– സംരക്ഷണവേലിയുടെ നിർമാണം പൂർത്തീകരിച്ച് ഷാർജ മെലീഹ ദേശീയോദ്യാനം
– ചരിത്രവിശേഷങ്ങളിലേക്കും പ്രകൃതികാഴ്ചകളിലേക്കും സാഹസികാനുഭവങ്ങളിലേക്കും സ്വാഗതം ചെയ്ത് –“Come Closer” – ക്യാമ്പയിന് തുടക്കം
ഷാർജ: പ്രകൃതിവിഭവങ്ങളും മേഖലയുടെ ചരിത്രപൈതൃകവും സംരക്ഷിക്കാനും സുസ്ഥിരമാതൃകയിലൂന്നിയ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുമായി പ്രഖ്യാപിക്കപ്പെട്ട ‘മെലീഹ നാഷണൽ പാർക്ക്’ സജീവമാകുന്നു. ദേശീയോദ്യാനത്തിന്റെ 34.2 ചതുരശ്ര കിലോമീറ്റർ നീളുന്ന സംരക്ഷണവേലിയുടെ നിർമാണം പൂർത്തീകരിച്ച്, രാജ്യത്തിനകത്തും പുറത്തുമുള്ള കൂടുതൽ സഞ്ചാരികളെ സ്വാഗതം ചെയ്യാനായി “Come Closer” (കം ക്ലോസർ) ക്യാമ്പയിന് തുടക്കം കുറിച്ചു. 2 ലക്ഷം വർഷങ്ങൾ നീളുന്ന പ്രദേശത്തെ മനുഷ്യകുടിയേറ്റത്തിന്റ ചരിത്രപശ്ചാത്തലം അടുത്തറിയാനുള്ള അവസരമൊരുക്കുന്ന മെലീഹയുടെ വിശേഷങ്ങൾ രാജ്യത്തിനകത്തെന്ന പോലെ രാജ്യാന്തരതലത്തിൽ കൂടി പ്രചരിപ്പിക്കുന്നതിനായാണ് പുതിയ ക്യാമ്പയിൻ.

നൂറ്റാണ്ടുകൾ പഴക്കമുള്ള കച്ചവടപാതകളും സാംസ്കാരികവിനിമയങ്ങളും കൊട്ടാരങ്ങളുമെല്ലാം ഖനനം ചെയ്തു കണ്ടെത്തിയിട്ടുള്ള മെലീഹ, അപൂർവയിനം പക്ഷികളും സസ്യങ്ങളും കാണപ്പെടുന്ന ഇടംകൂടിയാണ്. പ്രദേശത്തിന്റെ ചരിത്രപൈതൃകവും സംരക്ഷിക്കാനും സുസ്ഥിരമാതൃകയിലൂന്നിയ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുമായി കഴിഞ്ഞ വർഷം മെയ് മാസമാണ് ഷാർജ ഭരണാധികാരി പ്രത്യേക ഉത്തരവിലൂടെ മെലീഹ നാഷണൽ പാർക്ക് പ്രഖ്യാപിച്ചത്. ഷാർജ നിക്ഷേപവികസന അതോറിറ്റിയുടെ (ഷുറൂഖ്) മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ദേശീയോദ്യാനത്തിന്റെ സംരക്ഷണവേലി ഷാർജ പബ്ലിക് വർക്ക് ഡിപാർട്മെന്റിന്റെ പങ്കാളിത്തത്തിലാണ് പൂർത്തീകരിച്ചത്.
“സംരക്ഷണശ്രമങ്ങളോടൊപ്പം തന്നെ നമ്മുടെ പൈതൃകവും പാരിസ്ഥിതികവൈവിധ്യങ്ങളും വിനോദസഞ്ചാരസാധ്യതകളും കൂടുതൽ അടുത്തറിയനുള്ള ക്ഷണമാണ് ‘Come Closer(അടുത്തു വരൂ)’ എന്ന പ്രചാരണം” – ക്യാമ്പയിനെക്കുറിച്ച് ഷുറൂഖ് CEO ഹിസ് എക്സലൻസി അഹ്മദ് ഒബൈദ് അൽ ഖസീർ പറഞ്ഞു. “ദേശീയപ്രാധാന്യമുള്ള ചരിത്രശേഷിപ്പുകൾ സംരക്ഷിക്കുന്നതിലും പ്രകൃതിവിഭവങ്ങൾ വരുംതലമുറകൾക്ക് വേണ്ടി സംരക്ഷിക്കുന്നതിലും ഷാർജ പുലർത്തുന്ന ജാഗ്രതയുടെ തുടർച്ചയാണ് മെലീഹ ദേശീയോദ്യാനത്തിന്റെ പ്രവർത്തനങ്ങൾ. ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സുസ്ഥിരകാഴ്ചപ്പാടുകളുടെ പിന്തുടർച്ചയും ഷുറൂഖ് ചെയർപേഴ്സൺ ഷെയ്ഖ ബുദൂറിന്റെ മാർഗനിർദേശങ്ങളുമാണ് ഈ നേട്ടങ്ങൾക്ക് വഴിയൊരുക്കുന്നത്. ചരിത്രവും സംസ്കാരവും പ്രകൃതിയും സാഹസികാനുഭവങ്ങളുമെല്ലാം ഒരുപോലെ സമ്മേളിക്കുന്ന ഒരിടമായിരിക്കും മെലീഹ ദേശീയോദ്യാനം. അത് അടുത്തറിയാൻ എല്ലാവരെയും ഈ ക്യാമ്പയിനിലൂടെ ക്ഷണിക്കുകയാണ് ” അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്രം, പ്രകൃതി, വാനനിരീക്ഷണം, സംസ്കാരം, സാഹസികത എന്നിങ്ങനെ അഞ്ച് വ്യത്യസ്ത തീമുകളിലായാണ് മെലീഹയുടെ പുതിയ ക്യാമ്പയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മേഖലയിലെ തന്നെ ഏറ്റവും പുരാതനമായ ചരിത്രസ്മാരകവും നരവംശശാസ്ത്രത്തിന്റെ 200 വർഷത്തോളം പിന്നിലേക്കുള്ള ശേഷിപ്പുകളും കണ്ടെത്തിയ മെലീഹ, യുനെസ്കോയുടെ ലോകപൈതൃകപട്ടികയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം വിശേഷങ്ങളിലൂടെയും കാഴ്ചകളിലൂടെയും സഞ്ചരിക്കുന്ന, ചരിത്രവും പൈതൃകവും അടിസ്ഥാനമാക്കിയുള്ള ആർക്കിയോമോഗ് , ജബൽ ബുഹൈസ് ട്രക്കിങ്, ആർക്കിയോളജിക്കൽ ടൂർ എന്നിങ്ങനെ ധാരാളം അനുഭവങ്ങൾ മെലീഹയിലുണ്ട്. ഇതിനെ ആസ്പദമാക്കിയാണ് ‘കം ക്ലോസർ ടു ഹിസ്റ്ററി’ എന്ന ആശയം രൂപപ്പെടുത്തിയിരിക്കുന്നത്. സമാനമായി, മികച്ച പരിശീലകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വാനനീരക്ഷണ സെഷനുകൾ പ്രചരിപ്പിക്കുന്ന ‘കം ക്ലോസർ ടു സ്റ്റാർസ്’, അപൂർവയിനം സസ്യങ്ങളെയും മരുഭൂജീവജാലങ്ങളെയും കുറിച്ച് പഠിക്കാനും കാണാനുമുള്ള അവസരങ്ങളെക്കുറിച്ച് പറയുന്ന ‘കം ക്ലോസർ ടു നാച്ചുർ’, തനത് അറബ് ആതിഥേയത്വവും പുരാതന സാംസ്കാരികവിനിമയങ്ങളും പരിചയപ്പെടുത്തുന്ന ‘കം ക്ലോസർ ടു കൾച്ചർ’, പാരാഗ്ലൈഡിങും മരുഭൂമിയിലെ 4×4 യാത്രകളും ബഗി യാത്രകളുമെല്ലാം സമ്മേളിക്കുന്ന മെലീഹയിലെ സാഹസികതയിലേക്ക് വിരൽചൂണ്ടുന്ന ‘കം ക്ലോസർ ടു അഡ്വഞ്ചർ’ എന്നിങ്ങനെ മറ്റ് തീമുകളും ക്യാമ്പയിന്റെ ഭാഗമാവുന്നു.
വന്യജീവികളെയും സസ്യജാലങ്ങളെയും പൂർണമായി സംരക്ഷിക്കാനുള്ള ‘കോർ കൺസർവേഷൻ സോൺ’, പ്രകൃതിക്ക് കോട്ടം തട്ടാത്ത വിധമുള്ള വിനോദസഞ്ചാരപ്രവൃത്തികളും താമസസൗകര്യങ്ങളുമുള്ള ‘ഇക്കോ ടൂറിസം സോൺ’, സംരക്ഷണത്തിന്റെയും സുസ്ഥിരമാതൃകകളുടെയും സമ്മേളനമായ ‘ഡ്യൂൺസ് സോൺ’ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മെലീഹ നാഷണൽ പാർക്ക് രൂപകൽപ്പന ചെയ്തിട്ടുള്ളത്. മെലീഹ ആർക്കിയോളജിക്കൽ സെന്റർ, മൂൺ റിട്രീറ്റ്, അൽ ഫായ റിട്രീറ്റ്, സ്കൈ അഡ്വഞ്ചേഴ്സ്, ഗ്ലാംപിങ് ഏരിയ, മെലീഹ ക്യാംപിങ് സൈറ്റ് എന്നിവയക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ മെലീഹ നാഷണൽ പാർക്കിന്റെ ഭാഗമായി തുടരും.