വെറുപ്പിനെതിരെ സ്നേഹത്തിന്റെ പാലം പണിയുക : ടി. ആരിഫലി

ദോഹ: വർദ്ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയയെയും മുസ്‌ലിം വെറുപ്പിനെയും പ്രതിരോധിക്കാൻ ജനഹൃദയങ്ങളിലേക്ക് സ്നേഹത്തിൻ്റെ പാലങ്ങൾ പണിയുകയാണ് പരിഹാരമെന്ന് ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ചെയർമാൻ ടി. ആരിഫലി പ്രസ്താവിച്ചു. ഖത്തറിലെ  മലയാളി പ്രവാസികൾക്ക് വേണ്ടി ഔഖാഫ്-മതകാര്യ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഇസ്‌ലാം വിരുദ്ധ പൊതുബോധം മാറ്റിയെടുക്കാനും മുസ്‌ലിം സമൂഹത്തിന് അനുകൂലമായ പൊതുജനാഭിപ്രായം രൂപപ്പെടുത്താനും പരിശ്രമിക്കുകയാണ് മുസ്‌ലിം സമുദായത്തിന്റെ പ്രഥമ ഉത്തരവാദിത്തം. മുസ്‌ലിംകൾ സ്വയം ഗുണപരമായ മാറ്റത്തിന് തയാറാവണം. ദൈവിക സന്മാർഗമനുസരിച്ച് മാതൃകാ വ്യക്തിത്വങ്ങളായി മാറണം. സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുമ്പോഴാണ് മനുഷ്യൻ്റെ ദൗത്യം പൂർത്തിയാവുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദൈവം സംവിധാനിച്ച അതിമഹത്തായ സ്ഥാപനമാണ് കുടുംബം. കുടുംബവും വിവാഹവും പാരതന്ത്ര്യവും ബാധ്യതയും ശല്യവുമല്ല. ‘എൻ്റെ ശരീരം എൻ്റെ സ്വാതന്ത്ര്യം’ എന്ന വ്യക്തികേന്ദ്രീകൃത ലിബറൽ ചിന്താഗതി മൂല്യങ്ങളുടെ നിരാസമാണ്. കുടുംബ സംവിധാനത്തിൻ്റെ തകർച്ചയാണ് ലിബറലിസത്തിൻ്റെ ഫലം.  മദ്യവും മയക്കുമരുന്നും ഗണ്യമായി വ്യാപിക്കുന്നതിൻ്റെ  കാരണങ്ങളിലൊന്നും ലിബറലിസമാണ്. ലിബറലിസത്തിൻ്റെ ഫലമായി വിവിധ രാജ്യങ്ങളിൽ  ജനസംഖ്യയിലുണ്ടായ അസന്തുലിതത്വം നമുക്ക് പാഠമാണെന്ന് അദ്ദേഹം പറഞ്ഞു.

ഫലസ്തീനിൽ വെടിനിർത്തൽ നടപ്പിലാക്കാൻ ഖത്തർ നടത്തിയ ഇടപെടലിനെ ആരിഫലി ശ്ലാഘിച്ചു. ലോകത്തോടും മനുഷ്യരോടും കാരുണ്യത്തോടെ വർത്തിക്കുന്ന ഖത്തറിനെ രണ്ടാമത്തെ വീടായി മനസ്സിലാക്കി, ഈ നാടിൻ്റെ വികസനത്തിനും പുരോഗതിക്കും പ്രവാസികൾ പങ്കുവഹിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വക്റ വലിയ പള്ളിയിൽ (ഹംസ ബിൻ അബ്ദുൽ മുത്തലിബ് മസ്ജിദ്) നടന്ന പരിപാടിയിൽ രണ്ടായിരത്തോളം പേർ പങ്കെടുത്തു. ശൈഖ് അബ്ദുല്ല ബിൻ സെയ്ദ് ആൽമഹമൂദ് കൾച്ചറൽ സെന്റർ (ഫനാർ) പ്രതിനിധി ഡോ. അഹ്‌മദ്‌ അബ്ദുറഹീം തഹാൻ ആശംസകൾ നേർന്നു.  ഖാസിം ടി.കെ ആമുഖഭാഷണം നടത്തി. മുഹമ്മദ് സകരിയ്യ ഖുർആൻ പാരായണം നടത്തി. നൗഫൽ വി.കെ പരിപാടി നിയന്ത്രിച്ചു.  ബിലാൽ ഹരിപ്പാട് നന്ദി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News