വാഷിംഗ്ടൺ: സൊമാലിയയിലെ മുതിർന്ന ഇസ്‌ലാമിക് സ്‌റ്റേറ്റ് ആക്രമണ ആസൂത്രകനെയും സംഘടനയിലെ മറ്റുള്ളവരെയും ലക്ഷ്യമിട്ട് ശനിയാഴ്ച സൈനിക വ്യോമാക്രമണത്തിന് ഉത്തരവിട്ടതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.
“ഗുഹകളിൽ ഒളിച്ചിരിക്കുന്നതായി ഞങ്ങൾ കണ്ടെത്തിയ ഈ കൊലയാളികൾ അമേരിക്കയെയും ഞങ്ങളുടെ സഖ്യകക്ഷികളെയും ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വ്യോമാക്രമണം അവർ താമസിക്കുന്ന ഗുഹകൾ നശിപ്പിച്ചു, ഒരു തരത്തിലും സാധാരണക്കാർക്ക് ദോഷം വരുത്താതെ നിരവധി തീവ്രവാദികളെ കൊന്നു,” ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ പറഞ്ഞു.
ശനിയാഴ്ചത്തെ ആക്രമണം ഗോലിസ് പർവതനിരകളിലാണ് നടന്നതെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. പ്രാഥമിക വിലയിരുത്തലിൽ ഒന്നിലധികം പ്രവർത്തകർ കൊല്ലപ്പെട്ടതായും, സിവിലിയൻമാർക്കൊന്നും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയില്‍ സൊമാലിയൻ പ്രസിഡൻ്റിൻ്റെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ,
വ്യോമാക്രമണം സ്ഥിരീകരിക്കുകയും സൊമാലിയൻ സർക്കാർ ഈ നീക്കത്തെ സ്വാഗതം ചെയ്യുകയും ചെയ്തതായി മാധ്യമങ്ങളോട് പറഞ്ഞു.
സോമാലിയയെ തീവ്രവാദികളുടെ സങ്കേതമാക്കാന്‍ ഞങ്ങള്‍ അനുവദിക്കുകയില്ലെന്നും, ആക്രമണത്തിൻ്റെ ആഘാതം ഇപ്പോഴും വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
യുഎസിനും തങ്ങളുടെ സഖ്യകക്ഷികള്‍ക്കും നിരപരാധികളായ സിവിലിയന്മാർക്കും ഭീഷണിയാകുന്ന “ഭീകര ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടത്തുന്നതിനുമുള്ള” ഇസ്ലാമിക് സ്റ്റേറ്റിൻ്റെ കഴിവിനെ ഈ ആക്രമണങ്ങൾ അവസാനിപ്പിക്കുമെന്ന് ഹെഗ്‌സെത്ത് പറഞ്ഞു.
“പ്രസിഡൻ്റ് ട്രംപിൻ്റെ നേതൃത്വത്തിൽ ശക്തമായ അതിർത്തി സംരക്ഷണവും മറ്റ് നിരവധി പ്രവർത്തനങ്ങളും ഞങ്ങൾ നടത്തുമ്പോഴും, അമേരിക്കയെയും ഞങ്ങളുടെ സഖ്യകക്ഷികളെയും ഭീഷണിപ്പെടുത്തുന്ന തീവ്രവാദികളെ കണ്ടെത്താനും ഇല്ലാതാക്കാനും അമേരിക്ക എപ്പോഴും തയ്യാറാണെന്നതിൻ്റെ വ്യക്തമായ സൂചന നൽകുന്നു,” അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് ഭരണകൂടങ്ങൾക്ക് കീഴിൽ വർഷങ്ങളായി സൊമാലിയയിൽ അമേരിക്ക ഇടയ്ക്കിടെ വ്യോമാക്രമണം നടത്തിക്കൊണ്ടിരിക്കുന്നു.
കഴിഞ്ഞ വർഷം സൊമാലിയയുമായി ഏകോപിപ്പിച്ച് ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ ലക്ഷ്യമിട്ടുള്ള ഒരു ആക്രമണം യുഎസ് നടത്തിയിരുന്നു. സംഘത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടതായി യുഎസ് സൈന്യം അന്ന് സ്ഥിരീകരിച്ചിരുന്നു.