പാരീസ് (ഫ്രാൻസ്): പത്തു വര്‍ഷത്തോളെമെടുക്കുന്ന പാരീസിലെ ചരിത്രപരമായ കെട്ടിടത്തിൻ്റെ നവീകരണത്തിൻ്റെയും വിപുലീകരണത്തിൻ്റെയും ഭാഗമായി ലൂവ്രെ മ്യൂസിയത്തിനുള്ളിൽ “മൊണാലിസ” യ്ക്ക് സ്വന്തം മുറി ഉണ്ടായിരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചു.
“ലൂവർ ന്യൂ നവോത്ഥാനം” എന്ന് വിളിക്കപ്പെടുന്ന നവീകരണ പദ്ധതിയിൽ 2031-ഓടെ തുറക്കുന്ന സീൻ നദിക്ക് സമീപം ഒരു പുതിയ പ്രവേശന കവാടവും ഭൂഗർഭ മുറികളുടെ നിർമ്മാണവും ഉൾപ്പെടുമെന്ന് മാക്രോൺ തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. ലിയനാർഡോ ഡാവിഞ്ചിയുടെ മാസ്റ്റർപീസ് ലൂവ്രെ മ്യൂസിയത്തിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.
മാക്രൊണ്‍ വെളിപ്പെടുത്തിയില്ലെങ്കിലും, തിരക്കേറിയതും കാലഹരണപ്പെട്ടതുമായ സൗകര്യങ്ങളാൽ ബുദ്ധിമുട്ടുന്ന, ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന, മ്യൂസിയം നവീകരിക്കാൻ കോടിക്കണക്കിന് യൂറോ ചെലവാകുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് 800 മില്യൺ യൂറോയിൽ (834 മില്യൺ ഡോളർ) എത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഐക്കണിക് ഗ്ലാസ് പിരമിഡ് അനാച്ഛാദനം ചെയ്ത 1980-കളിലാണ് ലൂവ്രെയുടെ ഏറ്റവും പുതിയ നവീകരണം നടന്നത്. ഇപ്പോൾ, മ്യൂസിയം അന്താരാഷ്ട്ര നിലവാരം പുലർത്തുന്നില്ല.
മ്യൂസിയത്തിൻ്റെ വിപുലീകരണത്തോടെ “മൊണാലിസ” ഒരു പുതിയ, സമർപ്പിത മുറിയിലേക്ക് മാറ്റുമെന്ന് മാക്രോൺ പറഞ്ഞു, പ്രത്യേക ടിക്കറ്റുകൾ വഴി സന്ദർശകർക്ക് അത് കാണാനും കഴിയും. പെയിൻ്റിംഗുകൾ കാണാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇത് എളുപ്പമാക്കുമെന്നും മറ്റ് സന്ദർശകർക്ക് മ്യൂസിയത്തിൻ്റെ ബാക്കി ഭാഗങ്ങളിൽ ചുറ്റിക്കറങ്ങുന്നത് എളുപ്പമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലിയനാർഡോ ഡാവിഞ്ചിയുടെ മാസ്റ്റർപീസിനൊപ്പം സെൽഫിയെടുക്കാൻ സന്ദർശകരുടെ നീണ്ട, ശബ്ദായമാനമായ വരികൾ നിറഞ്ഞ, മ്യൂസിയത്തിലെ ഏറ്റവും വലിയ മുറിയിൽ സംരക്ഷിത ഗ്ലാസിന് പിന്നിൽ “മോണലിസ” ഇപ്പോൾ പ്രദർശിപ്പിച്ചിരിക്കുന്നു.
ഇക്കാരണത്താൽ, മുറിയിൽ ഉണ്ടായിരുന്ന ടിഷ്യൻ, വെറോണീസ് തുടങ്ങിയ മഹാനായ വെനീഷ്യൻ ചിത്രകാരന്മാരുടെ മറ്റ് ചില പെയിൻ്റിംഗുകൾ പലരും കാണാതെ പോകുന്നു, ആളുകൾക്ക് അവ കാണാൻ കഴിയുന്നില്ല.
1980-കളിൽ മ്യൂസിയത്തിൻ്റെ ഏറ്റവും പുതിയ പ്രധാന നവീകരണം 4 ദശലക്ഷം വാർഷിക സന്ദർശകരെ സ്വീകരിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. കഴിഞ്ഞ വർഷം, ലൂവ്രെ 8.7 ദശലക്ഷം സന്ദർശകരെ സ്വീകരിച്ചു, അവരിൽ മുക്കാൽ ഭാഗവും വിദേശികളായിരുന്നു. കൂടുതലും അമേരിക്ക, ചൈന, അയൽരാജ്യങ്ങളായ ഇറ്റലി, യുകെ, ജർമ്മനി, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു.
മ്യൂസിയത്തിൻ്റെ അബുദാബി ശാഖയിൽ നിന്നുള്ള ടിക്കറ്റ് വിൽപ്പന, സംരക്ഷണം, ലൈസൻസ് പണം എന്നിവ ഉപയോഗിച്ച് 2031-ഓടെ സെയ്ൻ നദിക്ക് സമീപം ലൂവ്റിലേക്കുള്ള പുതിയ കവാടം നിർമ്മിക്കുമെന്ന് മാക്രോൺ പറഞ്ഞു.
വരും മാസങ്ങളിൽ ഡിസൈൻ മത്സരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, മ്യൂസിയം വിപുലീകരിക്കാൻ ചില പുതിയ ഭൂഗർഭ മുറികൾ നിർമ്മിക്കും.
അടുത്ത പത്ത് വർഷത്തിനുള്ളിൽ നവീകരണത്തിന് 700 മുതൽ 800 മില്യൺ യൂറോ (730 മുതൽ 834 ദശലക്ഷം ഡോളർ വരെ) ചെലവ് വരുമെന്ന് കണക്കാക്കിയിട്ടുണ്ടെന്നും അതിൽ പകുതിയും പുതിയ പ്രവേശന കവാടം നിർമ്മിക്കാൻ ചിലവു വരുമെന്നും ഒരു ഉന്നത ഫ്രഞ്ച് ഉദ്യോഗസ്ഥൻ പറഞ്ഞു.
യൂറോപ്യൻ യൂണിയന് പുറത്തുള്ള വിദേശ സന്ദർശകർക്കുള്ള ടിക്കറ്റ് നിരക്ക് 22 യൂറോ (23 ഡോളർ) വരെ ഉയർത്തുമെന്ന് മാക്രോൺ പറഞ്ഞു. പൊതുജനങ്ങൾക്കും ജീവനക്കാർക്കും മ്യൂസിയം സുരക്ഷിതവും സൗകര്യപ്രദവുമാകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
2,200 ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ ലൂവറിൻ്റെ ബജറ്റിൻ്റെ പകുതിയും നിലവിൽ ഫ്രഞ്ച് ഭരണകൂടമാണ് ധനസഹായം നൽകുന്നത്.
ടിക്കറ്റ് വിൽപ്പന, റെസ്റ്റോറൻ്റുകൾ, ഷോപ്പുകൾ, പ്രത്യേക പരിപാടികൾക്കുള്ള ബുക്കിംഗ്, രക്ഷാധികാരികൾ, മറ്റ് പങ്കാളികൾ എന്നിവയിൽ നിന്നുള്ള വരുമാനം ഉൾപ്പെടെയുള്ള മറ്റ് പകുതി സ്വകാര്യ ഫണ്ടുകളാണ് നൽകുന്നത്.
ഈ മാസമാദ്യം സാംസ്കാരിക മന്ത്രി റാച്ചിദ ദാറ്റിക്ക് അയച്ച കുറിപ്പിൽ ലൂവ്രെ ഡയറക്ടർ ലോറൻസ് ഡെസ് കാർസ് തൻ്റെ ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പുനർനിർമ്മാണ പ്രഖ്യാപനം.
ഫ്രഞ്ച് പത്രമായ ലെ പാരിസിയൻ ആദ്യം പുറത്തിറക്കിയ രേഖ പ്രകാരം, വെള്ളം ചോർച്ച, താപനില വ്യതിയാനങ്ങൾ, മറ്റ് പ്രശ്നങ്ങൾ എന്നിവ കാരണം കെട്ടിടത്തിൻ്റെ ക്രമാനുഗതമായ തകർച്ചയെക്കുറിച്ച് അവർ മുന്നറിയിപ്പ് നൽകി, ഇത് പുരാവസ്തുക്കളുടെ സംരക്ഷണത്തെ അപകടത്തിലാക്കുമെന്നും സൂചിപ്പിച്ചു.
1989-ൽ അന്തരിച്ച പ്രസിഡൻ്റ് ഫ്രാൻസ്വാ മിത്തറാൻഡിൻ്റെ പദ്ധതിയുടെ ഭാഗമായി അനാച്ഛാദനം ചെയ്ത മ്യൂസിയത്തിൻ്റെ പ്രവേശന കവാടമായി പ്രവർത്തിക്കുന്ന പിരമിഡ് ഇപ്പോൾ കാലഹരണപ്പെട്ടതായി തോന്നുന്നു. തണുപ്പിൽ നിന്നും ചൂടിൽ നിന്നും വർധിച്ച ശബ്ദത്തിൽ നിന്നും ഇടം ശരിയായി സംരക്ഷിക്കപ്പെട്ടിട്ടില്ലെന്നും ഇത് പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഇടം അസൗകര്യമുണ്ടാക്കുന്നുവെന്നും ഡെസ് കാർസ് ഊന്നിപ്പറഞ്ഞു.
ഇതിന് പുറമെ ഭക്ഷണ, ടോയ്‌ലറ്റ് സൗകര്യങ്ങളുടെ അഭാവവും മ്യൂസിയത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.