കോഴിക്കോട് : കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ 2025 ലെ ബജറ്റ് കേരളത്തെയും രാജ്യത്തെ യുവജനങ്ങളെയും ഒരു നിലയ്ക്കും പരിഗണിക്കാത്ത ജനവിരുദ്ധ ബജറ്റാണെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ആവശ്യമായ പരിഗണന നൽകേണ്ട ഒരു യൂണിയൻ സർക്കാരിന്റെ ഉത്തരവാദിത്തം മറന്ന മോഡിയും നിർമലസീതാരാമനും തങ്ങൾക്ക് ഭരണം ഉള്ള സംസ്ഥാനങ്ങളെ എല്ലാ അർത്ഥത്തിലും സഹായിക്കുകയും, കേരളം അടക്കമുള്ള ബിജെപി വിരുദ്ധ സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുകയാണെന്നും ,സമീപകാലത്തെ രാജ്യത്തെ വലിയ പ്രകൃതി ദുരന്തം ആയ വയനാട് ദുരന്തം സംസ്ഥാനം ആവശ്യപ്പെട്ട സാമ്പത്തിക പാക്കേജ് പോലും മോദിയും കൂട്ടരും അവഗണിച്ചത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെയും ജനങ്ങളെയും പുച്ഛിക്കുന്നതാണെന്നും നേതാക്കൾ പറഞ്ഞു. കേരളത്തിന് കഴിഞ്ഞ തവണ കിട്ടേണ്ടത് 73,000 കോടി രൂപയായിരുന്നു ,എന്നാൽ ലഭിച്ചത് 33,000 കോടി രൂപ മാത്രമായിരുന്നു . കാർഷികോത്പന്നങ്ങൾക്ക് ഉയർന്ന താങ്ങുവിലയില്ല. റബ്ബർ, നെല്ല്, നാളികേര കൃഷികൾക്ക് പരിഗണനയില്ല. അവക്കായി സമർപ്പിച്ച പദ്ധതികൾക്ക് അംഗീകാരമില്ല. റബ്ബർ ഇറക്കുമതി നിയന്ത്രിക്കില്ല. ഒ ബി സി, പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്കോ കർഷക- കർഷകത്തൊഴിലാളി മേഖലകൾക്കോ ന്യായമായി അവകാശപ്പെട്ടതൊന്നും ലഭിക്കുന്നില്ല. കാർഷിക-വ്യവസായ രംഗങ്ങൾക്കു വേണ്ട തോതിലുള്ള പരിഗണനകളില്ലെന്ന് മാത്രമല്ല, കാർഷിക മേഖലയിലെ നാനാതരം സബ്സിഡികൾ വെട്ടിക്കുറച്ചു. തൊഴിലുറപ്പ് പദ്ധതിക്ക് പോലും ആവശ്യമായ വിഹിതം ബജറ്റിൽ ഇല്ലെന്നത് അങ്ങേയറ്റം പ്രതിഷേധാർഹം ആണ് .
രാജ്യത്തിന്റെ ക്രയശേഷിയുടെ നെടും തൂണായ യുവജനങ്ങളെയും കർഷകരെയും തൊഴിലാളികളെയും വേണ്ട രീതിയിൽ പരിഗണിക്കാത്ത മോഡി സർക്കാർ, കോർപറേറ്റുകളെ സഹായിക്കാൻ ആണ് താല്പര്യം. ഈ ജനവിരുദ്ധതക്കെതിരെ പാർലമെന്റിൽ ഇടതുപക്ഷ അംഗങ്ങൾ ശക്തമായ ഇടപെടൽ നടത്തുമ്പോഴും കോൺഗ്രസ്സ് അടക്കമുള്ളവർ ബിജെപിയെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെടുന്നു എന്നത് നിരാശാജനകമാണ് . കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും സ്വന്തം സംസ്ഥാനത്തിന് ഒരു വികസനവും കൊണ്ടുവരാൻ കഴിയാത്തവരും നമ്മുടെ സംസ്ഥാനത്തിന് തന്നെ അപമാനമാണെന്നും നേതാക്കൾ പറഞ്ഞു.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഫാദിൽ അമീൻ അധ്യക്ഷത വഹിച്ചു . ജനറൽ സെക്രട്ടറി റഹീം ബെണ്ടിച്ചാൽ സ്വാഗതവും ട്രഷറർ കെ.വി.അമീർ നന്ദിയും പറഞ്ഞു. ഭാരവാഹികളായ നാസർ കൂരാറ, ജെയിൻ ജോസഫ്, റൈഹാൻ പറക്കാട്ട് , അഷ്‌റഫ് പുതുമ, അബ്ദുൽ സത്താർ തുടങ്ങിയവർ സംസാരിച്ചു.