വടക്കാങ്ങര: ഷേമനിധി ഔദാര്യമല്ല അവകാശമാണ് എന്ന തലക്കെട്ടിൽ ടൈലറിംഗ് & ഗാർമെൻ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന തലത്തിൽ ഫെബ്രുവരി 01 -28 കാലയളവിൽ സംഘടിപ്പിച്ചിട്ടുള്ള മെംബർഷിപ്പ് ക്യാമ്പയിൻ്റെ മങ്കട മണ്ഡലം തല ഉദ്ഘാടനം ജില്ലാ ജനറൽ സെക്രട്ടറി സെയ്താലി വലമ്പൂർ വടക്കാനരയിൽ നിർവഹിച്ചു.
തയ്യൽ തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യവിതരണത്തിനുള്ള കാലതാമസം ഒഴിവാക്കുകയും, അംശാദായ വർദ്ധനവിനനുസൃതമായി ക്ഷേമപദ്ധതികൾ നടപ്പിലാക്കുകയും, ക്ഷേമബോർഡുകളിൽ അംഗീകൃതയൂണിയനുകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുകയും, തയ്യൽ തൊഴിലാളികളോടുള്ള സംസ്ഥാന സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ നിന്ന് സർക്കാർ പിൻമാറുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യൂണിയൻ ജില്ലാ സെക്രട്ടറി സമീറ വടക്കാങ്ങര അധ്യക്ഷതവഹിച്ചു. വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജാബിർ കരുവാട്ടിൽ, വടക്കാങ്ങര ആറാം വാർഡ് മെമ്പർ ഹബീബുള്ള പട്ടാക്കൽ, യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ഷീബ, യൂണിയൻ യൂണിറ്റ് പ്രസിഡന്റ് ജാസ്മിൻ പി സി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.