ഇസ്രയേലിലെ ടെൽ അവീവ് നഗരത്തില്‍ കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയ ഭീകരൻ നാല് പേരെ പരിക്കേല്പിച്ചു. പ്രാഥമികാന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ഇതൊരു ഭീകരാക്രമണമാണെന്ന് പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
നഹലത്ത് ബിന്യാമിൻ സ്ട്രീറ്റിൽ വെച്ച് അക്രമി ആദ്യം മൂന്ന് പേരെ ആക്രമിച്ചു എന്ന് പോലീസ് പറഞ്ഞു. പിന്നീട് ഗ്രൂസൻബെർഗ് സ്ട്രീറ്റിൽ മറ്റൊരാളെ ഇയാൾ ആക്രമിച്ചു. മൊറോക്കൻ പൗരനായ അബ്ദുൽ അസീസ് കാഡിയാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളിൽ നിന്ന് അമേരിക്കൻ ഗ്രീൻ കാർഡും ഐഡിയും കണ്ടെടുത്തിട്ടുണ്ട്. ജനുവരി 18ന് ടൂറിസ്റ്റ് വിസയിലാണ് ഇയാൾ ഇസ്രയേലിലെത്തിയതെന്നാണ് റിപ്പോർട്ട്.
റിപ്പോർട്ടുകള്‍ പ്രകാരം, ഇയാള്‍ ഇസ്രയേലിലേക്ക് കടക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെന്ന് സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റ് പറഞ്ഞു. എന്നാൽ, പിന്നീട് പ്രവേശനം നൽകുകയായിരുന്നു. മൂന്ന് ദിവസത്തിനിടെ ഇസ്രായേലിൽ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. കുത്തേറ്റ നാല് പേർക്ക് 24 നും 59 നും ഇടയിൽ പ്രായമുണ്ടെന്ന് പറയുന്നു. സംഭവത്തെ തുടർന്ന് പോലീസ് ഉടൻ നടപടി സ്വീകരിക്കുകയും ഭീകരനെ വധിക്കുകയും ചെയ്തു.
അന്വേഷണം നടന്നുവരികയാണ്. ഈ സംഭവം ഇസ്രായേലിലെ സുരക്ഷാ ക്രമീകരണങ്ങളിൽ ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.