഉദാഹരണത്തിന് ഇന്ത്യയിൽ ഒരു വർഷം 25 ലക്ഷത്തിലധികം പേർക്ക് ക്ഷയരോഗം വരുമ്പോൾ അമേരിക്കയിൽ ഇത് പതിനായിരത്തിന് താഴെയാണ്. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേയ്ക്കുള്ള കുടിയേറ്റം കൂടുതലാണ്. ജോലിക്കായും വിനോദസഞ്ചാരത്തിനായുമൊക്കെ അമേരിക്കയിലേയ്ക്കും അവിടെ നിന്ന് മറ്റ് രാജ്യങ്ങളിലേയ്ക്കുമുള്ള യാത്രകൾ ഇനിയും കൂടുകയേ ഉള്ളൂ. രോഗം ഉണ്ടാക്കുന്ന അണുക്കൾക്ക് രാജ്യാതിർത്തികളോ പൗരത്വമോ പ്രശ്നമല്ല. ഉദാഹരണത്തിന് ക്ഷയരോഗത്തിൻ്റെ കാര്യമെടുക്കാം. അമേരിക്കയിലെ ക്ഷയ രോഗത്തിൻ്റെ നല്ലൊരു പങ്കും കുടിയേറ്റക്കാരിലാണ് ഉണ്ടാകുന്നത്. ക്ഷയരോഗാണുക്കൾ ശരീരത്തിൻ്റെ ഉള്ളിൽ കടന്നിട്ടുള്ള വിദേശികൾ അമേരിക്കയിൽ വന്ന് താമസിക്കുപ്പോഴാകാം വ്യത്യസ്ത ആരോഗ്യ അവസ്ഥകളാൽ അവർ ക്ഷരരോഗികളായി മാറുന്നത്. അവർ അമേരിക്കക്കാർക്കും രോഗം പകർത്തും. ചുരുക്കിപ്പറഞ്ഞാൽ അന്യനാടുകളിൽ ക്ഷയരോഗം പോലുള്ള അസുഖങ്ങൾ കൂടിയാൽ അവ അമേരിക്കയിലും കൂടും.
അമേരിക്കയിലുള്ള സി.ഡി.സി പോലുള്ള അന്തർദേശീയ സ്ഥാപനങ്ങൾ ലോകാരോഗ്യ സംഘടനയ്ക്കും ലോകരാജ്യങ്ങൾക്കും ഒരുപാട് പിന്തുണ നൽകുന്നുണ്ട്. വ്യത്യസ്ത മേഖലകളിൽ ഇങ്ങനെ രാജ്യങ്ങൾക്ക് നൽകുന്ന പിന്തുണ വഴി രോഗങ്ങളെപ്പറ്റിയുള്ള വിവരശേഖരണവും റിപ്പോർട്ടിംഗും തുടർ നടപടികളുമൊക്കെ മെച്ചപ്പെട്ട നിലവാരത്തിലാകുന്നു. അതുവഴി ലോകത്തിനും അമേരിക്കയ്ക്കും ഗുണമുണ്ടാകുന്നു.
അമേരിക്കൻ ആരോഗ്യവിദഗ്ദ്ധർ ലോകാരോഗ്യ സംഘടനയുടെ ഉദ്യോഗസ്ഥരായി ലോകത്തെ ഒരുപാട് രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. അവരുടെ വൈദഗദ്ധ്യം കൂടുന്നതും ഇത്തരം രാജ്യങ്ങളിലെ ആരോഗ്യ പ്രശ്നങ്ങളിൽ ഇടപെടാൻ കഴിയുമ്പോഴാണ്. കൂടാതെ, ഈ പ്രവർത്തനങ്ങൾ അമേരിക്കയ്ക്ക് ലോക രാജ്യങ്ങളിൽ ഉണ്ടാകുന്ന സ്വാധീനം വലുതാണ്. ലോകാരോഗ്യ സംഘടനയിൽ നിന്നും പിന്മാറുമ്പോൾ ഈ രംഗത്തും അമേരിക്കയ്ക്ക് നഷ്ടമുണ്ടാകും.
എന്താണ് പ്രതിവിധി?
ആഗോള തലത്തിൽ പൊതുജനാരോഗ്യം പൂർണമായും വഷളാകുന്നതിന് മുമ്പ് ലോകാരോഗ്യ സംഘടയിൽ നിന്ന് പിന്മാറാൻ അമേരിക്കൻ പ്രസിഡൻ്റ് എടുത്ത തീരുമാനം റദ്ദാക്കണം. അതിന്, അമേരിക്കൻ പ്രസിഡൻ്റിന് മുകളിൽ അവിടത്തെ ജനതയുടെയും ആഗോള തലത്തിൽ മറ്റ് രാജ്യങ്ങളുടെയും അന്തർദ്ദേശീയ പ്രസ്താനങ്ങളുടെയും അടിയന്തിരവും ശക്തവുമായ സമ്മർദ്ദമുണ്ടാകണം.
അന്തർദേശീയ തലത്തിൽ പൊതുജനാരോഗ്യരംഗത്ത് രാജ്യങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകുന്ന പ്രസ്ഥാനങ്ങൾ മുന്നോട്ടുവരണം. ട്രമ്പിനെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ, ഈ പ്രസ്ഥാനങ്ങൾ പ്രത്യേകിച്ച് ദരിദ്രരാഷ്ടങ്ങളെ കൈയയച്ച് സഹായിക്കണം. ഇരുപത്തഞ്ച് വർഷം തികയുന്ന ഗേറ്റ്സ് ഫൗണ്ടേഷൻ 2025 വർഷത്തെ ബജറ്റായി പ്രഖ്യാപിച്ചിരിക്കുന്നത് 8.74 ബില്യൺ ഡോളറാണ്. അമേരിക്കയുടെ പിന്മാറ്റ തീരുമാനം മാറ്റമില്ലാതെ തുടർന്നാൽ ആ വിടവ് പരിഹരിക്കുന്നതിനായി കൂടുതൽ ഫണ്ട് വാഗ്ദാനവുമായി ഗേറ്റ്സ് ഫൗണ്ടേഷന് മുന്നോട്ടുവരാൻ കഴിയും. അവർക്കൊപ്പം അണിചേരാൻ മറ്റ് ഫണ്ട് ദാതാക്കളും തയ്യാറാകേണ്ടിവരും.
ഈ പ്രതിസന്ധി പരിഹരിക്കുന്നതിൽ ഇന്ത്യയ്ക്കും വലിയ ഉത്തരവാദിത്വമുണ്ട്. ഇന്ത്യ മുന്നോട്ടുവന്ന് പ്രശ്നപരിഹാരത്തിന് ആഗോള തലത്തിൽ നേതൃത്വം കൊടുക്കണം. ഈ വിഷയത്തിൽ ഇന്ത്യക്കൊപ്പം നിൽക്കാൻ കഴിയുന്ന രാജ്യങ്ങളെയും കൂടെക്കൂട്ടണം.
ഡോ: എസ്.എസ്. ലാൽ
വലുതും ചെറുതുമായ വ്യത്യസ്ത രാജ്യങ്ങളിൽ ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളിൽ ഉദ്യോഗസ്ഥനായി പ്രവർത്തിച്ചതിൻ്റെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ഇത്രയും എഴുതിയത്. ഇത് അവസാന വാക്കല്ല. അതിനാൽ സുഹൃത്തുക്കളുടെ അഭിപ്രായങ്ങൾ സ്വാഗതം ചെയ്യുന്നു.